Tuesday, November 22, 2011

ശീലം



ഒരു മനുഷ്യന്റെ വ്യക്തിത്വത്തിന് മഹത്വം നല്‍കുകയും ആകര്‍ഷകത്വം പകരുകയും ചെയ്യുന്നത് അവന്‍റെ ശീലമാണ്. ശീലം (സ്വഭാവം) പോയാല്‍ എല്ലാം പോയി.

ഭക്തപ്രഹ്ലാദന്റെ കഥ അറിയാലോ, അസുര രാജാവായ ഹിരണ്യകശിപുവിന്റെ പുത്രന്‍ പ്രഹ്ലാദന്‍ വിഷ്ണു ഭക്തരില്‍ പ്രമുഖനായിരുന്നു. സാത്വിക ശീലമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. നല്ല ശീലം കാരണം അദ്ദേഹത്തിന് അനവധി ഗുണങ്ങള്‍ കൈവന്നു.

ഹിരണ്യകശിപുവിനുശേഷം പ്രഹ്ലാദന്‍ അസുര ചക്രവര്‍ത്തിയായി. ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹത്തിന്റെ സ്വഭാവ മഹിമയും, ജ്ഞാനവും, കഴിവും ലോകത്തിനു ബോധ്യപ്പെട്ടു. പ്രഹ്ലാദന്റെ സിദ്ധികളും, പ്രസിദ്ധിയും ദേവേന്ദ്രനെ ചിന്താകുലനാക്കി. അസുരന്‍മാരുടെ പ്രഭാവത്തിന് മുന്‍പാകെ തന്റെ പ്രജകള്‍ മങ്ങിപ്പോകുന്നു എന്ന ശങ്ക ഇന്ദ്രന് ഉണ്ടായി. അസ്വസ്ഥനായ അദ്ദേഹം ഗുരുവായ ബ്രിഹസ്പതിയെ സമീപിച്ചു. ബ്രിഹസ്പതി ഇന്ദ്രന് വേണ്ട ഉദ്ബോധനം നല്‍കി. അസുര ഗുരുവായ ശുക്രാചാര്യരെ കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം ഇന്ദ്രനെ ഉപദേശിച്ചു.

അതിന്‍ പ്രകാരം ഇന്ദ്രന്‍ ശുക്രാചാര്യരെ സമീപിച്ചു. പ്രഹ്ലാദന്റെ ശിഷ്യത്വം സ്വീകരിക്കുക എന്ന ഒറ്റ ഉപദേശം മാത്രമേ ഇന്ദ്രന് ശുക്രാചാര്യരില്‍ നിന്നും ലഭിച്ചുള്ളൂ. ദേവേന്ദ്രന്‍ ശുക്രാചാര്യരുടെ ഉപദേശം സ്വീകരിച്ചു. എന്നാല്‍ സ്വന്തം രൂപം വെടിഞ്ഞ് ബ്രാഹ്മണ വേഷത്തിലാണ് പ്രഹ്ലാദനെ സമീപിച്ചത്.

പ്രഹ്ലാദന്‍ രാജ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധ നല്‍കുന്ന സമയമായിരുന്നു അപ്പോള്‍. ആ സമയത്താണ് ഇന്ദ്രന്‍ അവിടെ എത്തിയത്. തന്റെ ജോലിത്തിരക്കിനെ കുറിച്ച് സൂചിപ്പിച്ച പ്രഹ്ലാദനോടു അവിടുത്തെ സൗകര്യവും സമയവും അനുസരിച്ച് എനിക്ക് വിദ്യ നല്‍കിയാല്‍ മതി എന്ന് ബ്രാഹ്മണന്‍ വിനയപൂര്‍വ്വം അറിയിച്ചു. ശിഷ്യനാകാന്‍ വന്നു ക്ഷമാപൂര്‍വ്വം കാത്തുനില്‍ക്കുന്ന ബ്രാഹ്മണനോട് പ്രഹ്ലാദനു വലിയ മതിപ്പ് തോന്നി. അയാളെ ശിഷ്യനായി സ്വീകരിച്ച പ്രഹ്ലാദന്‍ മനസ്സറിഞ്ഞു വിദ്യ പകര്‍ന്നു നല്‍കി.

വിദ്യാദ്ധ്യായനം പൂര്‍ത്തിയാക്കിയ തന്‍റെ ശിഷ്യനോട് അദ്ദേഹത്തിന് അളവറ്റ സ്നേഹവും, വാത്സല്യവും തോന്നി. തന്നില്‍ നിന്നു ഒരു വരം സ്വീകരിക്കുവാന്‍ പ്രഹ്ലാദന്‍ ബ്രാഹ്മണനോട് ആവശ്യപ്പെട്ടു.
അവിടുന്നു നല്‍കിയ വിദ്യയാകുന്ന വരപ്രസാദത്തെക്കാള്‍ വലുതായിട്ടൊന്നും തന്നെ അവശേഷിക്കുന്നില്ലായെന്നതു കൊണ്ട് ഇനി വരം ചോദിക്കാന്‍ അടിയന്‍ അശക്തനാണ്.

ബ്രാഹ്മണന്റെ ഈ മറുപടിയില്‍ സംപ്രീതനായ പ്രഹ്ലാദന്‍ വീണ്ടും വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍, ബ്രാഹ്മണന്‍ പ്രഹ്ലാദന്റെ "ശീലം" തനിക്കു വരമായി നല്‍കുവാന്‍ ആവശ്യപ്പെട്ടു. സാധാരണ ബ്രാഹ്മണര്‍ ചോദിക്കാത്ത വരം കേട്ടപ്പോള്‍ പ്രഹ്ലാദന്‍ അത്ഭുതപ്പെട്ടു. എങ്കിലും അദ്ദേഹം തന്റെ വാഗ്ദാനം നിറവേറ്റി.

പ്രഹ്ലാദന്റെ ശരീരത്തില്‍ നിന്നും ഒരു ദിവ്യ പുരുഷന്‍ പുറത്തുവന്നു. അദ്ദേഹം പ്രഹ്ലാദനെ പരിചയപ്പെടുത്തി, " ഞാന്‍ താങ്കളുടെ മനസ്സില്‍ കുടികൊണ്ടിരുന്ന ശീലം അഥവാ സ്വഭാവം ആണ്. ഇനി ബ്രാഹ്മണനോടൊപ്പം കൂടുന്നു." തുടര്‍ന്നു പ്രഹ്ലാദന്റെ ഉള്ളില്‍നിന്നും പല വിശിഷ്ട രൂപങ്ങള്‍ പുറത്തുവന്നു. അവരൊക്കെ ബ്രാഹ്മണനൊപ്പം കൂടി. അവ ധര്‍മ്മം, സത്യം, സദാചാരം, ആത്മബലം എന്നിവരായിരുന്നു. ശീലത്തിന്റെ അഭാവത്തില്‍ അവരുടെ പ്രസക്തി നഷ്ടപ്പെട്ടിരുന്നു.

ഏറ്റവും അവസാനം പ്രഹ്ലാദന്റെ ശരീരത്തില്‍നിന്നും ഒരു സുന്ദരി പുറത്തുവന്നു. അവളോടു പ്രഹ്ലാദന്‍ കാര്യം തിരക്കി, അവള്‍ പറഞ്ഞു, ' ഞാന്‍ ലക്ഷ്മി എനിക്ക് പിന്തുണ നല്‍കിയവരെല്ലാം ബ്രാഹ്മണ വേഷത്തില്‍ വന്ന ഇന്ദ്രന് അധീനരാണ്. ശീലത്തെ അനുഗമിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. ' അങ്ങനെ ശീലം കൈമോശം വന്ന പ്രഹ്ലാദന്‍ ശക്തിഹീനനും ശ്രീഹീനനുമായി.

വിഷ്ണുഭാക്തനായിരുന്നെങ്കിലും പ്രഹ്ലാദനു ദേവന്മാരെ ഇഷ്ടമായിരുന്നില്ല. തന്നെയും തന്റെ പിതാവിനെയും ചതിച്ച ദേവന്മാരെ തരം കിട്ടുമ്പോഴൊക്കെ ഉപദ്രവിക്കാന്‍ അദ്ദേഹം മടിച്ചില്ല. ശീലം നഷ്ടമായപ്പോള്‍ സ്വാഭാവികമായും ശത്രുഭാവം വര്‍ദ്ധിച്ചു.

ഒരു
ദിവസം പ്രഹ്ലാദന്‍ നൈമിഷികാരണ്യത്തില്‍ എത്തി. രണ്ടു തപസ്വികളുമായി അദ്ദേഹം കലഹിച്ചു. കലഹം യുദ്ധമായി പരിണമിച്ചു. കൊടിയ യുദ്ധം ഏറെ നീണ്ടു നിന്നു.

അവസാനം വിഷ്ണു പ്രഹ്ലാദന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ഈ മഹര്‍ഷിമാര്‍ നര - നാരായണന്മാരാണെന്നും തന്റെതന്നെ അംശമായ അവരോടു കലഹിക്കാന്‍ പാടില്ലായെന്നും വിഷ്ണു പറഞ്ഞപ്പോള്‍ പ്രഹ്ലാദന്‍ ഭക്ത്യാദരങ്ങളോടെ അനുസരിച്ചു. മനോനിയന്ത്രണത്തിനുവേണ്ടി പ്രഹ്ലാദന്‍ തപസ്സു ചെയ്യുവാന്‍ തീരുമാനിച്ചു. രാജ പൌത്രനായ മഹാബലിയെ രാജ്യ ഭാരം ഏല്‍പ്പിച്ച് പ്രഹ്ലാദന്‍ ഗന്ധമാദന പര്‍വ്വതത്തില്‍ തപസ്സുചെയ്യുവാന്‍ പോയി.

ഒരാളുടെ ശീലം / സ്വഭാവമാണ് അയാളുടെ എല്ലാ ശക്തിക്കും നിദാനമെന്ന് നമ്മെ ബോധ്യപ്പെടുത്തിത്തരുന്നു. സല്‍സ്വഭാവിക്കു ഐശ്വര്യദേവതയുടെ കടാക്ഷം എപ്പോഴും ഉണ്ടാകും. അയാള്‍ ചെയ്യുന്നതെല്ലാം ശരിയായി വരും. ദേവേന്ദ്രന്‍ പോലും അത്തരക്കാര്‍ക്കു ശിഷ്യപ്പെടും. പ്രാപ്തമായ എല്ലാ സ്രോതസ്സുകളില്‍നിന്നും വിദ്യ ആര്‍ജ്ജിക്കുന്നതും നല്ല ശീലമാണ്.


വൃശ്ചികമാസാരംഭം മുദ്രയണിഞ്ഞു, അയ്യപ്പദര്‍ശനത്തിനു വേണ്ടിയുള്ളവ്രതവുമായി കാത്തിരിക്കുന്നു. എല്ലാവര്‍ക്കും അയ്യപ്പന്‍റെ അനുഗ്രഹം ഉണ്ടാകട്ടെ... സ്വാമിയേ ശരണമയ്യപ്പ ...

Wednesday, November 9, 2011

ഫോട്ടം പിടിക്കുന്ന എഞ്ചിന്‍




ഓരോ തിരക്കും മറവിയും കാരണം പഞ്ചായത്തില്‍ മുന്‍പ് അടച്ച രസീതി അന്വേഷിക്കുകയായിരുന്നു ഇന്നലെ, രണ്ടു മൂന്ന് ദിവസം അവധിയായിരുന്നല്ലോ. അമ്മ ഒന്നുരണ്ടാഴ്ചയായി എല്ലാസ്ഥലവും കറങ്ങി നടക്കുന്നത്. ഉള്ള സ്ഥലമൊക്കെ അരിച്ചു പെറുക്കി ഒടുവിലാണ് കിട്ടിയത്. അതിനിടെയാണ് ഈ "എഞ്ചിന്‍" സംഭവം കിട്ടിയതും ഉടനെതന്നെ മൈന്‍ഡ് റിവൈന്റുചെയ്ത് സ്കൂളില്‍ ചെന്നെത്തിയതും....

അന്ന് പതിവിലും നേരത്തെയായിരുന്നു ഞങ്ങള്‍ സ്കൂളില്‍ എത്തിയിരുന്നത്. എല്ലാവരും ഉടുപ്പുകളില്‍ ഏറ്റവും നല്ലതായിരുന്നു അന്ന് ധരിച്ചിരുന്നത് പൌടറും പൂശി പുഞ്ചിരിതൂകുന്ന മുഖവുമായിട്ടായിരുന്നു എല്ലാവരും, കാരണം വേറൊന്നുമല്ലാട്ടോ കണക്കു മാഷുടെ അധ്യാപക സേവനം പൂര്‍ത്തിയാക്കി സ്കൂളില്‍ നിന്നു പിരിയുന്ന ചടങ്ങായിരുന്നു അന്ന്. കൂട്ടത്തില്‍ ഞങ്ങള്‍ എല്ലാവരുടെയും ഫോട്ടോ എടുക്കുന്ന പരിപാടിയും.

ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഭയമായിരുന്നു കണക്കു മാഷെ, ബാലന്‍ എന്നാണു മാഷുടെ പേര്. ഇടയ്ക്ക്‌ ങ്ങും ...ങ്ങും... മൂളിയും മുരളുന്ന സ്വഭാവവും സാറിനുണ്ടായിരുന്നു, അതു കൊണ്ടുതന്നെ ഒരു കുസൃതിപ്പേരും ഞങ്ങള്‍ ഇട്ടിരുന്നു " സിംഹബാലന്‍ ". എല്ലാ എന്ന് ദിവസവും ഹോം വര്‍ക്ക് ചെയ്യിക്കും ഇമ്പോസിഷന്‍ ഒന്നുമില്ല.

കണക്ക് തെറ്റിയാല്‍ ബെഞ്ചിന്റെ മുകളില്‍ നിര്‍ത്തും കയ്യിലുള്ള ചൂരല്‍ പ്രയോഗം തുടങ്ങുകയായി. എന്താണെന്നറിയില്ല, പെണ്‍കുട്ടികളെ ബെഞ്ചിന്റെ മുകളില്‍ നിര്‍ത്തില്ല ചിലപ്പോള്‍ താഴെ വീണുപോയാലോ അതായിരിക്കും...അല്ലെങ്കില്‍ സ്ത്രീകള്‍ക്കുള്ള പ്രത്യേക പരിഗണന ആയിരിക്കും...

ഇരട്ടപ്പേരുള്ള പിന്നെയും ടീച്ചര്‍മാരുണ്ട് നമ്മുടെ സ്ക്കൂളില്‍, ഹിന്ദി പഠിപ്പിക്കുന്ന ടീച്ചര്‍ നേര്‍ത്ത ശബ്ദമായിരുന്നു അതുകൊണ്ടുതന്നെ " തത്തമ്മ " ടീച്ചറെന്നാണ് വിളിച്ചത് അതു പിന്നെ മുന്‍പേ ഉണ്ടായിരുന്നു. നമ്മളെക്കാള്‍ മുന്‍പേ ഹിന്ദി ഉണ്ടല്ലോ പഴയ വില്ലന്മാര്‍ ആയിരിക്കും., പിന്നെ " ഒച്ച്‌ മോഹനന്‍ " സാര്‍, മോഹനന്‍ സാര്‍ വളരെ മെല്ലെയാണ് നടന്നുവരാരുള്ളത് എല്ലാ കാര്യത്തിലും മന്ദഗതിയാണ്. ക്ലാസ് തുടങ്ങി പത്തു മിനുട്ട് കഴിഞ്ഞാലെ മൂപ്പരെ പ്രതീക്ഷിക്കെണ്ടതുള്ളൂ ... വേറെയൊന്നുമല്ല അപ്പോഴേ നടന്ന്‍ എത്തൂ, അത്രതന്നെ.

കഴിഞ്ഞ ഒരാഴ്ചയായി ഫോട്ടോ എടുക്കുവാനുള്ള ഒരുക്കത്തിലായിരുന്നു ഞങ്ങള്‍. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഉപദേശങ്ങളും മറ്റും, ഫോട്ടോ എടുക്കുമ്പോള്‍ മുഖത്ത് എണ്ണ ഉപയോഗിക്കരുത് മുഖം കറുത്തുപോകും, ഷേര്‍ട്ടിന്റെ നിറം നീലവേണം എന്ന് ഒരുവന്‍, ചുവപ്പാണ് നല്ലതെന്ന് മറ്റൊരുവന്‍ ഇന്ന് അതിനൊക്കെ വിരാമമായി.

കണക്കു മാഷ്‌ വളരെ സന്തോഷത്തിലായിരുന്നു, എന്നാല്‍ ഇടയ്ക്കു സങ്കടം മുഖത്ത് കാണാമായിരുന്നു. എല്ലാവരോടും ചിരിച്ചു കുശലം പറഞ്ഞു നടക്കുന്നുണ്ടായിരുന്നു. ഇത് കണ്ടപ്പോള്‍ ഇത്രയും കാലം ഈ പാവത്തിനെയാണല്ലോ ഭീകരനെന്ന് പറഞ്ഞു നടന്നത്. പുറത്തു കാണുമ്പോള്‍ മുഖത്ത് നോക്കാറില്ല, വഴിയില്‍ വച്ച് കണക്കു ചോദ്യം ചോദിച്ചാലോ ...എന്തായാലും ഇന്നത്‌ ഉണ്ടാകില്ലല്ലോ എന്ന ധൈര്യം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു.

സാറിന്റെ പ്രസംഗം കഴിഞ്ഞു, കുട്ടികളെ ശിക്ഷിക്കുന്ന കാര്യവും ഇടയില്‍ പറഞ്ഞു അവരുടെ നന്മയ്ക്കുവേണ്ടിയല്ലേ ഞാന്‍ ചെയ്യുന്നത് എന്നൊക്കെ .... അതുകൊണ്ടായിരിക്കാം അത്യാവശ്യം കൂട്ടാനും കിഴിക്കാനും ഇപ്പോള്‍ മറ്റുള്ളവരോടു ചോദിക്കേണ്ടി വരുന്നില്ല. ആ സമയം ഉഴപ്പിനടക്കുകയല്ലേ...

ഫോട്ടം പിടിക്കുന്ന എഞ്ചിന്‍ ഡ്രൈവറുടെ ഊഴമായിരുന്നു അടുത്തത്. തടിച്ചു നീളം കുറഞ്ഞ ഒരാള്‍, കാമറയുടെ ഒപ്പം മാത്രമേ ഉയരം ഉണ്ടായിരുന്നുള്ളൂ. അയാള്‍ നേരത്തെ എത്തിയിരുന്നു. ഇടയ്ക്കു വാച്ച് നോക്കുന്നുണ്ടായിരുന്നു. ഇത്രയും നേരം പ്രസംഗം കാണുമെന്നു കരുതിക്കാണില്ല.

ഹെഡ് മാസ്റ്റര്‍ ഉണ്ണികൃഷ്ണന്‍ സാര്‍ മൈക്ക് കൈയ്യില്‍ നിന്നു ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ശപഥം ചെയ്തപോലെയായിരുന്നു. ഒടുവില്‍ പ്രസംഗം കഴിഞ്ഞു.

ഫോട്ടോഗ്രാഫര്‍ക്ക് സന്തോഷായി അയാള്‍ കാമറയുമായി സ്കൂളിനു ഒരുവശം ചേര്‍ന്ന് സ്ഥാനം ഉറപ്പിച്ചു. ഓരോ സ്നാപ്പിനു മുന്‍പും ഒന്ന് സ്മൈല്‍ പറഞ്ഞു അയാളും ചിരിച്ചുകൊണ്ടിരുന്നു. അങ്ങനെ നമ്മുടെ ക്ലാസ്സിന്റെ ഊഴവും വന്നു. പതിവുപോലെ അയാള്‍ക്ക്‌ പിറകെ ഞങ്ങള്‍, കുട്ടികളെല്ലാവരും ചിരിച്ചു........

ഫോട്ടോ എടുത്തവരൊക്കെ കുറച്ചു ദൂരെ മാറിനിന്നു.
അടുത്ത ബാച്ചിനെ നിര്‍ത്തി, ഒന്ന് സ്മൈല്‍ ചെയ്യൂ എന്ന് പറയുന്നത് ഇപ്പോഴും ദൂരെനിന്നും കേള്‍ക്കാം .....

കുഞ്ഞുന്നാളില്‍ എടുത്ത സ്ക്കൂള്‍ ഫോട്ടോയില്‍ മൂന്നു നാല് പേരെ മാത്രമേ വ്യക്തമാകുന്നുള്ളൂ, ഇപ്പോഴും ഉണ്ട്, കുറെ ഭാഗം വേള്‍ഡ് മാപ്പുപോലെയായി....