Monday, October 19, 2009

മുത്തശ്ശിയും പഴമയുടെ മൊഴിമുത്തുകളും

മുത്തശ്ശിക്കു ആരോടും വഴക്ക് പറയാതെ ഒരു നിമിഷം പോലും ഇരിക്കാന്‍ കഴിയില്ലെന്ന് തോന്നുന്നു. പ്രത്യേകിച്ച് എന്നോട്, തലതെറിച്ചവന്‍, അസുരവിത്ത്‌ ... എന്നാല്‍ മറ്റുള്ളവര്‍ മുത്തശ്ശിയുടെ താളത്തിനൊത്ത് തുള്ളും. മറ്റൊന്നുമല്ല പഴയ വിശ്വാസം മുറുക്കെപ്പിടിക്കുന്നു.

അന്നു രാവിലെ കാക്കയുടെ കരച്ചില്‍ നീണ്ടുനിന്നപ്പോള്‍ മുത്തശ്ശി അമ്മയോട് പറഞ്ഞിരുന്നു ഇന്ന് ആരോ വരുന്നുണ്ട് രണ്ടുപേര്‍ക്കുള്ള അരി കൂടുതലിട്ടോളൂ. പറഞ്ഞത് അച്ച്ചട്ടം കുറച്ചു കഴിഞ്ഞപ്പോള്‍ പ്രതീക്ഷിക്കാതെ ഒരാള്‍ വന്നു. മുത്തശ്ശി ദൂരെനിന്നും കണ്ടെന്നുതോന്നുന്നു.

എടാ.. ഉമ്മറത്തു ആരോ വന്നിരിക്കുന്നു നീ പോയി നോക്കിയെ.. ഒരുകിണ്ടീം വെള്ളവും കൊണ്ടുകൊടുക്കൂ. അയാള്‍ കാല്‍കഴുകി കിണ്ടി ഏല്പിച്ചു. ഞാനത് യഥാ സ്ഥാനത്ത് വയ്ക്കുകയും ചെയ്തു.

ഉടനെ മുത്തശ്ശി, കിണ്ടിയുടെ വാലെങ്ങോട്ടാടാ.. തിരിച്ചു കിഴക്കോട്ടു വയ്ക്കെടാ " തലതെറിചവന്‍ ". ഞാന്‍ അയാളുടെ സംസാരം കേള്‍ക്കാന്‍ വാതില്‍പ്പടിയുടെ മുകളില്‍ചെന്നുനിന്നു. അപ്പോള്‍, വാതില്‍പടിയുടെ മുകളിലാണോടാ നില്‍ക്കുന്നത് താഴെ നില്‍ക്കെടാ. ഞാന്‍ ഇറങ്ങി ചുമര്‍ ചാരി തലയില്‍ കൈവച്ചു നിന്നു,
മുത്തശ്ശി ദേഷ്യത്തോടെ ഇവിടെ ആരെങ്കിലും മരിച്ചോ.. തലയില്‍ നിന്നും കൈയ്യെടുക്കെടാ. ങാ .. ഇക്കണക്കിനാണെങ്കില്‍ എന്നെ തമ്പുരാന്‍ വേഗം മുകളിലോട്ട് വിളിക്കും ഉറപ്പാ ...

എനിക്ക് തോന്നി മുത്തശ്ശിക്കു നാല് കണ്ണുണ്ടോ. കുശലം പറയുന്നതിനിടെ ഇതൊക്കെ എങ്ങിനെയാ കാണുന്നത്. പ്രായമേറുമ്പോള്‍ കാഴ്ചശക്തിയും കേള്‍വിശക്തിയും കൂടികൂടി വരുന്നുണ്ടോ.

സന്ധ്യക്ക്‌ വിളക്കുവയ്ക്കാറായാല്‍ ആകപ്പാടെ ഒരുതിരക്കാന്, എനിക്കുതോന്നും ഇന്നുമാത്രമേ ഉള്ളൂ ഇതോക്കെ ലോകം അവസാനിച്ചോ? വീടും പരിസരവും വൃത്തിയാക്കാന്‍ നിര്‍ദ്ദേശം കൊടുക്കലും, അഥവാ ഇത്തിരി വൈകിപ്പോയാല്‍ ഇരുത്തി പൊറുപ്പിക്കില്ല. അനുജത്തിയാണേല്‍ 'കീരിയും പാമ്പും'പോലെയാണ് രണ്ടുപേരും.

സന്ധ്യാനാമം ചോല്ലാനിരുന്നാല്‍ കുട്ടികള്‍, നമ്മളെല്ലാവരും വിളക്കിനു മുന്പിലിരുന്നു ആഴ്ചകളും, പക്കങ്ങളും, ഗുണഗോഷ്ടങ്ങളും... തെറ്റിയാല്‍ മുത്തച്ഛന്‍റെ വക ശകാരം, ആ കുറച്ചു സമയം മാത്രമേ മുത്തഛനു കിട്ടൂ. ആസമയത്ത് മുത്തശ്ശി അടുക്കള ഭരണമായിരിക്കും.

രാത്രിയായാല്‍ അറിയാതെന്കിലും ഒന്ന് ചൂളം വിളിച്ചാലോ ഉടനെ കേള്‍ക്കാം. ആരാത് ചൂളം വിളിക്കുന്നത്‌ ഇഴജന്തുക്കള്‍ കടന്നുവരാന്‍, ഇത് കേള്‍ക്കുമ്പോള്‍ തോന്നും ഇഴജന്തുക്കള്‍ ചൂളം വിളി കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുകയാണ് ഓടിവരാന്‍. ഇനി അറിയാതെന്കിലും അടുക്കളയില്‍ നിന്നും പാത്രം തെന്നി വീണാലോ, ഉടനെ തുടങ്ങും ദു:ശകുനം എന്തോ കഷ്ടകാലം വരാന്‍ പോകുന്നു എന്നൊക്കെ.

വീട്ടിലാരെങ്കിലും വരാന്‍ വൈകിയാല്‍, അവര്‍ വന്ന ശേഷം മാത്രമേ മുത്തശ്ശി എന്തെങ്കിലും കഴിക്കൂ.. വഴീലുടെ കന്നുംനട്ടിരിക്കുന്നുണ്ടാവും പാവം അത്ര സ്നേഹവുമായിരുന്നു എല്ലാവരോടും.

ഒരുനാള്‍ അനുജന്‍ വീട്ടില്‍നിന്നും അമ്മയോട് വഴക്കടിച്ചായിരുന്നു സ്കൂളിലേക്ക് പോയിരുന്നത്. തിരിച്ചെത്തേണ്ട സമയം കഴിഞ്ഞും എത്തിയില്ല. അമ്മയ്ക്ക് ഒരുപ്രശ്നവുമില്ലായിരുന്നു. അപ്പുറത്തെ ചെറുക്കന്‍റെ വീട്ടില്‍ പോയിക്കാണും, മുത്തശ്ശിയുടെ ഇടയ്ക്കിടെയുള്ള ചോദ്യങ്ങള്‍ക്ക് അമ്മയ്ക്ക് മറുപടിപറഞ്ഞു മടുത്തു, മുത്തശ്ശി വഴിയില്‍ നോക്കിയിരിക്കുകയാണ്, ഇടയ്ക്ക് കണ്ണുനീരും വരുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവനവന്നു. സാധാരണ മുത്തശ്ശിയാണ് തുടക്കം കുറിക്കുക. അന്ന് മുത്തശ്ശി ഒരക്ഷരം മിണ്ടീലാ. ഞാന്‍ കരുതി അല്‍പ്പ സമയം മുന്‍പേ കണ്ടിരുന്ന മുത്തശ്ശി തന്നെയാണോ ഇത്.

ആയിടയ്ക്കാണ് ചിറ്റമ്മയുടെ അസുഖം കൂടുതലെന്ന് പറഞ്ഞു ചിറ്റപ്പന്റെ മകന്‍ വന്നത്. കേള്‍ക്കേണ്ട താമസം ഒരു കെട്ടും തയ്യാറാക്കി യാത്രയ്ക്ക് ഒരുങ്ങി നിന്നു. നമ്മള്‍ക്കൊക്കെ അത്ഭുതമാണ് എങ്ങിനെ ഇത്രപ്പെട്ടെന്നു തയ്യാറായി പുറപ്പെട്ടു.

ഒന്ന് രണ്ടു തവണ വീട്ടില്‍ നിന്നും വഴക്കുപറഞ്ഞു ദേഷ്യം വന്നപ്പോള്‍ വീട്ടില്‍ നിന്നും " വാക്കൌട്ട് "നടത്തി ഇളയമ്മയുടെ വീടില്‍പോയിരുന്നു. പിറ്റേന്ന് തന്നെ തിരിച്ചെത്തുകയും ചെയ്യും. ഓരോ തമാശ ...

ഇപ്രാവശ്യം മുത്തശ്ശി പൊയ്ക്കഴിഞ്ഞപ്പോള്‍ തികച്ചും ശൂന്യത, ഇടയ്ക്കിടെ അമ്മ പറയുന്നുണ്ടായിരുന്നു, എന്തൊക്കെ പറഞ്ഞാലും മുത്തശ്ശി ഇല്ലാത്ത ഈ വീടിനു ഒരനക്കവുമില്ല ഒച്ചയുമില്ല. എനിക്കും അങ്ങിനെ തന്നെയായിരുന്നു ഒരു വീര്‍പ്പു മുട്ടല്‍. പിറ്റേന്ന് തന്നെ മുത്തശ്ശി തിരിച്ചു വന്നു.

വരും വഴിയില്‍ ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു ഈ തുളസിത്തരയിലെ തുളസിക്ക് വെള്ളം ഒഴിച്ചില്ലേ ഇത് മുഴുവനും വാടിയിരിക്കുന്നു. ഒരു വകയ്ക്കു കൊള്ളാത്തവര്‍, തിന്നുമുടിച്ചു നടക്കുന്നു ....

7 comments:

ബൃഹസ്പതി jupiter said...

ശൈശവം മുതല്‍ ശൈശവം(വാര്‍ദ്ദക്ക്യശൈശവം)വരെ എന്നല്ലേ! മുത്തശ്ശിക്കും ചെറിയകുട്ടികളെപ്പോലെ വീറും വാശിയും. വാക്കുംപ്രവര്‍ത്തിയും സദ്ദാംഹുസ്സൈനിന്‍റെതാണെങ്കില്‍ മനസ്സു മദര്‍ തെരേസയുടെയും.

ഒരു നുറുങ്ങ് said...

മുത്തശ്ശീടെം,കുഞ്ഞ്വളുടേം മനസ്സ് ഒരു പോലാ മാഷെ!!
രണ്ടൂട്ട്രര്‍ക്കും ദ്വേഷ്യം നാവിന്തുമ്പിലേള്ളൂ!!
മനസ്സിന്‍റാത്തു ഒട്ടുംണ്ടാവില്യാട്ടോ!!
രണ്ടാള്‍ടേം ആ ചിറി കണ്ടീലേ!

Typist | എഴുത്തുകാരി said...

മുത്തശ്ശിമാര്‍ മനസ്സില്‍ തോന്നിയതു അപ്പഴപ്പോള്‍ ഉറക്കെ പറയുന്നു എന്നു മാത്രം, അതാണവരുടെ രീതി. എല്ലാവരോടും സംസാരിച്ചുകൊണ്ടേയിരിക്കുക, കാണുന്ന കുറ്റങ്ങള്‍ കയ്യോടെ പറയുക, തുടങ്ങി. ഇപ്പോള്‍ അതല്ലല്ലോ. ചിരി, സംസാരം,എല്ലാം മിനിമം. മറ്റുള്ളവരുടെ കാര്യം അന്വേഷിക്കുന്നതെന്തിനു് എന്ന തോന്നല്‍.

ഗീത said...

മുത്തശ്ശി പിറുപിറുക്കുമെങ്കിലും, അങ്ങനൊരാള്‍ വീട്ടിലുള്ളത് ഒരു ഐശ്വര്യമല്ലേ?

എനിക്കെന്റെ അമ്മൂമ്മയെ ഓര്‍മ്മ വരുന്നു.

ബൃഹസ്പതി jupiter said...

ഒരു നുറുങ്ങ്, അവര്‍ നിഷ്കളങ്കര്‍ അല്ലേ..
എഴുത്തുകാരി, മുത്തശ്ശിയും കുട്ടികളും ഉച്ചത്തില്‍ പറയുന്നു. കാരണം മനസ്സു ശുദ്ധം.
ഗീത, പിന്നെ പറയാനുണ്ടോ.
എല്ലാവര്ക്കും നന്ദി.

raadha said...

എനിക്ക് മുത്തശ്ശിമാര്‍ ഒരു മുത്തശ്ശി കഥ പോലെ മാത്രം. രണ്ടു മുത്തശ്ശിമാരും കൊണ്ഞിച്ച ഓര്മ പോലും എനിക്കില്ല... ചിലപ്പോ ഞാന്‍ ഉണ്ടായപ്പോഴേക്കും വയ്യായ്ക കൊണ്ടാവാം.. എന്തായാലും സ്നേഹം തുളുമ്പുന്ന ഒരു മുത്തശ്ശി ഉള്ളത് അനുഗ്രഹം തന്നെ.

മാണിക്യം said...

ഈ ഒരു പോസ്റ്റ് വായിച്ചിട്ട് രണ്ട് ദിവസം മറ്റൊന്നും തന്നെ ചിന്തിക്കാന്‍ കഴിഞ്ഞില്ല ഉറക്കത്തില്‍ പോലും ഈ വാക്കുകള്‍ തല‍ക്കുള്ളില്‍ മുഴങ്ങികൊണ്ടിരുന്നു, എന്റെ മുത്തശ്ശിയെ പറ്റി എഴുതിയാല്‍ ഒരക്ഷരം വിടാതെ ഇതാവും വിവരണം എന്നതുകൊണ്ടു തന്നെ, ഒരു പക്ഷെ ആ കാലത്ത് ജീവിച്ചവരെല്ലാം ഒരേരീതിയില്‍ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു എന്നു വേണം പറയാന്‍ .. എന്നാലും ആ തലമുറ വീടും പരിസരവും നിറഞ്ഞു നിന്നു അവരുടെ കണ്ണും കാതും എത്താത്തിടമില്ല . ഇന്നത്തെ പോലത്തെ അണുകുടുംബമല്ല വലിയ കൂട്ടു കുടുംബമാണ് അവര്‍ നയിച്ചിരുന്നത് എല്ലാവരുടെയും കാര്യത്തില്‍ കരുതല്‍ പ്രത്യേക സ്നേഹം അത് ആ മുത്തശ്ശിമാരുടെ മാത്രം കഴിവായിരുന്നു. അയലത്ത് ഉള്ളവര്‍ക്ക് പോലും എന്തെലും വയ്യായ്‌ക വന്നാല്‍ അവിടെ പാഞ്ഞെത്തും .. ആരു വന്നാലും അവര്‍ക്ക് ഭക്ഷണം അതു അത്ര വലിയ ധനികരായിട്ടല്ല വീട്ടില്‍ ഉള്ളതിന്റെ പങ്ക് കൊടുക്കാന്‍ ഒരു മടിയും ഇല്ല. ആ മുത്തശ്ശിമാര്‍ വലിയ സര്‍‌വ്വകലാശാല ബിരുദാനന്തര ബിരുദധാരികള്‍ ഒന്നും അല്ലായിരുന്നു പക്ഷെ അവര്‍ പകര്‍‌ന്നു തന്ന സംസ്കാരം സ്നേഹം ദയ അത് തികച്ചും പവിത്രമായ അനുഗ്രഹമായിരുന്നു. അതനുഭവിച്ചു വളരാനായത് ജീവിതത്തിന്റെ അമൂല്യസമ്പത്ത് തന്നെ എന്നു നിസംശയം പറയാം ....
പോസ്റ്റിനു ഒരിക്കല്‍ കൂടി നന്ദി ....