Wednesday, January 18, 2012

നിങ്ങളിപ്പോള്‍ പരിധിക്കു പുറത്താണ് !!

നിങ്ങളിപ്പോള്‍ പരിധിക്കു പുറത്താണ്
മോബൈലില്‍നിന്നും ഉയര്‍ന്ന ശബ്ദം കേട്ട് ചുറ്റും
നോക്കിയപ്പോളറിഞ്ഞു പണ്ട് കണ്ടതും കേട്ടതും
അറിഞ്ഞതും നുണഞ്ഞതും
എല്ലാം പരിധിക്കു പുറത്താണ്

ചെറുപ്പത്തില്‍ കണ്ട സ്വപ്നങ്ങളും
നീന്തി തിമിര്‍ത്താടിയ കുളങ്ങളും
ഈണങ്ങളും നുണകളും പാട്ടുകളും
പാട്ടുകാരും രുചിയൂര്‍ന്ന കറികളും
എല്ലാമിപ്പോള്‍ പരിധിക്കു പുറത്താണ്

പഴയൊരു സഹപാഠിയെ നാളുകള്‍
ഏറെയായി പലവട്ടം വിളിക്കുന്നു
എന്നും പരിധിക്കു പുറത്താണ്
നാളുകള്‍ക്കൊടുവില്‍ ഒരുനാള്‍
ഒരു മറുമൊഴി സുഹൃത്തേ
നീ എപ്പോഴും പരിധിക്കു പുറത്താണല്ലോ

സുഹൃത്തും ഞാനും പരിധിക്കു പുറത്താണോ
എല്ലാമൊരുനാള്‍ പരിധിക്കു പുറത്താകും
ഞാനും നിങ്ങളും ഭൂമിയും ഈ പ്രപഞ്ചവും...