Wednesday, September 30, 2009

ജപ്പാന്‍ ടൈ (കോണകം)ആവശ്യമുള്ള സാധനങ്ങള്‍
നീളമുള്ള കോട്ടന്‍ തുണി - (50% പോളിയസ്റെര്‍ ആയാലും മതി), കളര്‍ നിങ്ങളുടെ അഭിരുചിപോലെ
നൂല്‍ - സെലക്ട്‌ ചെയ്ത തുണിയുടെ നിറമുള്ളത് (100% കളര്‍ മാച്ച് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം)

എടുക്കേണ്ട അളവുകള്‍
അരവണ്ണം, ഇടുപ്പുവണ്ണം, അരമുതല്‍ പാദം വരെയുള്ള നീളം

തയ്ക്കുന്നവിധം
നിങ്ങള്‍ വാങ്ങിച്ച തുണി (അരവണ്ണം 20 -30 ഇഞ്ചു ഉള്ളവര്‍ക്ക് 2 മീറ്റര്‍, 30 - 60 വരെ
ഉള്ളവര്‍ക്കു 4 മീറ്റര്‍) തറയിലോ, മേശയുടെ മുകളിലോ നിവര്‍ത്തി വിരിച്ച ശേഷം, തെക്കു പടിഞ്ഞാറു കോണില്‍ നിന്നും ട്രയാങ്കിള്‍ ഷേപ്പില്‍ മുറിച്ചെടുക്കുക (pic 1- കാണുന്നപോലെ) ഇതിന്റെ ഇരു ഭാഗങ്ങളിലും എമ്ബ്രോയിടരി ചെയ്യാന്‍ സാധിക്കുമെന്കില്‍ വളരെ നല്ലത് കൂടുതല്‍ ഭംഗിയാക്കാം. അതിനുശേഷം 10 ഇഞ്ചു വീതിയും അരമീറ്റര്‍ നീളത്തില്‍ തുണി മുറിച്ചെടുത്ത് (pic 2- കാണുന്നപോലെ) തയ്ച്ചു പിടിപ്പിക്കുക ബാക്കി വരുന്ന തുണിയുടെ അരികില്‍ നിന്നും ഒരു ഇഞ്ചു വീതിയില്‍ അവരവര്‍ക്കു വേണ്ടുന്ന നീളത്തില്‍ വെട്ടിയെടുത്ത ശേഷം മടക്കിതയ്ക്കുക (നാട എന്നപേരിലും ഇത് അറിയപ്പെടുന്നുണ്ട്) ഈ നാട നേര്‍പ്പകുതിക്ക് (pic 2) വച്ചു തയ്ക്കുക, തയ്ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണം നാടയുടെ വീതി ഒരു സെന്റീമീറ്റര്‍ കൂടാന്‍ പാടില്ല. ഇത്രയും ആയാല്‍ നിങ്ങളുടെ മുന്നില്‍ ഒരു മനോഹര ജപ്പാന്‍ ടൈ (കോണകം) റെഡി.
ഇതിന്റെ ഗുണങ്ങള്‍
ഏതു കാലാവസ്ഥയിലും, ഏതു പ്രായക്കാര്‍ക്കും, ഏതു രാജ്യക്കാര്‍ക്കും ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത, കൂടാതെ രാത്രിയിലും പകലും ഒരുപോലെ ഉപയോഗിക്കാം എന്നതും ഇതിന്റെ പ്രധാന സവിശേഷതയാണ്, കൂടാതെ കളരി അഭ്യാസികള്‍ക്കു ഇതൊരു വരധാനമാണ്.
(ദിനംപ്രതി മാറിവരുന്ന പുതുപുത്തന്‍ പരിഷ്കാരങ്ങളുടെ ഇടയില്‍പെട്ട് പഴയ തലമുറകളില്‍ തിളങ്ങി നിന്ന ഈ രൂപം നാമാവശേഷമായി മാരിക്കൊണ്ടിരിക്കയാണ് ഇങ്ങിനെ പോയാല്‍ വരും തലമുറക്കാര്‍ ചിത്രം കണ്ടു ത്രിപ്തിപ്പെടെണ്ടിവരും)


ഡിസൈനര്‍ മിസ്സ്‌ കൌപീല (അമേരിക്കയിലെ ലോസഞ്ചലസ്സില്‍ വച്ചു നടന്ന വെള്‍ഡ്‌ ഫാഷന്‍ ഷോയിലെ (WFH) ഈവര്‍ഷത്തെ കിരീടം നേടിയിരുന്നു)

വിലാസം
മിസ്സ്‌ കൌപീല
പുളിയറകോണകം
തിരുവനന്തപുരം - 99

Saturday, September 26, 2009

പാഠം ഒന്ന്‌, ഒരു കുടം പൊന്ന്‌...

''എന്റെ പൊന്നേ നിശ്ചേതനമായ ഒരു ലോഹത്തിന്റെ പേരാണല്ലോ''

പവന്റെ വില പന്തീരായിരത്തിലെത്തുന്നു. പഴയ കേരളത്തിലെ ആനയുടെ വില. 'പൊന്നേ' എന്നു വിളിക്കുമ്പോള്‍ പണ്ടത്തേക്കാള്‍ മുഖം തെളിയുന്നു പ്രണയിനികള്‍ക്ക്‌. 'പാഠം ഒന്ന്‌, ഒരു വിലാപം' എന്ന ചിത്രത്തില്‍ രണ്ടാം ഭാര്യയെ മെരുക്കിത്തരാന്‍ ആദ്യഭാര്യയെ 'പൊന്നേ' എന്നു വിളിക്കുന്നു, നായകന്‍. അവള്‍ അവിശ്വാസത്തോടെ നോക്കുന്നു അയാളെ. ''ശരിക്കും ഞാന്‍ പൊന്നാണോ, ശരിക്കും?'' അവളുടെ അവിശ്വാസം ദിവസം ചെല്ലുന്തോറും അധികരിക്കുകയാണ്‌.
സ്വര്‍ണം, ഭംഗിയുള്ള, പ്രിയമുള്ള എന്നെല്ലാമാണ്‌ ശബ്ദതാരാവലിയില്‍ പൊന്നിന്‌ അര്‍ഥം പറഞ്ഞിരിക്കുന്നത്‌. മലയാളിയുടെ സ്‌നേഹപ്രകടനങ്ങളില്‍ ഏറ്റവും മാറ്റുള്ള പദമാണ്‌ പൊന്ന്‌. 'പൊന്നുടയാതെ'പോലെ അഭിമാനത്തെ സ്‌പര്‍ശിച്ച മാടമ്പിപ്പദമില്ല. പൊന്നുങ്കട്ടേ, പൊന്നുംകുടമേ, പൊന്നേ എന്നൊക്കെ വിളിക്കപ്പെടുമ്പോള്‍ സ്വന്തം മൂല്യത്തെത്തന്നെയാണ്‌ വിളിക്കുന്നതെന്ന്‌
വിളിക്കപ്പെടുന്നവര്‍ കരുതുന്നു. തന്റെ പരിഗണനയുടെ മൂര്‍ധന്യത്തെയാണ്‌ വെളിവാക്കുന്നതെന്ന്‌ വിളിക്കുന്നവരും. പൊന്നു വിളയുന്ന പാടമെന്നും പൊന്നും ചിങ്ങമാസമെന്നും പൊന്‍വെയിലെന്നും മലയാളി ആത്മഹര്‍ഷത്തോടെ പറയുന്നു. ''പൊന്നുപോലെ നോക്കാം'' എന്നതില്‍ക്കവിഞ്ഞ ഒരു വാഗ്‌ദാനവും മലയാളിപ്പെണ്‍കുട്ടികള്‍ക്ക്‌ വേണ്ട. കേമം എന്നതിന്റെ പര്യായപദംതന്നെയായി മാറി.

മലയാളത്തില്‍ പൊന്ന്‌. പൊന്നുമായിച്ചേര്‍ന്ന്‌ തിളങ്ങിയ സമസ്‌തപദങ്ങള്‍ അനവധിയുണ്ട്‌, മലയാളത്തില്‍. പൊന്‍കിണ്ടി, പൊന്നാങ്ങള, പൊന്നളിയന്‍, പൊന്നമ്പലം, പൊന്നാട..... ''പൊന്‍പഴം മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവെ'' എന്നെഴുതിയാണ്‌ വൈലോപ്പിള്ളി പഴത്തിന്റെ മൂല്യത കാട്ടിയത്‌. ഹിന്ദുക്കളുടെ ദൈവങ്ങളെല്ലാം കലശലായ പൊന്‍ഭ്രമമുള്ളവര്‍. പൊന്നിന്റെ കൊടിമരം, പൊന്‍തലേക്കെട്ട്‌ കെട്ടിയ ആനകള്‍, പൊന്‍തിടമ്പുകള്‍. പൂവുപോലും പൊന്നില്ലെങ്കില്‍ മാത്രം. ''പൊന്നില്‍ക്കുളിച്ച രാത്രി'' പോലുള്ള പ്രയോഗങ്ങള്‍ക്ക്‌ എന്തൊരു ശ്രുതിസുഖമെന്ന്‌ ആ വരിയുള്ള ചലച്ചിത്രഗാനം. ''പൊന്നരിവാളമ്പിളി'' എന്നായിരുന്നല്ലോ നമ്മുടെ കവിസ്സഖാവുപോലും രോമാഞ്ചംകൊണ്ടത്‌.'പൊന്നു വിളയിക്കുന്ന' എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ആലങ്കാരികം മാത്രമാണ്‌, കേരളത്തില്‍. ലോകത്തില്‍ ഉത്‌പാദിപ്പിക്കുന്ന സ്വര്‍ണത്തിന്റെ 25 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും കൂടിയ സ്വര്‍ണ ഉപഭോഗകേന്ദ്രമാണ്‌ കേരളം.

വര്‍ഷം ഏതാണ്ട്‌ 200 ടണ്‍ സ്വര്‍ണം കേരളം കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇത്‌ അമേരിക്ക പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നതിന്റെ പാതിയോളം വരുമെന്നും 'സ്വര്‍ണകേരളം' എന്ന പുസ്‌തകത്തില്‍ കെ. ജോര്‍ജ്‌ വര്‍ഗീസ്‌ പറയുന്നു. പൊന്ന്‌ ഉത്‌പാദിപ്പിക്കാത്ത, പൊന്ന്‌ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന, കമനീയമായ ജ്വല്ലറികള്‍ നാള്‍തോറും പെരുകുന്ന കേരളക്കരയെ 'ഗോള്‍ഡ്‌സ്‌ ഓണ്‍ കണ്‍ട്രി' എന്നാണ്‌ വിളിക്കുന്നത്‌. സ്‌ത്രീകളെ ഉത്തേജിപ്പിക്കാന്‍ പൊന്നാണ്‌ കേരളത്തില്‍ സാര്‍വത്രികമായി ഉപയോഗിക്കുന്നത്‌. എത്ര പാവങ്ങളാണ്‌ മലയാളികള്‍ എന്ന്‌ പൊന്നേ വിളികൊണ്ട്‌ വികാരഭരിതമായ കേരളീയകിടപ്പറകള്‍ പറഞ്ഞുതരും. പൊന്നിന്റെ അഭാവവും പൊന്നിനോടുള്ള അത്യാര്‍ത്തിയും കേരളത്തിലേതുപോലെ നിലനില്‍ക്കുന്ന ദരിദ്രദേശങ്ങളിലെ ഭാഷകളിലേക്കല്ലാതെ ഇംഗ്ലീഷിലേക്ക്‌ 'പൊന്നിന്‍കുടമേ' പ്രയോഗം (ബഷീര്‍) എങ്ങനെ വിവര്‍ത്തനം ചെയ്യുമെന്ന്‌ വിവര്‍ത്തകന്‍ കുഴങ്ങുന്നു. മറ്റു ജോലികള്‍ ചെയ്യാന്‍ ആത്മാഭിമാനം സമ്മതിക്കാത്തതിനാല്‍ 'പൊന്‍പണിക്കാര്‍' പണിക്കുപോകാതെ പട്ടിണി കിടക്കുന്നുവെന്ന്‌ 'സ്വര്‍ണകേരളം' നിരീക്ഷിക്കുന്നുണ്ട്‌. 'പൊന്നായിത്തീരുക' എന്നതത്രെ മലയാളിയുടെ മോക്ഷം (കടല്‍കടന്നും).

തൊട്ടതൊക്കെ പൊന്നാക്കുന്ന നടന്‍, തൊട്ടതൊക്കെ പൊന്നാക്കുന്ന കര്‍ഷകന്‍, തൊട്ടതൊക്കെ പൊന്നാക്കിയ വ്യവസായി എന്നൊക്കെ വിശേഷിപ്പിക്കുമ്പോള്‍ ഒരു ദുരന്തപരിണാമത്തെക്കൂടി സൂചിപ്പിക്കുകയാണ്‌ നാം എന്നു നാമറിയുന്നുണ്ടോ? ഈ പ്രയോഗം എവിടെനിന്നു വന്നുവെന്നോ, ആ കഥയില്‍ തൊടുന്നതൊക്കെ പൊന്നാവുന്നത്‌ ഒരു ഭാഗ്യമായിട്ടല്ല, കെണിയായിട്ടാണ്‌ ആവിഷ്‌കൃ തമായിരിക്കുന്നത്‌.

തൊടുന്നതൊക്കെ സ്വര്‍ണമാവുന്നൊരു വരം മെഥാസ്‌ നേടുന്നു. മുന്നില്‍ക്കണ്ടതൊക്കെ തൊട്ട്‌ അയാള്‍ സ്വര്‍ണമാക്കി. നാണയങ്ങള്‍, കോപ്പകള്‍, വിളക്കുകള്‍, പാത്രങ്ങള്‍, തൂണുകള്‍, ചുവരുകള്‍, അലങ്കാരവസ്‌തുക്കള്‍... ദാഹം തോന്നിയപ്പോള്‍ അയാള്‍ പോയെടുത്ത പാത്രം സ്വര്‍ണമായി. പക്ഷേ, അതിലെ വെള്ളവും സ്വര്‍ണമായി. ഭക്ഷണത്തില്‍ അയാള്‍ തൊട്ടതും അതു സ്വര്‍ണമായി. ഭാര്യയെ അയാള്‍ തൊട്ടു, അവളൊരു സ്വര്‍ണവിഗ്രഹമായി. അയാളെ നോക്കി പേടിച്ചുനില്‍ക്കുന്ന ഒരു സ്വര്‍ണവിഗ്രഹം. താന്‍ തൊടുന്നതൊക്കെ നിശ്ചേതനമായ ഖരവസ്‌തുക്കളാവുകയാണെന്നു കണ്ട്‌, താന്‍ തൊടുന്നതൊക്കെ നിശ്ചലമാവുകയാണെന്ന്‌ കണ്ട്‌ അയാള്‍ ഭീതിദനായി. എല്ലാം മരിച്ചു സ്വര്‍ണമായിത്തീരുന്ന ഒരു പ്രവര്‍ത്തനത്തിന്റെ മാധ്യമമാവുകയാണ്‌ താനെന്നുകണ്ട്‌ അയാള്‍ നടുങ്ങി. ''തൊട്ടതൊക്കെ പൊന്നായിപ്പോകട്ടെ'' എന്നൊരു ശാപമല്ലേ താന്‍ നേടിയെടുത്തത്‌? (നിങ്ങള്‍ പ്രാര്‍ഥിക്കുന്നത്‌ ഒരു വരത്തിനല്ല, ഒരു ശാപത്തിനാണെന്ന്‌ ആരും പറഞ്ഞുതരാത്തതെന്ത്‌?) ആഗ്രഹിച്ചാല്‍ പൊന്നാവാത്തതിലാണ്‌ അനുഗ്രഹമുള്ളതെന്ന്‌, മഹിമയുള്ളതെന്ന്‌ അയാളറിഞ്ഞു. താന്‍ നഷ്‌ടപ്പെടുത്തിയ ലോകത്തിന്റെ ചൈതന്യം അയാളറിഞ്ഞു. മനുഷ്യന്‌ മാറ്റാനാകാത്ത ചിലതുള്ളതുകൊണ്ടുകൂടിയാണ്‌ ലോകം
ഇത്ര വിസ്‌മയകരം എന്നയാള്‍ അറിഞ്ഞു. തൊട്ടതൊക്കെ ജഡമായി മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍നിന്ന്‌ തന്നെ അനുസരിക്കാത്ത ലോകത്തെ ഓര്‍ത്ത്‌ അയാള്‍ ഖേദിച്ചുകൊണ്ടിരുന്നു. അസാധ്യതയോളം വലിയ സാധ്യതയില്ലെന്നും അയാള്‍ക്കു ബോധ്യപ്പെട്ടു.

ഭാരതീയരുടെ ഭസ്‌മാസുരന്റെ കഥയും ടോള്‍സ്റ്റോയിയുടെ 'ഒരാള്‍ക്കെത്ര ഭൂമി വേണം' എന്ന കഥയും മെഥാസിന്റെ കഥതന്നെ. ആഗ്രഹിച്ചത്‌ നേടാന്‍ കഴിയുന്നവന്റെ ദുരന്തത്തെക്കുറിച്ചുള്ള കഥകളാണിവ. ബഷീറിന്റെ ഒരു കഥയില്‍ 'ഈ മണല്‍ത്തരിയത്രയും സ്വര്‍ണമാവട്ടെ' എന്നു കല്‌പിക്കുന്നുണ്ട്‌ അതിലെ നായകന്‍. ദൈവമേ, അങ്ങയുടെ അനന്തമായ മഹത്വം അതു സ്വര്‍ണമായില്ല എന്ന്‌ അറിയുന്നുണ്ട്‌.

മെഥാസിന്റെ വരം കിട്ടിയാല്‍ തുള്ളിച്ചാടുന്നവരാണ്‌ കേരളത്തിലെ രക്ഷിതാക്കളെല്ലാം. അടുത്തുകൂടി പോകുന്നവരെയൊക്കെ തൊട്ട്‌ സ്വര്‍ണമാക്കി മകള്‍ക്കുള്ള ആഭരണങ്ങള്‍ പണിയും അയാള്‍. ഇനിയും എത്ര കിളച്ചാലാണ്‌, എത്ര കട്ടാലാണ്‌, എത്ര പാഞ്ഞാലാണ്‌, എത്ര ഉന്തിയാലാണ്‌ ആവശ്യമായ പൊന്നാവുക എന്നല്ലേ ദൈനംദിന കേരളീയര്‍? അവികസിത രാജ്യങ്ങളിലെ മനുഷ്യര്‍ ആഭരണത്തിനും ചമയങ്ങള്‍ക്കും ചെലവഴിക്കുന്നതിന്റെ ചെറിയൊരംശമേ വികസിതരാജ്യങ്ങളിലെ മനുഷ്യര്‍ ചെലവഴിക്കുന്നുള്ളൂ. മലയാളിസ്‌ത്രീക്ക്‌ നാണംമാറ്റാന്‍ വസ്‌ത്രങ്ങള്‍ മാത്രം പോരാ. മേലാസകലം സ്വര്‍ണം വേണം. അവള്‍ക്ക്‌ ഒരു 'കനകമയമൃഗം'തന്നെയാവണം. ലോകത്തിലെ ഏറ്റവും വിരൂപയായ സ്‌ത്രീ എടുത്താല്‍പൊന്താത്ത ആഭരണങ്ങളുമായി നില്‍ക്കുന്ന കേരളീയവധുവല്ലേ?

Tuesday, September 15, 2009

ഇ മെയിലിനുള്ളിലെ ഡോളര്‍മഴ
അധാര്‍മ്മീകത കൊടികുത്തി വാഴുന്ന ഇന്നത്തെ ലോകത്തില്‍ ഈ ഒരു ചെറു വിവരണം അത്ര പ്രസക്തവും വായനാസുഖവും കിട്ടാനിടയില്ല. പരിപൂര്‍ണമായും വ്യാജമാണ് ഇതെന്നും മനസ്സിലാക്കിയ ശേഷമാണ് ഇതിന്റെ നിഗൂഡമായ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ നിര്‍ബന്ധിതനായത്,കപടതന്ത്രങ്ങളുടെ ഗതിവിഗതികള്‍ അറിയുവാനുള്ള ഒരു ജിജ്ഞാസ മനസ്സില്‍ കടന്നു കൂടി എന്നു പറയാം. ഒരു നേരമ്പോക്കായി മാത്രം കരുതിയിരുന്ന ഒരു കാര്യം ഗൌരവപൂര്‍ണമായിതീരുമ്പോഴുള്ള അവസ്ഥ,നിങ്ങളും ഒരു നേരമ്പോക്കയിമാത്രമേ കാണാവൂ ...

പലരും കണ്ടില്ലാ കേട്ടില്ലാ എന്നു നടിച്ചു വിട്ടുകളയുന്ന ഒരു കാര്യമാണിത്, ഒരു fake മെസ്സെജിന്റെ കാര്യമാണു, ഇതിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിചെന്നാല്‍ എന്തൊക്കെയാ കാണുവാന്‍ സാധിക്കുക നമ്മുടെ ചിന്തയ്ക്ക് തന്നെ അതീതമാണിത് എന്നും തോന്നിപ്പോകും.

ഒരു ദിവസം രാവിലെ, സാധാരണയായി മെയില്‍ ചെക്കുചെയ്യുന്നത് എല്ലാവരും രാവിലെ ഓഫീസില്‍ ചെന്നയുടനെ ആണല്ലോ … അന്നും ഞാന്‍ മെയില്‍ നോക്കുകയായിരുന്നു എന്നത്തേതും പോലെ കുറച്ചു സുഹൃത്തുക്കളുടെ വിവരങ്ങള്‍, അതിനിടെ കാപിറ്റല്‍ ലെറ്ററില്‍ ഒരു മെസ്സേജ്, അതിന്റെ ഉള്ളടക്കം ഇതാണ് " നിങ്ങള്‍ ഇ - മെയില്‍ വിജയി ആയിരിക്കുന്നു 25,000 ഡോളര്‍ നിങ്ങള്‍ക്കു സമ്മാനമായി കിട്ടിയിരിക്കുന്നു". സെലക്ട്‌ ചെയ്തു ഡിലീറ്റ് ചെയ്യാന്‍ തുടങ്ങുമ്പോഴാണ് യാദൃശ്ചികമായി എന്റെ സുഹൃത്ത്‌ പുറകില്‍ തട്ടി വിളിച്ചത് ഒപ്പം മെയിലും ശ്രദ്ധിച്ചു, കാരണം മെയിലില്‍ ഒരു കാഷ് വൌച്ചര്‍ എന്നു തോന്നിക്കുന്ന ഇമേജും ഉണ്ടായിരുന്നു. മെയില്‍ മുഴുവനായും വായിച്ചു തീര്‍ത്തപ്പോള്‍ എന്തായാലും ഒന്നു പിന്തുടര്‍ന്നാല്‍ എന്താ, വ്യാജവുമാണ്‌ കള്ളന്മാരുടെ കള്ളത്തരങ്ങള്‍ അറിയാലോ, തിരിച്ചൊരു മെയില്‍ അത്രയല്ലേ ഉള്ളൂ, അന്നു വൈകുന്നേരം ഒരു നല്ല മറുപടിയും വച്ചു പിടിപ്പിച്ചു, അപ്പോഴും ഒരു തമാശ, അത്രമാത്രമേ ഇതിനെ കണ്ടുള്ളൂ .

പിറ്റേന്നു രാവിലെ തന്നെ അതിന്റെ മറുപടിയും കിട്ടി ഒരു ഒന്നൊന്നര പേജ് ഉണ്ടായിരുന്നു, ഇതിലെ ഉള്ളടക്കം ഇതായിരുന്നു, ഞങ്ങള്‍ എല്ലാവര്‍ഷവും e-meyil contest നടത്താറുണ്ട്‌, തിരഞ്ഞെടുക്കുന്ന firstprize 25,000 ഡോളര്‍ രണ്ടുപേര്‍ക്കും, second അഞ്ചുപേര്‍ക്ക് 20,000 ഡോളറും trird പത്തുപേര്‍ക്ക് 10000 ഡോളറും etc .. ഇങ്ങിനെ പോകുന്നു സമ്മാനങ്ങളുടെ പ്രവാഹം, ഇതില്‍ ഒന്നാമത്തേത് എനിക്കു കിട്ടി എന്നത് സന്തോഷ പൂര്‍വ്വം നിങ്ങളെ അറിയിച്ചു കൊള്ളുന്നു. (കിട്ടുന്ന എല്ലാവര്‍ക്കും ഒന്നാം സമ്മാനമായിരിക്കുമല്ലോ) അതോടൊപ്പം ഈ തുക പതിനഞ്ചു ദിവസത്തിനകം സമ്മാനം ലഭിച്ചവര്‍ക്ക് കിട്ടിയിരിക്കണം എന്നും ഇങ്ങിനെ പോകുന്നു.

ഗൂഗിളുകാര്‍ക്ക് ഒരു പണിയും ഇല്ലാതെ ചൊറിയും കുത്തിയിരിക്കുന്നപോലെയാണ് അവരുടെ കാര്യങ്ങള്‍, അല്ല അവരെയും പറ്റിക്കുകയാണല്ലോ ഈ വിരുതന്മാര്‍ … അയച്ചുകൊടുത്ത മെയിലിനു മറുപടി അരമണികൂറിനുള്ളില്‍ തന്നെ തിരിച്ചു വരുന്നു. ഇങ്ങിനെ എത്ര പേര്‍ക്കു അവര്‍, കൂതറകള്‍ അയച്ചുകാണും, ആയിരം പേര്‍ക്കാണെങ്കില്‍ വെറും പത്തുപേരുടെ response മതിയല്ലോ മെയില്‍ ആയതിനാല്‍ ആരും അറിയാനും പോകുന്നില്ല അറിയിക്കാതിരുന്നാല്‍, ആ അതുപോകട്ടെ നമ്മുടെ നാടകത്തിലേക്കു കടക്കാം.
എന്തായാലും ഇത്രത്തോളം എത്തിയല്ലോ ഒരു കൈനോക്കി കളയാം എന്നും കരുതി. കച്ചകെട്ടി പുറപ്പെടാന്‍ തന്നെ തീരുമാനിച്ചു. അവര്‍ക്കുള്ള മറുപടിയില്‍ ഇങ്ങിനെയും ചേര്‍ത്തു, സമ്മാനത്തുക ഈ വിലാസത്തില്‍അയച്ചാല്‍ മതി എനിക്കു കിട്ടും പിന്നെ കുറച്ചു എഴുതി സുഖിപ്പിക്കുകയും ചെയ്തു, എന്താ കിട്ടിയാല്‍ എത്രയാ ഓ.. വിശ്വസിക്കാന്‍ കൂടി പറ്റുന്നില്ല. ഗള്‍ഫില്‍ എന്തിനാ ജോലി ചെയ്യുന്നത് നമ്മുടെ നാടു തന്നെ വാങ്ങാമല്ലോ ആഗ്രഹങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ ഇല്ലാതായി.

പിന്നെയാ ക്ലൈമാക്സിലേക്ക് നീങ്ങുന്നത്‌ …

ഞങ്ങള്‍ ഈ കാശു കൊറിയര്‍ ആയിട്ടാണ് അയക്കുന്നത് ഷിപ്പിലാണ് വരുന്നത്, europian രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് വരുന്നത് ഒരാഴ്ചയെങ്കിലും യാത്ര ചെയ്‌താല്‍ മാത്രമേ പ്രസ്തുത സ്ഥലത്തേക്ക് എത്തുകയുള്ളൂ ഷിപ്പ് ആയതിനാലാണ് ഈ താമസം, ആയതിനാല്‍ നിങ്ങള്‍ ഈ കൊറിയര്‍ സര്‍വീസ് ചാര്‍ജ് ഈ വിലാസത്തിലുള്ള കൊറിയര്‍ കമ്പനിയിലേക്ക് അയക്കണമെന്ന് വിനീതമായി താണു വീണു കേണു അപേക്ഷിക്കുന്നു. ഈ വിനീതമായ അഭ്യര്‍ഥന എപ്പോഴും കൂടെ കൊണ്ടുനടക്കുന്നവരാന് ഇവര്‍ കേട്ടോ .. വീട്ടിലും അതുപോലെ ആണെങ്കില്‍ നന്നായേനെ …അതു കൂടാതെ ഷിപ്പ് യാത്രചെയ്യുന്ന മാപ്പും ഉണ്ട്‌ കുറച്ചു ഫ്ലാഷില്‍ ചെയ്ത സംഭവവും കൂടെ ഒന്നിച്ചു അയച്ചിട്ടുണ്ട്. നിശ്ചിത സ്ഥലത്തു ടൈപ്പ് ചെയ്തു എന്റര്‍ ചെയ്‌താല്‍ ഷിപ്പ് ഇപ്പോള്‍ എവിടെ എത്തി എന്നു മനസ്സിലാക്കാം കുറെ പേര്‍ ഇതിന്റെ പുറകിലുണ്ട് എന്നു തോന്നുന്നു, ഞങ്ങള്‍ക്ക് വൈകുന്നേരം ഇതൊരു തമാശയായി, കൂടാതെ നമ്മുടെ സമയം മെനക്കെടുതുന്നത് സഹിക്കാനും പറ്റുന്നില്ല, നമ്മുടെ കമ്പനിയുടെ ബോസ്സ് ആണെങ്കില്‍ ബ്രിട്ടീഷ്‌കാരാണ്. ഈ കാര്യം ചുമ്മാ പറഞ്ഞപ്പോള്‍ ആദ്യം ടെഷ്യപ്പെടുകയായിരുന്നു വേറൊന്നുമല്ല ജോലി ചെയ്യുന്ന സമയത്താണോ ഈ പരിപാടി എന്നു വിചാരിച്ചുകാണും.

കാര്യത്തിലേക്ക് കടക്കാം. കൊറിയര്‍ കാശ് അയച്ചു കഴിഞ്ഞാല്‍ അതിന്റെ details അവര്‍ക്കു കിട്ടിയാല്‍ ഇതുമായുള്ള ബന്ധം വിടുമെന്നു ഊഹിക്കവുന്നതല്ലേ ഉള്ളൂ. അന്നത്തെ മെയിലില്‍ ഇങ്ങനെ എഴുതി എനിക്കു കിട്ടാനുള്ള കാശു ഇത്ര ആണല്ലോ നിങ്ങളുടെ കൊറിയര്‍ ചാര്‍ജ് കഴിച്ചുള്ള കാശു എനിക്കു അയച്ചു തന്നാല്‍ മതി, ന്യായ മായകാര്യമാണല്ലോ, ഞങ്ങള്‍ അയക്കുന്ന കാശു brake ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല , അതുകൊണ്ട് മുഴുവന്‍ കാശും അര്‍ഹതപെട്ട ആള്‍ക്കാര്‍ക്ക് എത്തിക്കണം എന്നതാണു വ്യവസ്ഥ, ഹരിശ്ചന്ദ്രന്‍ പോലും പുറകില്‍ നില്‍ക്കേണ്ടിവരും എന്നു തോന്നിപ്പോയി .

ഇതിന്റെ കൂടെ id യും ചോദിച്ചിരുന്നു കാരണം കിട്ടേണ്ട ആള്‍ക്ക് തന്നെ കിട്ടണം എന്നത് കൊണ്ടാന്നു പോലും ഡ്യൂപ്ലിക്കേറ്റ്‌ id ഉണ്ടാക്കാന്‍ നമുക്കുണ്ടോ ബുദ്ധിമുട്ടു, അദ്ദേഹത്തിന്റെ id ആവശപ്പെട്ടപ്പോള്‍ ഗൂഗിള്‍ ഇമേജിലുള്ള ഒരു വെള്ളക്കാരന്റെ ഫോട്ടോയും അയച്ചു തന്നു, അവരുടെ id ചോദിച്ചപ്പോള്‍ അവരുടെ ബോസ് അവര്‍ക്കു id കൊടുക്കുന്നില്ലപോലും ..ഇപ്പോള്‍ തന്നെ കുറച്ചു ദിവസം ഇതിനു വേണ്ടി മെനക്കെട്ടു, അടുത്തദിവസം വെള്ളിയും, ശനിയും ഓഫീസ് അവധിയാണ് …

ഞാറാഴ്ച അവരുടെ മൂന്ന് മെയിലുകള്‍ ഒന്നിച്ചു വന്നു .. അവരുടെ മൊബൈല്‍ ഫോണും, വ്യാജരാജാക്കന്മാര്‍, landline ഉണ്ടാകില്ലല്ലോ .. കൊറിയര്‍ യഥാര്‍ത്ഥമാന് അല്ലാതെ കാശുകിട്ടില്ലല്ലോ അതിലെ വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെയില്ല, ചിലപ്പോള്‍ അവിടത്തെ കാര്യങ്ങള്‍ക്ക് വേണ്ടി ആയിരിക്കും, ഇതിനു വേണ്ടിയുള്ള സൈറാണ് കേട്ടോ കോണ്ടാക്റ്റ് ആയിട്ട് ഈ മൊബൈല്‍ നമ്പര്‍ മാത്രം, ഓണത്തിനിടെ പുട്ട് കച്ചവടം പോലെ മറവില്‍ ഇങ്ങിനെയുള്ള ബിസിനെസ്സ്‌,
അന്നു തന്നെ ഒരു മെയിലൂടെ ഈ പരിപാടി അവസാനിപ്പിക്കാം എന്നു കരുതി. തനിക്കൊക്കെ ഈ പണിക്കു പോകുന്നതിനേക്കാള്‍ നല്ലതു മറ്റു വല്ല …………….. നും പോകുന്നതാ… (അവിടെ ചെര്‍ക്കാനുള്ളത് നിങ്ങള്‍ക്കു വിട്ടു തന്നിരിക്കുന്നു)

ഇതില്‍ വഞ്ചിതരാകുന്ന ആള്‍ക്കാരുണ്ടാകുമോ? ഇതിനെതിരെ പ്രതികരിക്കാനും വയ്യല്ലോ കാരണം അങ്ങിനെ ഒരു contest ഉം ഇല്ല എന്നതും ആരുടെ പേരില്‍ ? ഇതിനൊക്കെ മറുപടി അയക്കുന്ന നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ ? ഇങ്ങനെ ഓരോരോ ചോദ്യങ്ങള്‍ മനസ്സിലൂടെ കടന്നു പോകുന്നു അതോ ഇതും ഇവന്മാരുടെ കുലത്തോഴിലാണോ ... ?? ! ! !

നാലഞ്ചു ദിനങ്ങള്‍ക്കു മുന്‍പു കൊടികയറിയ ഈ ഉത്സവാഘോഷങ്ങള്‍ക്ക് ഇന്നലെ വൈകുന്നേരമാണ് കൊടിയിറങ്ങിയത്.

Saturday, September 12, 2009

ആല്‍ത്തറയും അണ്ണാന്‍കുഞ്ഞും


ആല്‍ത്തറയില്‍ ഇട്ടിട്ടുള്ള പോസ്ടാണ്, ഒന്നിവിടെയും നിന്നോട്ടെ ...


മുന്നൂറു വര്‍ഷം മുന്‍പ് അപരിചിതനായ ഒരു വിദേശി നമ്മുടെ ഭാഷയ്ക്ക് ആദ്യ നിഘണ്ടു നല്‍കി. ഇരുന്നൂറു വര്‍ഷം മുന്‍പ് വിജ്ഞാനദാഹിയായ ഒരു വിദേശി നമ്മുടെ ജൈവവൈവിധ്യത്തെ ആദ്യമായി അപഹരിച്ചു. പശ്ചിമഘട്ടത്തിന്റെ സുഗന്ധം തേടി വന്ന വിദേശികള്‍ നമ്മുടെ സംസ്ക്കാരത്തിന്റെ വൈവിദ്യതിലേക്ക് ലയിച്ചു. നമ്മുടെ ദേശത്തെയും, ഭാഷയെയും, സംസ്കാരത്തെയും സ്നേഹിക്കുന്ന അറുപതു ലക്ഷത്തോളം ഓരോ വര്‍ഷവും കേരളത്തിലെത്തുന്നു. ലോകം, ഇന്ന് കേരളത്തെക്കുറിച്ച് അഭിമാനിക്കുന്നു. നമ്മളോ ?

ആ കൊച്ചു കേരളത്തിലെ ബ്ലോഗുതരവാടിലോന്നായ " ആല്‍ത്തറയും " അതിനു തണലേകി കൊണ്ടു വളര്‍ന്നു വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വലിയൊരു ആല്‍മരത്തിന്റെ തണലില്‍ ഇരുന്നുകൊണ്ട്‌ നമുക്കും നമ്മുടെ കലാ, സാംസ്കാരിക, സംഗീതാതികള്‍ ഭാവനകള്‍ ചിറകു വിടര്‍ത്തി പറന്നാസ്വദിക്കാം ... ഈ ആല്‍ത്തറയുടെ ചുറ്റും ഒത്തിരി ഒത്തിരി ഇരിപ്പിടങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു, അല്ല ആല്‍ത്തറ നിങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു. നമുക്കു തണലേകി അരയാല്‍ മുത്തഛന്റെ ഇലകളുടെ മര്‍മ്മരങ്ങളും ഇളം കാറ്റും ഏറ്റുകൊണ്ട് നമുക്കു കുശലങ്ങള്‍ പറയാം .. അഭിപ്രായങ്ങള്‍ കൈമാറാം അടിപിടി കൂടാം .. നമ്മുടെ നാടിനെക്കുറിച്ച് അന്യ ദേശക്കാരെപ്പോലെ നമുക്കും അഭിമാനിക്കാം. ഈ അരയാലിനെ പോലെ കുടുംബവും വാനോളം വളരട്ടെ ! വളര്‍ന്നു പന്തലിക്കട്ടെ !!! ....

അതാ ഒരു അണ്ണാന്‍ കുഞ്ഞു ചില്‍ ... ചില്‍ ശബ്ദത്തോടെ അരയാലിന്‍ കൊമ്പില്‍ നിന്നും ഇറങ്ങി വരുന്നു. എന്നത്തേയും പോലെ ഇന്നും ആല്‍ത്തറക്കു ചുറ്റും തുള്ളിചാടുകയാണ് പുതിയ അതിഥികള്‍ ആരെങ്കിലും ഉണ്ടോ എന്നു നോക്കുവാനായിരിക്കും ... വര്‍ത്തമാനം ചോല്ലാനായിരിക്കും .. കുശലം പറയാനായിരിക്കും ... എന്നും ഈ അണ്ണാന്‍ കുഞ്ഞിനു പുതിയ പുതിയ സുഹൃത്തുക്കളെകാണട്ടെ ...
നമുക്കു ആല്‍ത്തറയിലേക്ക് നടക്കാം ... വരൂ .....

Friday, September 4, 2009

മൈന്‍ഡ് യുവര്‍ ഒവ്‌ണ്‍ ബിസിനസ്സ് !

ഒന്‍പതു മാസം ഒന്‍പതു ദിവസം
ഒന്‍പതു നാഴിക ഒന്‍പതു വിനാഴിക
ഗര്‍ഭത്തില്‍ പേറിവന്ന അരുമ സന്താനം
പതിനെട്ടു കഴിഞ്ഞാല്‍ പതറാതെ പറയുന്നു
മൈന്‍ഡ് യുവര്‍ ഒവ്‌ണ്‍ ബിസിനസ്സ് !

ഇന്റര്‍നെറ്റിന്റെ വാതായനത്തിലൂടെ വിരല്‍ത്തുമ്പില്‍
വിദ്യകാട്ടി വരുതിയിലാക്കിയ ഇണയുമൊത്തു
അനാശാസ്യ മാര്‍ഗ്ഗത്തിലേക്കു നീങ്ങുമ്പോള്‍
നൊന്തുപെറ്റ അമ്മയും അവള്‍ കാട്ടിക്കൊടുത്ത അച്ഛനും
എന്താണിതെന്നു ചോദിക്കെ
മൈന്‍ഡ് യുവര്‍ ഒവ്‌ണ്‍ ബിസിനസ്സ് !

ഓമനപുത്രന്‍ മയക്കുമരുന്നു വ്യാപാരത്തില്‍ ബന്ധനസ്ഥനായി
കാരാഗൃഹത്തില്‍ക്കഴിയുമ്പോള്‍ കാണുവാനെത്തുന്ന
മാതാപിതാക്കളോട് അലറുമോ
മൈന്‍ഡ് യുവര്‍ ഒവ്‌ണ്‍ ബിസിനസ്സ് !

പുന്നാരമകള്‍ അവിഹിത ഗര്‍ഭിണി
പ്രസവിക്കെ അച്ഛനേതെന്നുകാട്ടാന്‍ അമ്മക്കു കഴിഞ്ഞു
അവള്‍ക്കോ ജനയിതാക്കളോട് അലറുമോ
മൈന്‍ഡ് യുവര്‍ ഒവ്‌ണ്‍ ബിസിനസ്സ് !

അവന്‍ വീണ്ടും വരും . . .


ഡബ്ലിയു ഡബ്ലിയു ഡോട്ട് കോമില്‍
സൈബറിലേക്ക് പോവുന്നപോലെയല്ല
ഭൂമി കുഴിച്ചു കുഴിച്ചു ചെല്ലുമ്പോള്‍
കിട്ടുന്നതു ജീവന്റെ ഓര്‍മകളാണ്
ഓരോരോ ജീവനിലും അതിജീവനത്തിന്റെത്
ബാല്യം കുഴിച്ചിട്ട ഒരു കിനാവിത്തു
കൌമാരത്തിന്റെ പ്രണയമുള്ള
ചരിത്രസമാരങ്ങളുടെ ചുവന്നമണ്ണ്
മാതൃസഹനങ്ങളുടെ കണ്ണീരുപ്പ്
മണ്ണിനും മനസ്സിനും മൃതാവശിഷ്ടങ്ങളില്ലാ
പിന്നെയും കുഴിച്ചു ചെന്നാല്‍ ഒരടരില്‍
ഭൂമിപിളര്‍ന്നുപോയ സീതാമാതാവ്
അന്തര്‍വാഹിനിയായ സരസ്വതിദേവി
പിന്നെയും ചെന്നാല്‍ കുനിഞ്ഞ
ശിരസ്സോടെ മഹാബലിയെ കാണാം
വാമനദേവന്‍ ചവിട്ടിത്താഴ്ത്തിയ
ഭൂമിയുടെ നിത്യസ്വപ്നം
മണ്ണ് കുഴിച്ചു ചെല്ലുമ്പോള്‍
മനസ്സു കുഴിച്ചു ചെല്ലുമ്പോള്‍
ഗഗനഗര്‍വ്വങ്ങളുടെ വലഭേദിച്ച്
പീഡനങ്ങളുടെ പാതാളം ഭേദിച്ച്
ഒരു ശീലക്കുടയും ചൂടി നിറവയറും
തടവിക്കൊണ്ട് നമ്മെ കാണാന്‍
അവന്‍ വീണ്ടും വരിക തന്നെ ചെയ്യും
ഓണപൂക്കളവും ഒരുക്കി വീണ്ടും കാത്തിരിക്കാം
നമ്മുടെ മാവേലി മന്നനെ എതിരേല്‍ക്കാം . . .