Monday, September 3, 2012

ചാപ്ലിന്‍ ചിരി ... ഗോള്‍ഡ്‌ റഷ്

പുതുമയുള്ളതും ആസ്വാദ്യകരവുമായ എന്തെങ്കിലും ഒന്നു കാണാന്‍ കഴിയുമെന്ന് കരുതിയാണ് ടിവിക്ക് മുന്നില്‍ ഇരുന്നത്. സാധാരണയായി കണ്ടുകൊണ്ടിരിക്കുന്ന ചാനലുകളില്‍ ഇഷ്ടപ്പെട്ടതോന്നുമില്ല തുടര്‍ന്നു ചാനലുകളോരോന്നായി മാറ്റിക്കൊണ്ടിരുന്നു ഒന്നില്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്, ചാര്‍ലിചാപ്ളിന്‍റെതായിരുന്നു. പ്രതീക്ഷിക്കാതെ കൈവന്ന ഭാഗ്യം! എന്ന് പറയാറില്ലേ, അതുതന്നെ. എനിക്കിഷ്ടവുമാണ്. "ഗോള്‍ഡ്‌ റഷ്" ആയിരുന്നു. പണ്ടെന്നൊ കണ്ടുമറന്നതുപോലെ.

പഴയകാലം ഓര്‍മ്മയില്‍ തെളിഞ്ഞുവന്നു. അന്നു സ്കൂളില്‍ പഠിക്കുന്ന സമയം വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം പ്രൊജെക്ടെര്‍ ഉപയോഗിച്ച് ചെറുസ്ക്രീനില്‍ സ്കൂളില്‍ സിനിമ കാണിക്കുമായിരുന്നു. ഒരു മാസം മുന്‍പേ തന്നെ ക്ലാസ്സ്‌ ടീച്ചര്‍ എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ പറയുമായിരുന്നു. അടുത്ത മാസം ഇത്രാം തീയതി സ്കൂളില്‍ സിനിമയുണ്ട്, അതിനായി അമ്പതുപൈസാ എല്ലാവരും വീട്ടില്‍നിന്നും കൊണ്ടുവരണം. വീട്ടില്‍ നിന്നും പൈസ കിട്ടുവാനാനെങ്കില്‍ നൂറു ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരും ഒടുവില്‍ മനസ്സില്ലാ മനസ്സോടെ ആയിരിക്കും തരിക. അതുകഴിഞ്ഞാല്‍ സിനിമക്കു വേണ്ടിയുള്ള കാത്തിരിപ്പാണ്. സിനിമയുടെ പെരിനോന്നും പ്രസക്തിയില്ല. കുട്ടികളെ ചിരിപ്പിക്കാന്‍ നല്ലത് ഇതായിരിക്കും എന്നു കരുതിക്കാണും സാറന്മാര്‍.

ദരിദ്രന്‍റെ കാഴ്ചക്കോണിലൂടെ ജീവിതസാഹചര്യങ്ങളെ ചിത്രീകരിക്കാനായിരുന്നു ചാപ്ലിന് എന്നും താല്‍പ്പര്യം. ദാരിദ്ര്യമാണ് ചാപ്ലിനെ അഭിനയരംഗത്തേക്ക്‌ എത്തിച്ചത് തന്നെ അതുകൊണ്ട് ദാരിദ്ര്യത്തിന്‍റെ വിഷമസന്ധികളും ചിരിയുടെ പൊട്ടിത്തെറിയുടെയിടയിലും ചാപ്ലിന്‍ ചിത്രങ്ങളിലൊക്കെ തലനീട്ടുന്നത് കാണാം.

ഏകാന്തനായി മലമുകളിലേക്കു നടന്നു കയറുന്ന ഭാഗ്യാന്വേഷിയുടെ വേഷത്തിലാണ് ചാപ്ലിനെ കണ്ടുമുട്ടുന്നത്. ഒരു കരടിയില്‍നിന്നും രക്ഷപെട്ടു ബ്ലാക്ക്‌ ലാര്‍ടെര്‍ എന്ന കുറ്റവാളിയുടെ കൂടാരത്തില്‍ എത്തിച്ചേരുന്നു. അവിടെ തടിയനായ ഒരുവന്‍ എത്തിച്ചേരുന്നു ജിം. പിന്നീട് ഭക്ഷണാന്വേഷണത്തിന് ഉള്ള തയ്യാറെടുപ്പാണ്. മൂന്നുപേരും നറുക്കെടുപ്പ് തീരുമാനിക്കുന്നു. ബ്ലാക്ക്‌ ലാര്‍ടെര്‍ക്കാണ് കുറിവീണത്‌. ഭക്ഷണം തേടിയിറങ്ങിയ അയാള്‍ക്ക്‌ രണ്ടു നിയമ പാലകരുമായി ഏറ്റുമുട്ടേണ്ടിവന്നു. ജിമ്മും ചാപ്ലിനും ഏറെനേരം കാത്തിരുന്നു ബ്ലാക്ക്‌ തിരിച്ചുവരില്ലെന്ന് ഉറപ്പിച്ചു. ഒടുവില്‍ ചാപ്ലിന്‍ തന്‍റെ ബൂട്ടുതന്നെ പുഴുങ്ങി ഭക്ഷിക്കാന്‍ തീരുമാനിച്ചു. അവിടെയും " കയൂക്കുള്ളവന്‍ തന്നെ കാര്യക്കാരന്‍ ". ബൂട്ടിന്‍റെ "മാംസളമായ" ഭാഗം മുഴുവന്‍ തടിയനും ശക്തനുമായ ജിം ചാപ്ലിനില്‍ നിന്നും പിടിച്ചു വാങ്ങുന്നു. ആണികളും, സോളും, ലേസും വിശിഷ്ട ഭക്ഷണമായി കണ്ടു ആസ്വദിച്ചു കഴിക്കുന്ന ചാപ്ലിന്‍.

ചിന്താ ശൂന്യനായ ആളുകളില്‍ മാത്രമേ ചിരിയുടെ മധുരം നിറയൂ. വിവേകശാലികള്‍ക്ക് ആ രംഗം കണ്ണീരിന്‍റെ പുളിപ്പാണ് നിറയ്ക്കുക. അബലനായ ചാപ്ലിന് ബലവാനായ ജിമ്മിന്‍റെ ആര്‍ത്തിപൂണ്ടുള്ള തീറ്റി ഒരുതരം ഭയത്തോടെ നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളു. നിരവധി സംഭവവികാസങ്ങള്‍ക്ക് ശേഷം ജിമ്മും ചാപ്ലിനും ധനികരായിത്തീരുന്ന ശുഭാന്തത്തിലാണ് കഥ അവസാനിക്കുന്നത്‌.

ചാപ്ലിന്‍ ചിത്രങ്ങള്‍ ചിന്തയുടെ അകത്തളത്തിലേക്കു പ്രവേശിക്കാതെ ചിരിയുടെ പുറത്തളങ്ങളിലാണ് പ്രതിഷ്ടിക്കപ്പെടുന്നതും ആസ്വദിക്കുന്നതും. അതുകൊണ്ടാവും ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ ഇടംപിടിക്കാതിരുന്നതും. അറിയില്ല. ചിരി എന്നതു അന്യന്‍റെ വേദനയാണ്. സ്വന്തം വേദനകളെ മറച്ചുകൊണ്ട്‌ സ്വയം ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്യാന്‍ ഒരു പക്ഷെ ചാപ്ലിന് മാത്രമേ സാധിക്കൂ. വെറും തട്ടിതടയലുകളും, ഉരുണ്ടുവീഴലും അമളികളുനര്‍ത്തുന്ന ചിന്താശൂന്യമായ ചിരിമാത്രമാണെങ്കില്‍ കാലദേശാതിവര്‍ത്തികലായി നിലനില്‍ക്കില്ലായിരുന്നു.

'ദാരിദ്ര്യത്തിന്‍റെ തത്ത്വശാസ്ത്രത്തിനു കാറല്‍മാര്‍ക്സ് തത്ത്വശാസ്ത്രത്തിന്‍റെ ദാരിദ്ര്യത്തിലൂടെ മറുപടി പറഞ്ഞെങ്കില്‍, ദാരിദ്ര്യത്തിന്‍റെയും വിശപ്പിന്‍റെയും തത്ത്വശാസ്ത്രത്തെ ലളിതമായും അതിതീവ്രമായും അവതരിപ്പിക്കുകയാണ് ചാപ്ലിന്‍ ചെയ്തത് എന്ന് എനിക്കു തോന്നുന്നു. വെറും തോന്നലുകലായിരിക്കാം'.

Sunday, August 26, 2012

ഓണം ഓര്‍മ്മകളിലൂടെ...

എല്ലാവര്‍ക്കും സമ്പല്‍ സമൃദ്ധമായ... ഐശ്വര്യ പൂര്‍ണ്ണമായ.... ഓണാശംസകള്‍ നേരുന്നു ....


ഇന്ന് അത്തം പത്താം നാള്‍ തിരുവോണം
എല്ലാവര്ക്കും ഓണനാളുകളില്‍ പല പല അനുഭവങ്ങള്‍ ഉണ്ടായിരിക്കുമല്ലോ ...
ആ.. എന്റെ കുട്ടിക്കാലത്തെ എപ്പോഴും ഓര്‍ത്തു കൊണ്ടിരിക്കുന്ന പ്രത്യേകിച്ച് ഓണനാളുകളില്‍ ഉണ്ടായിരുന്ന ലീലാവിലാസങ്ങള്‍ ... പറയാലോ ..

തിരുവോണത്തിന് രണ്ടു മൂന്നു മാസം മുന്‍പായിരുന്നു എന്റെ ഗ്രാമത്തില്‍ നമ്മള്‍ തലതെറിച്ച യുവാക്കള്‍ ഏകദേശം ഒരേ പ്രായക്കാര്‍ ഒരു ക്ലബ്‌ രൂപീകരിക്കാനുള്ള പ്ലാന്‍ ആരുടെയോ തലമണ്ടയില്‍ ഉദിച്ചതും അപ്പോള്‍ തന്നെത്തീരുമാനിക്കുകയും ചെയ്തു, എന്തായാലും ഓണത്തിന് തന്നെ ഉദ്ഘാടനം ചെയ്തിട്ട് തന്നെ കാര്യം … ഒരു ഭീഷ്മ ശപഥം പോലെ .

ഒരാഴ്ച ഈ തിരക്കുതന്നെ ഓടലും ചാടലും ഒന്നും പറയേണ്ട എല്ലാവര്ക്കും ഭയങ്കര ഉഷാറ് തന്നെ .. ആഗ്രഹം മാത്രം പോരല്ലോ കാശും വേണ്ടേ പഠിക്കുന്ന നമ്മുടെ എവിടെയാ കാശ് ചില്ലറ കാശൊന്നും പോരല്ലോ, മൂന്നാല് സംഘങ്ങളായി നാട്ടുകാരെ വെറുപ്പിക്കുന്ന തരത്തില്‍ പിരിവും തുടങ്ങി ചുറ്റുവട്ടമുള്ള സകല സ്ഥലങ്ങളും.

അങ്ങിനെ ഒരു വീട്ടില്‍ ചെന്നപ്പോള്‍ ഒരു വീട്ടില്‍ ഗൃഹനാഥന്‍ ചായ കഴിച്ചു കൊണ്ടിരിക്കയായിരുന്നു, നല്ല സമയത്താ ചേട്ടാ നമ്മള്‍ വന്നത് ഇത് കേട്ടപ്പോള്‍ ഗൃഹനാഥനും ഭയങ്കര സന്തോഷം, ചുമ്മാ പറഞ്ഞതായിരുന്നു കളി കാര്യമായി ആ ഇത്രയും ആയില്ലേ ഒരു നല്ല കോളും കിട്ടുയിരിക്കും എന്ന് കരുതി. അപ്പോള്‍ ഒരുവന്‍ മെല്ലെ പറയുകയാ അഞ്ഞൂറ് കിട്ടും ഉറപ്പാ, ഇത് അയാള്‍ കേട്ടെന്നു തോന്നുന്നു അയാള്‍ പതിയെ ചിരിക്കുന്നുണ്ടായിരുന്നു,

ചായകുടി കഴിഞ്ഞു, ചേട്ടാ അഞ്ഞുരു മുറിക്കട്ടെ എല്ലാവരുടെയും മുഖത്ത് അന്ന് വരെ ഇല്ലാത്ത സന്തോഷം... അല്ല നിങ്ങളെല്ലാം ചായ കുടിച്ചില്ലെ ഇനിയും കാശും വേണോ ... എന്ന് പറഞ്ഞു അയാള്‍ വീട്ടിനകത്തേക്ക്‌ കയറിപ്പോയി …. ഇടി തട്ടിയപോലെ എല്ലാവരും, കുറച്ചു സമയം നിശബ്ദം.
നമ്മുടെ കൂട്ടത്തില്‍ എപ്പോഴും ചിലച്ചു കൊണ്ടിരിക്കുന്ന ബാലു പോലും മിണ്ടാട്ടം ഇല്ലാതെ ആയിപ്പോയി ... പിന്നെ കൂടുതല്‍ ഉച്ചത്തില്‍ നാട്ടിലേക്കു വരട്ടെ കാണിച്ചു കൊടുക്കാം … അവന്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു … നമ്മളെ സമാധാനിപ്പിക്കാന്‍ വേണ്ടി ആയിരിക്കും ചിലപ്പോള്‍ ..

ഇതിനിടെ പ്രധാന ഒരുകാര്യം മറന്നു പോയി കേട്ടോ …
ആരെയാ ഉത്ഘാടനത്തിനു വിളിക്കേണ്ടത് എന്ന് ആലോചിച്ചു നിന്നപ്പോളായിരുന്നു നാട്ടുകാരന്‍ പയ്യന്റെ കാര്യം ഓര്‍മ്മവന്നത്‌ … വേറെ ആരും അല്ലാ വിനീത്കുമാറിനെ, അന്നവന്‍ മാസ്റ്റര്‍ ആണല്ലോ ഡിമാണ്ട് ഒന്നും കാട്ടില്ലെന്നു കരുതി, അതുപോലെ സംഭവിക്കുകയും ചെയ്തു.

ഒരു സിനിമയില്‍ അഭിനയിച്ചു തിളങ്ങി നില്‍ക്കുന്ന ഒരു താരം ഒരു വടക്കന്‍ വീരഗാഥയില്‍ അഭിനയിച്ച വിനീത് അന്ന് അവന്‍ പത്താം ക്ലാസിലാണെന്ന് തോന്നുന്നു. നമ്മുടെ നാട്ടുകാരനും കൂടി ആയിരുന്നു ... അവന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവനും അവന്റെ അച്ഛനും പരിപൂര്‍ണ സമ്മതം, അച്ചന് ഒരു സ്റ്റുഡിയോ ഉണ്ട്, ഓണത്തിനെ അന്ന് തന്നെ ഉറപ്പിച്ചു പരിപാടി.

എന്തായാലും ഓണത്തിന് മുന്‍പ് തന്നെ കെട്ടിടത്തിന്റെ പണി കഴിഞ്ഞു, വളരെ വലുതൊന്നുമല്ല കേട്ടോ.. അങ്ങിനെ ഓണം വന്നെത്തി…
അന്നത്തെ ഓണത്തിന് പകല്‍ കുട്ടികളുടെ പാട്ടുകളും പൂക്കള മത്സരവും ചെറുപ്പക്കാര്‍ക്ക് കുടംപൊട്ടിക്കലും ചെച്ചിമാര്‍ക്ക് അവരെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന കായികമത്സരങ്ങളും (നാരങ്ങ സ്പൂണിന്നു മുകളില്‍ വച്ച് നടക്കുന്ന, കുളം .. കര ) ഇതൊക്കെ നടന്‍ കളികാലാ നിങ്ങള്ക്ക് അറിയുമായിരിക്കും, ഗംഭീര ഓണസദ്യയും, നമ്മള്‍ പ്രതീക്ഷിക്കാത്ത പൈസ കിട്ടിയിരുന്നു പിരിവും. അങ്ങനെ ഉള്ളതായിരുന്നു.

വൈകുന്നേരം ആകുമ്പോള്‍ വിനീതും സംഘങ്ങളും എത്തി, ക്ലബ്‌ ഉത്ഘാടനം ഗണേഷ്‌ കുമാറായിരുന്നു അറിയുമോ നാട്ടില്‍ കുഞ്ഞിമങ്ങലത്ത് ആണ് വായകൊണ്ട് വരയ്ക്കുന്ന, കുഞ്ഞിമംഗലംഗണേഷ്കുമാര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്,
രാത്രി ഒരുമണിയോടെ വിനീതിന്റെ ഡാന്‍സ് പ്രോഗ്രാമും കഴിഞ്ഞു… അന്നത്തെ ആ തിരക്കെല്ലാം അതോടെ അവസാനിച്ചു … പിന്നെയും നമുക്ക് പണി തന്നെ സ്റ്റേജ് അഴിക്കുക അതൊക്കെ ഊഹിക്കാന്‍ നിങ്ങള്‍ക്ക് വിട്ടു തന്നിരിക്കുന്നു ..

ഇതിനിടെ ലീവിന് നാട്ടില്‍ ചെന്നപ്പോള്‍ അവിചാരിതമായി വിനീതിനെ കണ്ടപ്പോള്‍ പഴയ ഈ സംഭവം ചോദിച്ചു ഞാന്‍ കരുതി മറന്നു കാണും എന്നും, തിരക്കുള്ള അവന്റെ ജീവിതത്തിനിടെ ഇതിനൊക്കെ എവിടെയാ സമയം, ആദ്യത്തെ പ്രോഗ്രാം ആയതിനാല്‍ മറന്നില്ലയിരുന്നു .. കുറച്ചു ആലോചിച്ച ശേഷം പെട്ടെന്ന് ചിരിച്ചു കൊണ്ട് ഓ ഓ.. മറക്കാന്‍ പറ്റുമോ …
ഇപ്പോഴും സുഹൃത്തുക്കളെ കണ്ടാലൊരു വിഷയം ഇതു തന്നെ... ആ ഓരോ ലീലാവിലാസങ്ങള്‍ ....

അന്നൊക്കെ ഇലകൊണ്ടുണ്ടാക്കിയ കൂട്ടയും എടുത്തു കൊണ്ട് പൂ പറികാനുള്ള ഓട്ടവും ഭഹലങ്ങളും ആയിരുന്നു, ഇന്ന് എവിടെയാ സമയം പ്ലാസ്റ്റിക്‌ സഞ്ചിയും കൊണ്ട് ടൌണില്‍ ചെല്ലുകയല്ലേ വേണ്ടു പല തരത്തിലുള്ള പൂക്കള്‍ കിട്ടുമല്ലോ,
അതിനു കുട്ടികള്‍ക്ക് എവിടെയാ നേരം വീഡിയോ ഗെയിംസും ക്രികറ്റും വിട്ടു ഓണത്തിന് പൂ പറിക്കാന്‍ പിള്ളേരോട് പറയുകയേ വേണ്ടു നല്ല തെറിവിളി കേള്‍ക്കാന്‍ ധൈര്യമുണ്ടെങ്കില്‍ അങ്ങോട്ട്‌ ചെന്നാമതി ..

ഇപ്പോള്‍ തന്നെ നാട്ടിലെ പല പൂക്കളുടെ പേരുകളും അവര്‍ക്ക് അറിയില്ല , നമ്മുടെ നാട്ടില്‍ വിളിക്കുന്ന ഒരു പൂവിന്റെ പേരാണു ‘ഹനുമാന്കിരീടം’ ഈ പൂവിനെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ ഒരു ചെറിയ പയ്യന്‍ പറയുകയാ അയാള്‍ എവിടെയാ ഉള്ളത് കിരീടം ചോദിയ്ക്കാന്‍ എന്ന്… ഇതാണ് കാലം.

അവനെ പറഞ്ഞിട്ട് കാര്യമില്ല പൂ വേണെങ്കില്‍ വല്ലവരുടെയും വെലികയറി ചാടണം, അപ്പോഴെങ്ങാനും പട്ടി കയറിപ്പിടിച്ചു "ഉമ്മ" വച്ചാല്‍ അതും ആയി പൊല്ലാപ്പ് ..
അല്ലാതെ നാട്ടിലെവിടെയ പൂവുള്ളത് ,

ഈ കണക്കിന് പോയാല്‍ പല തരത്തിലുള്ള കടലാസ് പൂക്കള്‍ കടയില്‍നിന്ന് വാങ്ങിച്ചു തിരുവോണപൂക്കളം ഒരുക്കുന്ന കാലം വിദൂരമല്ല …

NB: ഉത്ഘാടനതിന്റെ വരവ് ചെലവ് കണക്കുകള്‍ എപ്പോഴാണാവോ അവതരിപ്പിച്ചത് … അത് മാത്രം ഓര്മ കിട്ടുന്നില്ലല്ലോ ...

Wednesday, May 30, 2012

ഒടുക്കത്തെ " ഡിസ്ക്കഷന്‍ "

സാര്‍...  സാറിന്‍റെ " മൂടിപ്പുതച്ചു കിടന്നപ്പോള്‍ " എല്ലാ ദിവസവും ഞാന്‍ കാണാറുണ്ട്‌. എനിക്കു ഭയങ്കര ഇഷ്ടമാ .. അതിലെ ഡാലിയാ എന്‍റെ സ്വന്തം ചേച്ചിയെ പോലെയാ .... എനിക്കും അതുപോലെ ചെയ്യാന്‍ പറ്റുമോ...  സാര്‍ !!

ആണോ ...   എന്തു ചെയ്യുന്നു ഇപ്പോള്‍ ? 
സാര്‍, അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്, ഡ്രീംസ് എന്നാണു പേര്.
(കുറച്ചു ഗൗരവത്തില്‍) എന്തു വേണം, എന്‍റെ അടുത്ത മൂന്നുനാല് പ്രോജക്ടുകള്‍ എല്ലാം ഡിസൈഡായി, ഇനി എന്തു ചെയ്യാം !!!

സാര്‍...   സാറെനിക്ക് ഡാന്‍സ് ചെയ്യാനറിയാം, ഭരതനാട്യവും കുച്ചുപ്പുടിയും പത്തുവര്‍ഷം പഠിച്ചിട്ടുണ്ട് സാര്‍..  പ്ലീസ് സാര്‍ ...
ങാ..  ഇപ്പോഴാ ഓര്‍മ്മവന്നത്‌ ഒരു സീരിയലില്‍ ഒരു ഗസ്റ്റ്‌റോളില്‍ ഒരാളെവേണം , കോളേജ് കുമാരിയായി ...  
ആട്ടെ ... ഡ്രീംസ് എവിടെയാ താമസിക്കുന്നത് ?
എന്‍റെ കസിന്‍റെ വീട്ടിലാ, എന്‍റെ സ്വന്തം നാട് കുറച്ചു ദൂരെയാണ് ...
കുറച്ചാശ്വാസത്തോടെ,  ഞാനിപ്പോള്‍ ഭയങ്കര തിരക്കിലാണ്, എന്തായാലും നിങ്ങളുടെ ഫുള്‍സൈസ് ഫോട്ടോ ഇമെയില്‍  ചെയ്യൂ .. അതിനു ശേഷം നിങ്ങളെ അറിയിക്കാം...

പിറ്റേദിവസം മൊബൈലില്‍ ഒരു മെസ്സേജ്.
ഹലോ ...  ഡ്രീംസ് ... കുഴപ്പമില്ല, എന്നാലും ആ റോള് കൈകാര്യം ചെയ്യാന്‍ നിനക്ക് പറ്റുമെന്ന് എനിക്കു തോന്നുന്നു. എന്തായാലും നീ വൈകുന്നേരം ഓഫീസിലോട്ട് വരൂ...   അഡ്രസ്സ് ഇതാണ് ...  പടം കണ്ടാല്‍ മാത്രം പോരല്ലോ ...  ഒരു  നടത്താനുണ്ട് . മറക്കല്ലേ ... സ്വീറ്റീ .... നീയായിരിക്കും അടുത്ത മയന്‍താരാ .... 

ആ മെസ്സെജിനുശേഷം വേറൊന്ന്, നേരില്‍ കാണണം ... തനിച്ചായാല്‍ വളരെ നല്ലത് .... ഈവനിങ്ങ് ഫ്ലൈറ്റില്‍ എനിക്കു പറക്കാനുള്ളതാണ്...
അവള്‍ സൗന്ദര്യം കൂട്ടുവാനുള്ള എല്ലാത്തരം സുഗന്ധദ്രവ്യവും എടുത്തു പൂശി. ഒരുസുന്ദരിയായി ഡിസ്കഷനെ നേരിടാന്‍ പുറപ്പെട്ടു.
അതു അവളുടെ ഒടുക്കത്തെ ഡിസ്കഷനായിരുന്നു. പിന്നീട് തിരിച്ചു വീട്ടിലെത്തിയില്ല.
ഇപ്പോള്‍ അവള്‍ അഭിനയിക്കുന്ന സീരിയല്‍ സ്വര്‍ഗ്ഗത്തിലോ, നരകത്തിലോ..  അതോ കണക്കപ്പിള്ളയായ ചിത്രഗുപ്തനും കൂട്ടരും തങ്ങളുടെ പ്ലാസ്മാ ടെലിവിഷനില്‍ അവളുടെ മാദകനടനവും, അഭിനയവും കണ്ടാസ്വദിക്കുന്നുണ്ടാവുമോ ...

ഒരു ചാന്‍സിനു വേണ്ടി എന്തും ചെയ്യാനുള്ള പ്രവണത ഇപ്പോഴത്തെ യുവതലമുറയില്‍, പ്രതേകിച്ചു കുമാരീകുമാരന്മാര്‍ക്ക് കണ്ടുവരുന്നു. അതിനുള്ള മാര്‍ഗ്ഗം ഒരു  പ്രശ്നമല്ലാ..  ലകഷ്യമാണ്....   

ഇത്തരം ഡിസ്ക്കഷനുകള്‍ മൂലം വിധിക്കുപോലും മൂക്കിനുവിരല്‍ വച്ച് നില്‍ക്കേണ്ടിവരുന്നു.

രക്ഷിതാക്കളുടെ ഒരു കണ്ണ് സ്വന്തം മക്കളുടെമേല്‍ എന്നും ഉണ്ടെങ്കില്‍ മാത്രം മതി എന്നാണു വെറും നിസ്സാരനായ എന്‍റെ കൊച്ചു ബുദ്ധിയില്‍ തോന്നുന്നത്.

Tuesday, April 17, 2012

കുഞ്ഞുണ്ണി മാഷ്‌ ....


ചെറിയ വരികളില്‍ വലിയ ആകാശം തീര്‍ത്ത കവി.

പ്രിയകവി കുഞ്ഞുണ്ണി മാഷ് മരിച്ചിട്ട് മാര്‍ച്ച് 26-ന് ആറു വര്‍ഷം തികഞ്ഞു.

കുഞ്ഞുണ്ണി മാഷിന്റെ ചില വരികള്‍

ഒരു വളപ്പൊട്ടുണ്ടെന്‍ കയ്യില്‍
ഒരു മയില്‍പ്പീലിയുണ്ടെന്നുള്ളില്‍
വിരസനിമിഷങ്ങള്‍ സരസമാക്കാന്‍
ധാരാളമാണെനിക്കെന്നും

പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ
മുന്നോട്ടു പായുന്നിതാളുകള്‍

എനിക്കുണ്ടൊരു ലോകം നിനക്കുണ്ടൊരു ലോകം നമുക്കില്ലൊരു ലോകം

ആയി ഠായി മിഠായി
തിന്നപ്പോഴെന്തിഷ്ടായി
തിന്നുകഴിഞ്ഞാല്‍ കഷ്ടായി

കപടലോകത്തിലെന്റെ കാപട്യങ്ങള്‍
സകലരും കാണ്‍മതാണെന്‍ പരാജയം

ഒരു തുള്ളിയമ്മിഞ്ഞപ്പാലിന്‍ പരപ്പാണീയാകാശം

ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാല്‍

ഉടുത്ത മുണ്ടഴിച്ചിട്ടു
പുതച്ചങ്ങു കിടക്കുകില്‍
മരിച്ചങ്ങു കിടക്കുമ്പോ
ഴുള്ളതാം സുഖമുണ്ടിടാം

കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാന്‍.

സത്യമേ ചൊല്ലാവൂ
ധര്‍മ്മമേ ചെയ്യാവൂ
നല്ലതേ നല്‍കാവൂ
വേണ്ടതേ വാങ്ങാവൂ

ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാല്‍

കഴിഞ്ഞാല്‍ ഞ്ഞു
ഞ്ഞു കഴിഞ്ഞാല്‍ ണ്ണി
കുവും ഞ്ഞുവും ണ്ണിയും കഴിഞ്ഞാല്‍ കുഞ്ഞുണ്ണി
കുഞ്ഞുണ്ണിയും കഴിഞ്ഞാലോ

ഞാനൊരു പൂവിലിരിക്കുന്നു
മറ്റൊരുപൂവിന്‍ തേനുണ്ടീടാന്‍ വെമ്പുന്നു.

ഞാനെനിയ്‌ക്കൊരു ഞാണോ
ആണെങ്കിലമ്പേതാണ്

ഞാനാകും കുരിശിന്മേല്‍
തറഞ്ഞുകിടക്കുകയാണു ഞാന്‍
എന്നിട്ടും ഹാ ക്രിസ്തുവായ് തീരുന്നില്ല

കുന്നിക്കുരുവിലുമുന്നതനാണുഞ്ഞാ
നെന്നൊരു തോന്നലെഴുന്നമൂലം
എള്ളിലുംചെറുതാണു ഞാനെന്ന വാസ്തവം
അറിയുന്നതില്ല ഞാനെള്ളോളവും

എന്‍മുതുകത്തൊരാനക്കൂറ്റന്‍
എന്‍നാക്കത്തൊരാട്ടിന്‍കുട്ടി
ഞാനൊരുറുമ്പിന്‍കുട്ടി

ഞാന്‍
ഞാനെന്നവാക്കിന്റെ
യൊക്കത്തിരിക്കയോ
വക്കത്തിരിക്കയോ
മുന്നിലിരിക്കയോ
പിന്നിലിരിക്കയോ
മേലെയിരിക്കയോ
താഴെയിരിക്കയോ
എള്ളിലെയെണ്ണപോ
ലാകെയിരിക്കയോ
അതോ
ഞാനെന്ന വാക്കായിരിക്കയോ

എനിക്കു ഞാന്‍ തെല്ലുമുപകരിക്കില്ലെ
ന്നതിനൊരു തെളിവുരച്ചീടുന്നു ഞാന്‍
ഒരുകരത്തിന്മേല്‍ ചൊറിയണമെന്നാ
ലതേ കരത്തിനു കഴിയില്ലല്ലോ

ഞാനൊരു ദുഃഖം മാത്രം

ഞാനാം പൂവിലെ
ഞാനാം തേനും തേടിനടക്കും
ഞാനാം വണ്ടിനെ മാടിവിളിച്ചീടുന്ന
വിളക്കായ് കത്തുകയാകുന്നൂ ഞാന്‍

ഇഞ്ഞാനിങ്ങനെയല്ലാതായാല്‍
ഇബ്രഹ്മാണ്ഡമിങ്ങനെയല്ലാതായീടും
അമ്പട ഞാനേ

എനിക്കു പൊക്കം കുറവാ
ണെന്നെപ്പൊക്കാതിരിക്കുവിന്‍
എനിക്കൂക്കു കുറവാ
ണെന്നെത്താങ്ങാതിരിക്കുവിന്‍

എനിക്കു വിശക്കുമ്പോളുണ്ണും ഞാന്‍
ദാഹിക്കുമ്പോള്‍ കുടിക്കും
ക്ഷീണിക്കുമ്പോളുറങ്ങും
ഉറങ്ങുമ്പോളെഴുതും കവിതകള്‍

ഞാനെന്റെ മീശ ചുമന്നതിന്റെ
കൂലിചോദിക്കാന്‍
ഞാനെന്നോടു ചെന്നപ്പോള്‍
ഞാനെന്നെ തല്ലുവാന്‍ വന്നു.

എത്രമേലകലാം
ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം
ഇനിയകലാനിടമില്ലെന്നതുവരെ.

മഴ മേലോട്ട് പെയ്താലേ
വിണ്ണു മണ്ണുള്ളതായ് വരു
മണ്ണുള്ള ദിക്കിലുള്ളോര്‍ക്കേ
കണ്ണു കീഴോട്ടു കണ്ടിടൂ

കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോള്‍
ഞാനുമില്ലാതാകുന്നു

മഴയും വേണം കുടയും വേണം കുടിയും വേണം
കുടിയിലൊരിത്തിരി തീയും വേണം
കരളിലൊരിത്തിരി കനിവും വേണം
കൈയിലൊരിത്തിരി കാശും വേണം
ജീവിതം എന്നാല്‍ പരമാനന്ദം

ആശകൊണ്ടേ മൂസ തെങ്ങുമേ കേറി
മടലടര്‍ന്നു വീണു
മൂസ മലര്‍ന്നു വീണു
മടലടുപ്പിലായി
മൂസ കിടപ്പിലായി!

മുട്ടായിക്ക് ബുദ്ധിവച്ചാല്‍ ബുദ്ധിമുട്ടായി

ഒരുമയുണ്ടെങ്കില്‍ ഉലക്കേലും കിടക്കാല്ലോ
ഒരുമയില്ലെങ്കില്‍ കിടക്കേയും ഉലയ്ക്കാലോ

Saturday, March 3, 2012

ദേവിയുടെ മംഗലം കുഞ്ഞുങ്ങള്‍


മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉയരുന്നതിന് തലേദിവസമാണ് മംഗലം കുഞ്ഞുങ്ങളെയും തോളിലേറ്റി കഠിന നോയന്പെടുത്ത വാല്യക്കാര്‍ ആചാരക്കാരുടേയും കോമരത്തിന്റെയും സാന്നിധ്യത്തില്‍ ക്ഷേത്രത്തിനു വലം വെക്കുന്നത്. 'പന്തല്‍ കല്യാണം' ആയി അറിയപ്പെടുന്നു.



മുച്ചിലോട്ട് ഭഗവതിയെപ്പോലെ ലാവണ്യമുള്ള തെയ്യം വേറെയില്ല. ഭഗവതിയുടെ മുഖമെഴുത്തിന് കുറ്റിശംഖും പ്രാക്കും എന്നാണ് പറയുന്നത്. സ്വാത്വിക ആയതിനാൽ ചടുലമായ ചലനവും വാക്കും ഈ തെയ്യത്തിനില്ല. സർവാലങ്കാര ഭൂഷിതയായി, സുന്ദരിയായി നവവധു പൊലെയാണ് ഈ തെയ്യം. നിത്യ കന്യകയായ ദേവിയുടെ താലികെട്ടാണ് പെരുങ്കളിയാട്ടം. 12 വർഷം കൂടുമ്പോഴാണ് പെരുംകളിയാട്ടം നടത്തുന്നത്. അറിവുകൊണ്ട് വിജയം നേടിയപ്പോൾ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കൽപ്പിച്ചതിനാൽ, അപമാനഭാരത്താൽ അഗ്നിയിൽ ജീവൻ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രാഹ്മണ കന്യകയാണ് മുച്ചിലോട്ടു ഭഗവതി.



ഐതീഹ്യമായി പറഞ്ഞു വരുന്നത് ഇപ്രകാരമാണ്,
മുച്ചിലോട്ടു ഭഗവതിയെക്കുറിച്ച് ഏറ്റവും പ്രചാരത്തിലുള്ള ഐതിഹ്യം ഭഗവതി തളിപ്പറമ്പിലെ രയരമംഗലം ഇല്ലത്തു പിറന്ന ഒരു പെണ്‍കുട്ടിയായിരുന്നു എന്നാണ്. കന്യകയെ അവളുടെ അച്ഛന്‍ മണിയാട്ട് മഠത്തിലേക്ക് പഠിക്കാനയച്ചു. അവള്‍ (ദേവയാനിയെന്നും ഉച്ചിലിയെന്നും ദേശഭേദങ്ങള്‍ അനുസരിച്ച് പെണ്‍കുട്ടിക്ക് പേരുണ്ട്) വേദശാസ്ത്രാദികളില്‍ പന്ത്രണ്ടു വയസ്സിനു മുമ്പെ അഗാധമായ പാണ്ഡിത്യം നേടി. വിദുഷികളായ പെണ്‍കുട്ടികള്‍ വളര്‍ന്നാല്‍ അപകടമാണെന്ന് ബ്രാഹ്മണപുരുഷന്മാര്‍ കരുതിയിരിക്കണം. അതു കൊണ്ടായിരിക്കാം അവളെക്കുറിച്ച് ഒരു കഥ പരന്നു തുടങ്ങിയത്.

പെരിഞ്ചെല്ലൂര്‍ (ഇപ്പോഴത്തെ തളിപ്പറമ്പ് ) ഗ്രാമത്തിലെ ഒരു ബ്രാഹ്മണകന്യക എഴുത്തു പള്ളിക്കൂടത്തിൽ വച്ച് നടന്ന വാദപ്രതിവാദത്തിൽ പ്രഗല്ഭരെ തോൽപ്പിച്ചു. രസങ്ങളിൽ വെച്ച് കാമരസവും, വേദനകളിൽ പ്രസവവേദനയുമാണ് അനുഭവങ്ങളിൽ മികച്ചതെന്നു സമർത്ഥിച്ചു. ഒരു കന്യകയുടെ ഇത്തരം അറിവിൽ സംശയിച്ചവർ അവൾ‍ക്കെതിരെ അപവാദപ്രചരണം നടത്തി ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കി. അപമാനിതയായ ആ കന്യക വടക്കോട്ട് നടന്ന് കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും, ദയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം അറിയിച്ച് മനമുരികി പ്രാർത്ഥിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വയം അഗ്നികുണ്ട്മൊരുക്കി ആത്മത്യാഗം ചെയ്യാൻ തീരുമാനിച്ചു. എണ്ണയുമായി ആ വഴി പോയ മുച്ചിലോടനോട് (വാണിയ സമുദായത്തിൽ പെട്ടയാൾ) തീയിലേക്ക് എണ്ണ ഒഴിക്കുവാൻ ആവശ്യപ്പെട്ടു. ആവളുടെ വാക്കുകൾ കേട്ട് അമ്പരന്ന മുച്ചിലോടൻ എണ്ണ മുഴുവൻ തീയിലേക്കൊഴിച്ചു. അങ്ങനെ അഗ്നിപ്രവേശം ചെയ്ത് ആ സതീരത്നം തന്റെ ആത്മപരിശുദ്ധി തെളിയിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടിൽ വന്ന മുച്ചിലോടൻ കണ്ടത് പാത്രം നിറയെ എണ്ണ നിറഞ്ഞതായാണ്. ആത്മാഹുതി ചെയ്ത കന്യക കരിവെള്ളൂരപ്പന്റെയും, ദയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താൽ ഭഗവതിയായി മാറിയെന്നും മുച്ചിലോടന് മനസ്സിലാവുകയും തന്റെ കുലപരദേവയായി കണ്ട് ആരാധിക്കുവാൻ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് ബ്രഹ്മണകന്യക മുച്ചിലോട്ടു ഭഗവതിയായി മാറിയത്. വിവിധ സ്ഥലങ്ങളിൽ മുച്ചിലോട്ടു ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാവുകയും, തന്റെ ശക്തി തെളിയിക്കുകയും ചെയ്യുകയുണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു.


ദേവി ഭൂമിയില്‍ എത്തുന്നത് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലാണ്. അവിടെ നിന്നു പ്രതാപിയായ മുച്ചിലോട്ടു പടനായന്മാരുടെ വയല്‍പ്പാടങ്ങളിലൂടെ നടക്കുമ്പോള്‍ ദേവിക്ക്് ദാഹം തോന്നി. വെള്ളം കുടിക്കുവാന്‍ ഭഗവതി പടനായരുടെ മണിക്കിണറില്‍ ഇറങ്ങിയ സമയത്താണ് വെള്ളം കോരുവാന്‍ പടനായരുടെ പത്‌നി അവിടെ എത്തുന്നത്. കിണറ്റില്‍ ദേവിയുടെ 'അരുണരുചി തളതള തിളങ്ങുമത്യദ്ഭുതം ആനന്ദവിഗ്രഹം' കണ്ട അവര്‍ ഓടിച്ചെന്നു പടനായരോട് വിവരം അറിയിച്ചു. പടനായര്‍ ഭഗവതിയോടു ചോദിച്ചു. 'ഏതു ഭഗവതിയാണ്?' 'ആദ്യം നീ ആരാണെന്നു പറയുക' -ഭഗവതിയുടെ മറുപടി. 'അടിയന്‍ മുച്ചിലോടന്‍ പടനായര്‍. ഭവതിയുടെ ഭക്തന്‍' കാരണവര്‍ പറഞ്ഞു. 'എന്നാല്‍ ഞാന്‍ മുച്ചിലോട്ട് ദേവി'.

ദൈവവത്കരിച്ചതോടെ മനുഷ്യസ്ത്രീയായി ജീവിച്ചിരിക്കുമ്പോള്‍ ബ്രാഹ്മണ കന്യകയുടെ ലൈംഗികബോധം പുരുഷന്മാരില്‍ ഉളവാക്കിയിരുന്ന അരക്ഷിതത്വം അവസാനിക്കുന്നു.

Saturday, February 11, 2012

ഫ്രം യുവർ വാലൻന്റൈൻ ...




എല്ലാ വർഷവും ഫെബ്രുവരി 14 നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത്.
പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം ആണ് വാലൻന്റൈ‍ൻ ദിനം.

ഈ സംഭവവും എന്നും മനസ്സില്‍ സൂക്ഷിക്കാവുന്നതുമാണ്. സ്നേഹിക്കുന്നവര്‍ക്കും സ്നേഹിക്കപ്പെടുന്നവര്‍ക്കും ... ആര്‍ക്കും മറക്കാന്‍ കഴിയില്ല താനും.

ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്.

വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. ഇതില്‍ അതൃപ്തി തോന്നിയ ചക്രവർത്തി ഒരുപായം കണ്ടുപിടിച്ചു . ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ ഒരു നല്ല മനസ്സിന്നുടമയായിരുന്നു, അയാള്‍ എല്ലാവരോടും സ്നേഹത്തോടുകൂടി മാത്രമേ പെരുമാറിയിരുന്നുള്ളൂ,

പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ഈ സമയം ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളെകാണുകയും, മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി.

തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അനശ്വര പ്രണയം അല്ലേ....

അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയത്.

ലോകമെമ്പാടുമുള്ള , ആൾക്കാർ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുന്നു, ഇഷ്ടം അറിയിക്കുന്നു. ഈ ലോകത്തില്‍ ഏറ്റവും ശ്രേഷ്ടമായതും സ്നേഹം തന്നെയല്ലേ...

നമ്മുടെ മഹാകവി ഉള്ളൂര്‍ പാടിയപോലെ പ്രേമമാണഖിലസാരമൂഴിയില്‍.....
നമുക്കും സ്നേഹിക്കാം പരസ്പരം ....
ലോകത്തിലെ എല്ലാ ജീവജാലങ്ങളെയും.....

Wednesday, February 1, 2012

വല്യമ്മ ടീച്ചറുടെ നേരമ്പോക്കുകള്‍

കുറച്ചു കാലത്തിനു ശേഷമാണ് വല്യമ്മയുടെ വീട്ടിലോട്ടു ചെല്ലുന്നത് .
വല്യമ്മ സ്കൂള്‍ ടീച്ചറായിരുന്നു ഇപ്പോള്‍ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നു. ചെറിയ ഒരു അസുഖം മുന്‍പുണ്ടായിരുന്നു അന്നാരും ചെന്നില്ല പരിഭവമും മുഖത്തുണ്ടാകും ഉറപ്പാ... അവിടെ ചെല്ലുമ്പോള്‍ മൂന്നു നാല് മണിക്കൂര്‍ നീക്കി വയ്ക്കേണം, സംസാരിച്ചു ക്ഷീണിക്കും നാലഞ്ചു ക്ലാസ്സ് വെള്ളം കുടിച്ചാലേ എഴുന്നേല്‍ക്കാന്‍ പറ്റൂ. സുഖാന്വേഷണത്തിന് ശേഷം പതിയെ പഠിപ്പിച്ച കുട്ടികളുടെ കാര്യം തുടങ്ങി. പിള്ളേരുടെ ലീലാവിലാസങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങി.

വര്‍ഷാവസാന പരീക്ഷയുടെ ഉത്തരകടലാസുകള്‍ തിരിച്ചു പിള്ളേര്‍ക്ക് കിട്ടില്ലല്ലോ.. പല മിടുക്കന്മാരുടെയും ഉത്തരപേപ്പറുകളുടെ ഇത്തരം തമാശകളുടെ ഒരു കെട്ടുതന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ വെറുതെയിരിക്കുമ്പോള്‍ വായിച്ചു സ്വയംചിരിക്കാലോ ? ..

പഴയ കാലം ഓര്‍ക്കുകയും ചെയ്യാം. അതില്‍ ഒരു കുട്ടിയുടെ ഉത്തര പേപ്പറില്‍ ഇതായിരുന്നു. ചോദ്യം ആദ്യം പറയാം അല്ലേ.. " ഗാന്ധിജിയെ ക്കുറിച്ച് ഒരു ഖണ്‌ഠിക " എഴുതുക? എന്നതായിരുന്നു. വല്യമ്മ പേപ്പര്‍ തന്നില്ല.ഗാന്ധിജിക്ക് മുടിയില്ല, ഷര്‍ട്ട്‌ ഇടൂലാ വടീം കുത്തിയാണ് നടക്കുന്നത് എപ്പോഴും മുണ്ട് ഉടുക്കും.... ഇതുപോലെ കുറെ ക്ഷമിക്കണം കേട്ടോ... രാഷ്ട്രപിതാവിനെ പറയരുതല്ലോ, പിള്ളേരുടെ പ്രായവും അതല്ലേ ...

വേറൊരു കുട്ടി സുഖിപ്പിച്ചു എഴുതിയിരുന്നു. ടീച്ചറെ ചോദ്യത്തിന് ഉത്തരം ഞാന്‍ പഠിച്ചതാ ടീച്ചറെ മറന്നുപോയി. പിന്നെ ടീച്ചറുടെ കണ്ണുകള്‍ നല്ല ഭംഗിയാ ഇന്നുടുത്ത പച്ചസാരി നന്നായി ചേരുന്നുണ്ട് ടീച്ചര്‍ക്ക്, നടത്തം എനിക്കിഷ്ടാ ഞാനും അതുപോലെ നടക്കാറുണ്ട്, ടീച്ചറെ ക്ലാസ്സും എനിക്കിഷ്ടാ ... ഇങ്ങിനെ പോകുന്നു. അവസാനം ഇങ്ങിനെ എനിക്ക് ജയിക്കാനുള്ള മാര്‍ക്ക് തരണേ ടീച്ചര്‍.

വായിച്ചു തീര്‍ന്നപ്പോള്‍ വല്യമ്മയുടെ കണ്ണില്‍ നിന്നും വെള്ളം വന്നുപോയി. ഞാന്‍ വല്യമ്മയോട് പറഞ്ഞു എന്നാല്‍ പിന്നെ ഇത്തരം ഡയലോഗ് പഠിച്ചാപോരെ...

ങാ.. ഇന്നല്ലേ ഞാന്‍ കരഞ്ഞത് അന്ന് എല്ലാവര്ക്കും എന്നെ ഭയായിരുന്നു.ഞാന്‍ നല്ല പെടയും നല്‍കുമായിരുന്നു. വര്‍ഷാവസാനം മാത്രമേ ഇത്തരം സൃഷ്ടികള്‍ കിട്ടാറുള്ളൂ. പിള്ളേരുടെ ഓരോ തമാശകള്‍. രണ്ടുമാസം കഴിഞ്ഞാല്‍ തിരിച്ചു സ്ക്കൂളിലെത്തിയാല്‍ മറ്റു ടീച്ചറുമാരുമായി ഇതായിരിക്കും ചര്‍ച്ച. വിരുതന്മാരെ കണ്ടാല്‍ തനിയെ ചിരിയും വരും. പിന്നെ എന്താ ചെയ്കാ അല്ലേ...

" അപ്പോഴാണ്‌ പണ്ട് നമ്മുടെ ഇത്തരം കാര്യങ്ങള്‍ കണ്ടുപിടിച്ചു കാണില്ലേ എന്ന് തോന്നിയത്. ഇംഗ്ലിഷ് സെക്കണ്ട് പേപ്പറില്‍ പാരഗ്രാഫിനെ മൂന്നിലൊന്നായി ചുരുക്കാന്‍ ഉള്ളതും ഉണ്ടല്ലോ. അതൊക്കെ അവസാനത്തെക്ക് മാറ്റിവെക്കാറാണ് പതിവ് അവസാനം സമയവും കിട്ടില്ല. അപ്പോള്‍ ആദ്യത്തെ വരിയും അവസാനത്തെ വരിയും എഴുതി ഇടയ്ക്കു പ്രധാനപ്പെട്ടതു നടുക്ക് നിന്നെടുത്തെഴുതും ഒരുതരം കുലുക്കിക്കുത്ത്‌. ആയല്ലോ മൂന്നുവാചകം. ഇത് പറയുംബോളാണ് നാലിലോ അഞ്ചിലോ ആണെന്ന് തോന്നുന്നു. ഒരു മലയാളം മാഷ്‌ ഉണ്ടായിരുന്നു അന്ന്. എപ്പോഴും ചോദ്യം ചോദിക്കും ഇതു സമയത്തും. പദ്യം എടുത്തു കഴിഞ്ഞാല്‍ അടുത്ത ദിനം ക്ലാസ്സില്‍ പൂരപ്പറമ്പ് പോലെ ആയിരിക്കും.

ക്ലാസ്സിലെ പുറകിലെ ബഞ്ചിലെ ഒന്ന് രണ്ടുപേരുമായി നമ്മള്‍ രണ്ടുമൂന്നു പേര്‍ക്ക് അത്രനല്ല രസത്തിലല്ല കൊച്ചു കൊച്ചു വഴക്കുകള്‍. അന്ന് ടീച്ചര്‍ ചോദ്യം ചോദിച്ചപ്പോള്‍ കിട്ടിയില്ല. കാരണം മറ്റൊന്നുമല്ല പദ്യം പകുതിയേ പഠിച്ചിരുന്നുള്ളൂ. ടീച്ചര്‍ അടിച്ചപ്പോള്‍ ടീച്ചറെ ചീത്ത പറഞ്ഞു. അത് പുറകിലെ പിള്ളേര്‍ കേട്ട് ടീച്ചറോട് പറഞ്ഞു. അത് പിന്നീട് പൊല്ലാപ്പായി. ഇത് വല്യമ്മയോട് പറഞ്ഞു."

അപ്പോള്‍ വല്യമ്മ പറഞ്ഞു. അത് കൊള്ളാം. ടീച്ചറെ ചീത്ത പറയുകയാ. കഷ്ടം. അതൊക്കെ നോക്കുമ്പോള്‍ ഇവന്മാര്‍ വെറും പാവങ്ങള്‍.


കടപ്പാട് : ചിത്രം ഗൂഗിള്‍

Wednesday, January 18, 2012

നിങ്ങളിപ്പോള്‍ പരിധിക്കു പുറത്താണ് !!

നിങ്ങളിപ്പോള്‍ പരിധിക്കു പുറത്താണ്
മോബൈലില്‍നിന്നും ഉയര്‍ന്ന ശബ്ദം കേട്ട് ചുറ്റും
നോക്കിയപ്പോളറിഞ്ഞു പണ്ട് കണ്ടതും കേട്ടതും
അറിഞ്ഞതും നുണഞ്ഞതും
എല്ലാം പരിധിക്കു പുറത്താണ്

ചെറുപ്പത്തില്‍ കണ്ട സ്വപ്നങ്ങളും
നീന്തി തിമിര്‍ത്താടിയ കുളങ്ങളും
ഈണങ്ങളും നുണകളും പാട്ടുകളും
പാട്ടുകാരും രുചിയൂര്‍ന്ന കറികളും
എല്ലാമിപ്പോള്‍ പരിധിക്കു പുറത്താണ്

പഴയൊരു സഹപാഠിയെ നാളുകള്‍
ഏറെയായി പലവട്ടം വിളിക്കുന്നു
എന്നും പരിധിക്കു പുറത്താണ്
നാളുകള്‍ക്കൊടുവില്‍ ഒരുനാള്‍
ഒരു മറുമൊഴി സുഹൃത്തേ
നീ എപ്പോഴും പരിധിക്കു പുറത്താണല്ലോ

സുഹൃത്തും ഞാനും പരിധിക്കു പുറത്താണോ
എല്ലാമൊരുനാള്‍ പരിധിക്കു പുറത്താകും
ഞാനും നിങ്ങളും ഭൂമിയും ഈ പ്രപഞ്ചവും...