Friday, September 4, 2009

അവന്‍ വീണ്ടും വരും . . .


ഡബ്ലിയു ഡബ്ലിയു ഡോട്ട് കോമില്‍
സൈബറിലേക്ക് പോവുന്നപോലെയല്ല
ഭൂമി കുഴിച്ചു കുഴിച്ചു ചെല്ലുമ്പോള്‍
കിട്ടുന്നതു ജീവന്റെ ഓര്‍മകളാണ്
ഓരോരോ ജീവനിലും അതിജീവനത്തിന്റെത്
ബാല്യം കുഴിച്ചിട്ട ഒരു കിനാവിത്തു
കൌമാരത്തിന്റെ പ്രണയമുള്ള
ചരിത്രസമാരങ്ങളുടെ ചുവന്നമണ്ണ്
മാതൃസഹനങ്ങളുടെ കണ്ണീരുപ്പ്
മണ്ണിനും മനസ്സിനും മൃതാവശിഷ്ടങ്ങളില്ലാ
പിന്നെയും കുഴിച്ചു ചെന്നാല്‍ ഒരടരില്‍
ഭൂമിപിളര്‍ന്നുപോയ സീതാമാതാവ്
അന്തര്‍വാഹിനിയായ സരസ്വതിദേവി
പിന്നെയും ചെന്നാല്‍ കുനിഞ്ഞ
ശിരസ്സോടെ മഹാബലിയെ കാണാം
വാമനദേവന്‍ ചവിട്ടിത്താഴ്ത്തിയ
ഭൂമിയുടെ നിത്യസ്വപ്നം
മണ്ണ് കുഴിച്ചു ചെല്ലുമ്പോള്‍
മനസ്സു കുഴിച്ചു ചെല്ലുമ്പോള്‍
ഗഗനഗര്‍വ്വങ്ങളുടെ വലഭേദിച്ച്
പീഡനങ്ങളുടെ പാതാളം ഭേദിച്ച്
ഒരു ശീലക്കുടയും ചൂടി നിറവയറും
തടവിക്കൊണ്ട് നമ്മെ കാണാന്‍
അവന്‍ വീണ്ടും വരിക തന്നെ ചെയ്യും
ഓണപൂക്കളവും ഒരുക്കി വീണ്ടും കാത്തിരിക്കാം
നമ്മുടെ മാവേലി മന്നനെ എതിരേല്‍ക്കാം . . .

1 comment:

ഒരു നുറുങ്ങ് said...

ഇതില്‍ വട്ടില്ല മാഷേ,നോ കമന്‍റ്സ്!