
ആദ്യമേ എന്റെ മുത്തശ്ശിയുടെ ഏകദേശ രൂപം അറിയണ്ടേ... മുത്തശ്ശിയും പഴമയുടെ മൊഴിമുത്തുകളും ... എന്ന പഴയ പോസ്റ്റ് കണ്ടോളൂ ...
ഇന്നലെ സന്ധ്യക്ക് വീട്ടില്‍ കാലെടുത്തു കുത്തുംമ്പോഴേക്കും മുത്തശ്ശിയുടെ ഉച്ചത്തിലുള്ള ഡയലോഗാ ....
നാണോം മാനോം കെട്ടവള്... നാണോം മാനോം തൊട്ടു തീണ്ടീട്ടില്ല!!!
ഞാന്‍ ഞെട്ടിപ്പോയി!! ങേ ... എന്തുപറ്റി എല്ലാവര്ക്കും ...
എന്നെയാണോ ആദ്യം ഒന്നും മനസ്സിലായില്ല, വീട്ടിലേക്കു കയറിയപ്പോഴല്ലേ സംഭവത്തിന്റെ ഗുട്ടന്‍സ് മനസ്സിലായത്. ഇളയച്ഛന്റെ മകള്‍ കാല്‍മുട്ടുവരെയുള്ള ഡ്രസ്സ് ഇട്ടു നില്ക്കുന്നു,
അവളുടെ ചുറ്റും വീട്ടുകാരും, എല്ലാവരും ചിരിക്കുന്നു. അവളെ ഓര്‍ത്തല്ല മുത്തശ്ശിയുടെ പ്രകടനം കണ്ടാസ്വദിക്ക്വാ.... അവരൊക്കെ ... മുത്തശ്ശിയുടെ ഉച്ചത്തിലുള്ള വാക്കുകള്‍ കേട്ട് മുറിയില്‍നിന്നും ഓടി വന്നവരാണ്.
വിവരങ്ങള്‍ തിരക്കിയപ്പോള്‍ അവളുടെ കൂട്ടുകാരികള്‍ ഇതുപോലുള്ള ഡ്രസ്സുകള്‍ ഉപയോഗിക്കുമ്പോള്‍ അവള്‍ക്കും ഒന്ന് വാങ്ങിക്കുവാന്‍ തോന്നി. ദീപാവലിക്ക് കൂട്ടുകാരികള്‍ എല്ലാവരും ഓരോന്നു വാങ്ങുമ്പോള്‍ അവളൊന്നു വാങ്ങി, അതു കുറച്ചു മോഡേണ്‍ ആയിപ്പോയി... അതിനു ഇത്രേം പറയേണ്ട കാര്യമെന്താ ... കാലം മാറുകയല്ലേ ... എന്നും ഒരേ പോലെ മതിയോ ...
ഇടയ്ക്കു മുത്തശ്ശിയോട് അവള് പറയുന്നുണ്ടായിരുന്നു മുത്തശ്ശി സാരിയോന്നുമാല്ലല്ലോ ഉടുത്തത് ചെറിയ മുണ്ടല്ലെ ? എന്നാ സല്‍വ്വാറും കമ്മീസും ഇട്ടൂടെ എന്നൊക്കെ ...
എന്താണീ നാണോം മാനോം? വര്‍ഷങ്ങളോളം പഴക്കമുണ്ട്, എന്നും കേട്ട് കൊണ്ടിരിക്കുകയും ചെയ്യുന്നു. ജനങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ആരെങ്കിലും ചെയ്താല്‍ ഉടനെ ഇത് പ്രതീക്ഷിക്കാം അവനു / അവള്‍ക്കു നാണോം മാനോം തീരെയില്ല. സാധാരണ കല്യാണപന്തലില്‍ വധുവിനു നാണം ഉണ്ടാകാറുണ്ട്, ചിലപ്പോള്‍ അവളുടെ ആദ്യ സംഭവം ആയതുകൊണ്ടായിരിക്കും അല്ലെങ്കില്‍ ചെറുക്കന്റെ അടുത്തു നില്‍ക്കുന്നത് കൊണ്ടായിരിക്കും.
കുട്ടികളിലും കാണാം. അസഭ്യമായ കാര്യങ്ങളിലേക്ക് ചെന്നാല്‍ "മാനമായി". എന്തൊരു നാണംകെട്ട പരിപാടിയാണത്....അവനു മാനമില്ല.
കല്യാണത്തിന് സദ്യ പാതിവഴിക്ക് തീര്‍ന്നു പോയാല്‍ ഇത് ഉറപ്പാ ....ഗൃഹനാഥനു നിക്കപ്പൊറുതി കിട്ടാന്‍ വഴിയില്ല മാനക്കേട് ....
ടെലിവിഷന്‍ കാണുകയാണെങ്കില്‍ ഇത് കേള്‍ക്കാനേ സമയമുണ്ടാകൂ.. MTV യോ ഡാന്‍സ് ചാനലോ കണ്ടാല്‍ അവരൊന്നും ധരിക്കാതെ ആണെന്ന് കൂടി തോന്നിപ്പോകും. അപ്പോള്‍ തോന്നും ഈ ഡ്രസ്സിലാണ് നാണോം മാനോം മുഴുവനും കിടക്കുന്നത് എന്ന്,
ആരെങ്കിലും കൂടി ഒളിച്ചോട്ടം നടത്തിയാലോ ... അപ്പോഴും അവള്‍ക്കും നാണവും മാനവും തൊട്ടു തീണ്ടീട്ടില്ല.
എന്നാലോ, വിദേശികള്‍ ഈ വഴിവന്നാല്‍ അവര്‍ സാരിയൊക്കെ ചുറ്റി നടന്നാല്‍ എന്തൊരു സന്തോഷാ ... നല്ലഭംഗി അല്ലേ ...അവര്‍ക്ക് സാരിഉടുക്കാം, ഇവിടത്തെ കുട്ടികള്‍ ഓരോന്ന് വാരിവലിച്ചു കെട്ടുന്നത് ഇവന്മാര്ക്ക് ഇഷ്ടല്ല. അല്ല വിദേശികള്‍ക്കും തോന്നുന്നുണ്ടാകുമോ നാണോം മാനോം... ചിലപ്പോള്‍ അവര്‍ക്ക് naanams & maanams ആയിരിക്കും.
മുത്തശ്ശിയുടെ ഉച്ചത്തില്‍ വീണ്ടും ഉയര്‍ന്നു വന്നു ..
പെണ്‍പിള്ളേരായാല്‍ കുറച്ചൊക്കെ അടക്കോം ഒതുക്കോം വേണം .. ഓരോ കൊപ്രായോം കെട്ടി നടക്കുന്നു .... എല്ലാറ്റിനും ആങ്ങളമാരെ പറയാലോ, അവരല്ലേ ഇവള്‍ക്ക് ഓരോന്ന് പറഞ്ഞു കൊണ്ട് അലങ്കോലം കെട്ടിക്കുന്നത്.
ഇത് കേട്ടപ്പോള്‍ ആശ്വാസമായി, നമ്മള് ആണുങ്ങള്‍ക്ക് ഇതിന്റെ ഒന്നും ആവശ്യമില്ലാല്ലോ .... എന്ത് കോപ്രായവും കെട്ടി നടക്കാം.
കാലം മാറിയില്ലേ ... , പെങ്ങളുടെ മകന്, അവനു ഒന്നര വയസ്സേ ആയുള്ളൂ, അവന് മൊബൈലില്‍ പാട്ട് കേട്ടുകൊണ്ട് അതും എടുത്താണ് നടത്തം ഇങ്ങിനെയുള്ള ഈ ഇളയ തലമുറയ്ക്ക് ഇതൊക്കെ പറഞ്ഞാല്‍ ... അവര്‍ വല്ലതും പറയുന്നതും കേട്ടുനില്‍ക്കെണ്ടിവരും.
വേണ്ടേ ... ഇന്ത്യന്‍ കോഫീ ഹൗസിലെ സപ്ലയറെ തൊപ്പി വെക്കാന്‍ പഠിപ്പിക്കല്ലേ... എന്നും വേണമെങ്കില്‍ പറയും.
ഇത്രേം പറഞ്ഞിട്ടും എന്താ ഈ നാണോം മാനോം അത്രയ്ക്കങ്ങ് പിടികിട്ടിയില്ലാ കേട്ടോ ? എന്താ ഈ നാണോം മാനോം?
നിങ്ങള്‍ക്കറിയുമോ ഒന്ന് പറഞ്ഞുതരൂ ......
ആരോ പിറകില്‍നിന്നാരോ വിളിച്ചു കൂവുന്നു... ഏയ് ....
നിനക്ക് നാണോം മാനോം ഇല്ലേ???? ... ഇതൊക്കെ പരസ്യമായി ചോദിക്കാന്‍ !!!!!
നാണോം മാനോം കെട്ട കുരുത്തം കേട്ടവന് !!!
