Saturday, March 3, 2012

ദേവിയുടെ മംഗലം കുഞ്ഞുങ്ങള്‍


മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉയരുന്നതിന് തലേദിവസമാണ് മംഗലം കുഞ്ഞുങ്ങളെയും തോളിലേറ്റി കഠിന നോയന്പെടുത്ത വാല്യക്കാര്‍ ആചാരക്കാരുടേയും കോമരത്തിന്റെയും സാന്നിധ്യത്തില്‍ ക്ഷേത്രത്തിനു വലം വെക്കുന്നത്. 'പന്തല്‍ കല്യാണം' ആയി അറിയപ്പെടുന്നു.



മുച്ചിലോട്ട് ഭഗവതിയെപ്പോലെ ലാവണ്യമുള്ള തെയ്യം വേറെയില്ല. ഭഗവതിയുടെ മുഖമെഴുത്തിന് കുറ്റിശംഖും പ്രാക്കും എന്നാണ് പറയുന്നത്. സ്വാത്വിക ആയതിനാൽ ചടുലമായ ചലനവും വാക്കും ഈ തെയ്യത്തിനില്ല. സർവാലങ്കാര ഭൂഷിതയായി, സുന്ദരിയായി നവവധു പൊലെയാണ് ഈ തെയ്യം. നിത്യ കന്യകയായ ദേവിയുടെ താലികെട്ടാണ് പെരുങ്കളിയാട്ടം. 12 വർഷം കൂടുമ്പോഴാണ് പെരുംകളിയാട്ടം നടത്തുന്നത്. അറിവുകൊണ്ട് വിജയം നേടിയപ്പോൾ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കൽപ്പിച്ചതിനാൽ, അപമാനഭാരത്താൽ അഗ്നിയിൽ ജീവൻ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രാഹ്മണ കന്യകയാണ് മുച്ചിലോട്ടു ഭഗവതി.



ഐതീഹ്യമായി പറഞ്ഞു വരുന്നത് ഇപ്രകാരമാണ്,
മുച്ചിലോട്ടു ഭഗവതിയെക്കുറിച്ച് ഏറ്റവും പ്രചാരത്തിലുള്ള ഐതിഹ്യം ഭഗവതി തളിപ്പറമ്പിലെ രയരമംഗലം ഇല്ലത്തു പിറന്ന ഒരു പെണ്‍കുട്ടിയായിരുന്നു എന്നാണ്. കന്യകയെ അവളുടെ അച്ഛന്‍ മണിയാട്ട് മഠത്തിലേക്ക് പഠിക്കാനയച്ചു. അവള്‍ (ദേവയാനിയെന്നും ഉച്ചിലിയെന്നും ദേശഭേദങ്ങള്‍ അനുസരിച്ച് പെണ്‍കുട്ടിക്ക് പേരുണ്ട്) വേദശാസ്ത്രാദികളില്‍ പന്ത്രണ്ടു വയസ്സിനു മുമ്പെ അഗാധമായ പാണ്ഡിത്യം നേടി. വിദുഷികളായ പെണ്‍കുട്ടികള്‍ വളര്‍ന്നാല്‍ അപകടമാണെന്ന് ബ്രാഹ്മണപുരുഷന്മാര്‍ കരുതിയിരിക്കണം. അതു കൊണ്ടായിരിക്കാം അവളെക്കുറിച്ച് ഒരു കഥ പരന്നു തുടങ്ങിയത്.

പെരിഞ്ചെല്ലൂര്‍ (ഇപ്പോഴത്തെ തളിപ്പറമ്പ് ) ഗ്രാമത്തിലെ ഒരു ബ്രാഹ്മണകന്യക എഴുത്തു പള്ളിക്കൂടത്തിൽ വച്ച് നടന്ന വാദപ്രതിവാദത്തിൽ പ്രഗല്ഭരെ തോൽപ്പിച്ചു. രസങ്ങളിൽ വെച്ച് കാമരസവും, വേദനകളിൽ പ്രസവവേദനയുമാണ് അനുഭവങ്ങളിൽ മികച്ചതെന്നു സമർത്ഥിച്ചു. ഒരു കന്യകയുടെ ഇത്തരം അറിവിൽ സംശയിച്ചവർ അവൾ‍ക്കെതിരെ അപവാദപ്രചരണം നടത്തി ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കി. അപമാനിതയായ ആ കന്യക വടക്കോട്ട് നടന്ന് കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും, ദയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം അറിയിച്ച് മനമുരികി പ്രാർത്ഥിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വയം അഗ്നികുണ്ട്മൊരുക്കി ആത്മത്യാഗം ചെയ്യാൻ തീരുമാനിച്ചു. എണ്ണയുമായി ആ വഴി പോയ മുച്ചിലോടനോട് (വാണിയ സമുദായത്തിൽ പെട്ടയാൾ) തീയിലേക്ക് എണ്ണ ഒഴിക്കുവാൻ ആവശ്യപ്പെട്ടു. ആവളുടെ വാക്കുകൾ കേട്ട് അമ്പരന്ന മുച്ചിലോടൻ എണ്ണ മുഴുവൻ തീയിലേക്കൊഴിച്ചു. അങ്ങനെ അഗ്നിപ്രവേശം ചെയ്ത് ആ സതീരത്നം തന്റെ ആത്മപരിശുദ്ധി തെളിയിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടിൽ വന്ന മുച്ചിലോടൻ കണ്ടത് പാത്രം നിറയെ എണ്ണ നിറഞ്ഞതായാണ്. ആത്മാഹുതി ചെയ്ത കന്യക കരിവെള്ളൂരപ്പന്റെയും, ദയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താൽ ഭഗവതിയായി മാറിയെന്നും മുച്ചിലോടന് മനസ്സിലാവുകയും തന്റെ കുലപരദേവയായി കണ്ട് ആരാധിക്കുവാൻ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് ബ്രഹ്മണകന്യക മുച്ചിലോട്ടു ഭഗവതിയായി മാറിയത്. വിവിധ സ്ഥലങ്ങളിൽ മുച്ചിലോട്ടു ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാവുകയും, തന്റെ ശക്തി തെളിയിക്കുകയും ചെയ്യുകയുണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു.


ദേവി ഭൂമിയില്‍ എത്തുന്നത് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലാണ്. അവിടെ നിന്നു പ്രതാപിയായ മുച്ചിലോട്ടു പടനായന്മാരുടെ വയല്‍പ്പാടങ്ങളിലൂടെ നടക്കുമ്പോള്‍ ദേവിക്ക്് ദാഹം തോന്നി. വെള്ളം കുടിക്കുവാന്‍ ഭഗവതി പടനായരുടെ മണിക്കിണറില്‍ ഇറങ്ങിയ സമയത്താണ് വെള്ളം കോരുവാന്‍ പടനായരുടെ പത്‌നി അവിടെ എത്തുന്നത്. കിണറ്റില്‍ ദേവിയുടെ 'അരുണരുചി തളതള തിളങ്ങുമത്യദ്ഭുതം ആനന്ദവിഗ്രഹം' കണ്ട അവര്‍ ഓടിച്ചെന്നു പടനായരോട് വിവരം അറിയിച്ചു. പടനായര്‍ ഭഗവതിയോടു ചോദിച്ചു. 'ഏതു ഭഗവതിയാണ്?' 'ആദ്യം നീ ആരാണെന്നു പറയുക' -ഭഗവതിയുടെ മറുപടി. 'അടിയന്‍ മുച്ചിലോടന്‍ പടനായര്‍. ഭവതിയുടെ ഭക്തന്‍' കാരണവര്‍ പറഞ്ഞു. 'എന്നാല്‍ ഞാന്‍ മുച്ചിലോട്ട് ദേവി'.

ദൈവവത്കരിച്ചതോടെ മനുഷ്യസ്ത്രീയായി ജീവിച്ചിരിക്കുമ്പോള്‍ ബ്രാഹ്മണ കന്യകയുടെ ലൈംഗികബോധം പുരുഷന്മാരില്‍ ഉളവാക്കിയിരുന്ന അരക്ഷിതത്വം അവസാനിക്കുന്നു.