Monday, September 3, 2012

ചാപ്ലിന്‍ ചിരി ... ഗോള്‍ഡ്‌ റഷ്

പുതുമയുള്ളതും ആസ്വാദ്യകരവുമായ എന്തെങ്കിലും ഒന്നു കാണാന്‍ കഴിയുമെന്ന് കരുതിയാണ് ടിവിക്ക് മുന്നില്‍ ഇരുന്നത്. സാധാരണയായി കണ്ടുകൊണ്ടിരിക്കുന്ന ചാനലുകളില്‍ ഇഷ്ടപ്പെട്ടതോന്നുമില്ല തുടര്‍ന്നു ചാനലുകളോരോന്നായി മാറ്റിക്കൊണ്ടിരുന്നു ഒന്നില്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്, ചാര്‍ലിചാപ്ളിന്‍റെതായിരുന്നു. പ്രതീക്ഷിക്കാതെ കൈവന്ന ഭാഗ്യം! എന്ന് പറയാറില്ലേ, അതുതന്നെ. എനിക്കിഷ്ടവുമാണ്. "ഗോള്‍ഡ്‌ റഷ്" ആയിരുന്നു. പണ്ടെന്നൊ കണ്ടുമറന്നതുപോലെ.

പഴയകാലം ഓര്‍മ്മയില്‍ തെളിഞ്ഞുവന്നു. അന്നു സ്കൂളില്‍ പഠിക്കുന്ന സമയം വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം പ്രൊജെക്ടെര്‍ ഉപയോഗിച്ച് ചെറുസ്ക്രീനില്‍ സ്കൂളില്‍ സിനിമ കാണിക്കുമായിരുന്നു. ഒരു മാസം മുന്‍പേ തന്നെ ക്ലാസ്സ്‌ ടീച്ചര്‍ എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ പറയുമായിരുന്നു. അടുത്ത മാസം ഇത്രാം തീയതി സ്കൂളില്‍ സിനിമയുണ്ട്, അതിനായി അമ്പതുപൈസാ എല്ലാവരും വീട്ടില്‍നിന്നും കൊണ്ടുവരണം. വീട്ടില്‍ നിന്നും പൈസ കിട്ടുവാനാനെങ്കില്‍ നൂറു ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരും ഒടുവില്‍ മനസ്സില്ലാ മനസ്സോടെ ആയിരിക്കും തരിക. അതുകഴിഞ്ഞാല്‍ സിനിമക്കു വേണ്ടിയുള്ള കാത്തിരിപ്പാണ്. സിനിമയുടെ പെരിനോന്നും പ്രസക്തിയില്ല. കുട്ടികളെ ചിരിപ്പിക്കാന്‍ നല്ലത് ഇതായിരിക്കും എന്നു കരുതിക്കാണും സാറന്മാര്‍.

ദരിദ്രന്‍റെ കാഴ്ചക്കോണിലൂടെ ജീവിതസാഹചര്യങ്ങളെ ചിത്രീകരിക്കാനായിരുന്നു ചാപ്ലിന് എന്നും താല്‍പ്പര്യം. ദാരിദ്ര്യമാണ് ചാപ്ലിനെ അഭിനയരംഗത്തേക്ക്‌ എത്തിച്ചത് തന്നെ അതുകൊണ്ട് ദാരിദ്ര്യത്തിന്‍റെ വിഷമസന്ധികളും ചിരിയുടെ പൊട്ടിത്തെറിയുടെയിടയിലും ചാപ്ലിന്‍ ചിത്രങ്ങളിലൊക്കെ തലനീട്ടുന്നത് കാണാം.

ഏകാന്തനായി മലമുകളിലേക്കു നടന്നു കയറുന്ന ഭാഗ്യാന്വേഷിയുടെ വേഷത്തിലാണ് ചാപ്ലിനെ കണ്ടുമുട്ടുന്നത്. ഒരു കരടിയില്‍നിന്നും രക്ഷപെട്ടു ബ്ലാക്ക്‌ ലാര്‍ടെര്‍ എന്ന കുറ്റവാളിയുടെ കൂടാരത്തില്‍ എത്തിച്ചേരുന്നു. അവിടെ തടിയനായ ഒരുവന്‍ എത്തിച്ചേരുന്നു ജിം. പിന്നീട് ഭക്ഷണാന്വേഷണത്തിന് ഉള്ള തയ്യാറെടുപ്പാണ്. മൂന്നുപേരും നറുക്കെടുപ്പ് തീരുമാനിക്കുന്നു. ബ്ലാക്ക്‌ ലാര്‍ടെര്‍ക്കാണ് കുറിവീണത്‌. ഭക്ഷണം തേടിയിറങ്ങിയ അയാള്‍ക്ക്‌ രണ്ടു നിയമ പാലകരുമായി ഏറ്റുമുട്ടേണ്ടിവന്നു. ജിമ്മും ചാപ്ലിനും ഏറെനേരം കാത്തിരുന്നു ബ്ലാക്ക്‌ തിരിച്ചുവരില്ലെന്ന് ഉറപ്പിച്ചു. ഒടുവില്‍ ചാപ്ലിന്‍ തന്‍റെ ബൂട്ടുതന്നെ പുഴുങ്ങി ഭക്ഷിക്കാന്‍ തീരുമാനിച്ചു. അവിടെയും " കയൂക്കുള്ളവന്‍ തന്നെ കാര്യക്കാരന്‍ ". ബൂട്ടിന്‍റെ "മാംസളമായ" ഭാഗം മുഴുവന്‍ തടിയനും ശക്തനുമായ ജിം ചാപ്ലിനില്‍ നിന്നും പിടിച്ചു വാങ്ങുന്നു. ആണികളും, സോളും, ലേസും വിശിഷ്ട ഭക്ഷണമായി കണ്ടു ആസ്വദിച്ചു കഴിക്കുന്ന ചാപ്ലിന്‍.

ചിന്താ ശൂന്യനായ ആളുകളില്‍ മാത്രമേ ചിരിയുടെ മധുരം നിറയൂ. വിവേകശാലികള്‍ക്ക് ആ രംഗം കണ്ണീരിന്‍റെ പുളിപ്പാണ് നിറയ്ക്കുക. അബലനായ ചാപ്ലിന് ബലവാനായ ജിമ്മിന്‍റെ ആര്‍ത്തിപൂണ്ടുള്ള തീറ്റി ഒരുതരം ഭയത്തോടെ നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളു. നിരവധി സംഭവവികാസങ്ങള്‍ക്ക് ശേഷം ജിമ്മും ചാപ്ലിനും ധനികരായിത്തീരുന്ന ശുഭാന്തത്തിലാണ് കഥ അവസാനിക്കുന്നത്‌.

ചാപ്ലിന്‍ ചിത്രങ്ങള്‍ ചിന്തയുടെ അകത്തളത്തിലേക്കു പ്രവേശിക്കാതെ ചിരിയുടെ പുറത്തളങ്ങളിലാണ് പ്രതിഷ്ടിക്കപ്പെടുന്നതും ആസ്വദിക്കുന്നതും. അതുകൊണ്ടാവും ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ ഇടംപിടിക്കാതിരുന്നതും. അറിയില്ല. ചിരി എന്നതു അന്യന്‍റെ വേദനയാണ്. സ്വന്തം വേദനകളെ മറച്ചുകൊണ്ട്‌ സ്വയം ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്യാന്‍ ഒരു പക്ഷെ ചാപ്ലിന് മാത്രമേ സാധിക്കൂ. വെറും തട്ടിതടയലുകളും, ഉരുണ്ടുവീഴലും അമളികളുനര്‍ത്തുന്ന ചിന്താശൂന്യമായ ചിരിമാത്രമാണെങ്കില്‍ കാലദേശാതിവര്‍ത്തികലായി നിലനില്‍ക്കില്ലായിരുന്നു.

'ദാരിദ്ര്യത്തിന്‍റെ തത്ത്വശാസ്ത്രത്തിനു കാറല്‍മാര്‍ക്സ് തത്ത്വശാസ്ത്രത്തിന്‍റെ ദാരിദ്ര്യത്തിലൂടെ മറുപടി പറഞ്ഞെങ്കില്‍, ദാരിദ്ര്യത്തിന്‍റെയും വിശപ്പിന്‍റെയും തത്ത്വശാസ്ത്രത്തെ ലളിതമായും അതിതീവ്രമായും അവതരിപ്പിക്കുകയാണ് ചാപ്ലിന്‍ ചെയ്തത് എന്ന് എനിക്കു തോന്നുന്നു. വെറും തോന്നലുകലായിരിക്കാം'.

3 comments:

vettathan g said...

നല്ല പോസ്റ്റ്

ബിനു ജോര്‍ജ് said...

നന്നായിരിക്കുന്നു.
ഒപ്പം കൊടുത്തിരിക്കുന്ന ചിത്രം 'ദ കിഡ്'-ലേതാണല്ലോ..

ആഷിക്ക് തിരൂര്‍ said...

ചിന്താ ശൂന്യനായ ആളുകളില്‍ മാത്രമേ ചിരിയുടെ മധുരം നിറയൂ. വിവേകശാലികള്‍ക്ക് ആ രംഗം കണ്ണീരിന്‍റെ പുളിപ്പാണ് നിറയ്ക്കുക.

ആശംസകൾ ... വീണ്ടും വരാട്ടോ
സസ്നേഹം,
ആഷിക്ക് തിരൂർ