Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Friday, November 6, 2009

ഷര്‍മിളയുടെ 'ദശവത്സരനിരാഹാരം'

ഇറോം ഷര്‍മിളയുടെ ദശവത്സരനിരാഹാരം, ഇനിയും അണഞ്ഞിട്ടില്ലാത്തജ്വാലയായി മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ഹോസ്പിറ്റലില്‍ തുടരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി ഷര്‍മിള ഭക്ഷണം കഴിച്ചിട്ടില്ല, ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല. പോലീസ് നിര്‍ബന്ധിച്ചു മൂക്കിലൂടെ ഇറ്റുന്ന ആഹാരത്തില്‍ ജീവിതം നിലനിര്‍ത്തുന്നു. വര്‍ഷങ്ങള്‍ ചെല്ലും തോറും അധികൃതര്‍ മുഖം തിരിക്കുന്നു. അവള്‍ മരിച്ചാല്‍ അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം അവിടത്തെ പട്ടാളത്തിനും ഭരണാധികാരികള്‍ക്കും ആയിരിക്കും. സഹന സമരത്തിന്‍റെ തീഷ്ണത. പ്രതീക്ഷയുടെ ഒരു കൈത്തിരി കൊളുത്തിവയ്ക്കുകയാണ് ഷര്‍മിള. ജയിക്കുമോ?... ഷര്‍മിളയ്ക്കു തന്നെ ഉറപ്പില്ല എന്നിട്ടും ...



വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യാനായി രൂപം കൊണ്ട (അഫ്സ്പ) നിയമത്തിനെതിരെയാണ് ഷര്‍മിളയുടെ പോരാട്ടം. കിരാതനിയമമെന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച 'അഫ്സ്പ', സംശയം തോന്നിയ ആരെയും ബലം പ്രയോഗിക്കാനും, വെടിവെക്കാനും, വാറന്റില്ലാതെ ആരെയും അറസ്റ്റുചെയ്യാനും സേനയ്ക്കു പ്രത്യേകാധികാരം നല്‍കുന്നതാണ് ഈ നിയമം. കേന്ദ്രസര്‍ക്കാരിന്‍റെ മുന്‍‌കൂര്‍ അനുമതിയില്ലാതെ സൈനികോദ്യോഗസ്ഥന്മാരെ നടപടിയെടുക്കുന്നതിനെ അഫ്സ്പ വിലക്കുകയും ചെയ്യുന്നു. നിയമം നടപ്പില്‍ വരുമ്പോള്‍ തിവ്രവതിസംഘടനകളുടെ എണ്ണം അഞ്ചും, ഇപ്പോഴത്‌ ഇരുപതിയഞ്ചും. എന്തു പ്രയോജനം, ഇതുതന്നെയാണ് ഇറോം ഷര്‍മിളയും ചോദിക്കുന്നത്.

മണിപ്പൂരിലെ പരമ്പരാഗത മെയ്തി വംശ കുടുംബത്തില്‍ ജനിച്ച ഒരു സാധാരണ പെണ്‍കുട്ടി. ഇറോംനന്ദയുടെയും സതീ ദേവിയുടെയും മൂന്നു മക്കളില്‍ ഇളയവള്‍. മണിപ്പൂരിലെ സാഹിത്യ കുതുകികള്‍ക്ക് അവള്‍ എഴുതി തെളിഞ്ഞ കവയിത്രി. ഇന്ന് മണിപ്പൂരിന്‍റെ ഉരുക്ക് വനിതയും.

2002 നവംബര്‍ 2 ന് ഇംഫാലിലെ വിമാനത്താവളത്തിനാടുത്ത മാലോം ഗ്രാമത്തില്‍ പട്രോളിങ്ങ് നടത്തുന്ന പോലീസുകാര്‍ക്ക് നേരെ അജ്ഞാതരായ തീവ്രവാദികള്‍ ബോംബാക്രമണം നടത്തി. അന്ന് വൈകുന്നേരം ബസ്സ്‌ഷെള്‍ട്ടറിനുനേരെ ആസാം റൈഫിള്‍സിലെ സൈനികര്‍ തുരുതുരാ വെടിവച്ചു. പത്തോളം നിരപരാധികള്‍ മരിച്ചുവീണു. ഒരു സമാധാന റാലിയുടെ കാര്യങ്ങളുമായാണ്‌ ഷര്‍മിള അവിടെയെത്തിയത്. ചോരയില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങള്‍ കണ്ടു സ്വയം നിലവിളിച്ചുപോയി. മരണം സ്വയം വരിക്കാനുള്ള കരുത്താര്‍ജ്ജിച്ചതും അവിടെന്നാണെന്നാണ്. "ശരീരം എനിക്ക് പ്രശ്നമല്ല നമ്മളെല്ലാവരും ഇന്നല്ലെങ്കില്‍ നാളെ മരിക്കാന്‍ വിധിക്കപ്പെട്ടവര്‍ മണിപ്പൂരിലെ ജനങ്ങള്‍ക്ക്‌ വേണ്ടിയാണ് എന്റെ സമരം" അവളുടെ മൊഴികള്‍.



വൈദ്യശാസ്ത്രത്തിലെ അത്ഭുതമാണെന്നാണ് ഇറോം ഷര്‍മിള ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്നു ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. ഇറോം ഷര്‍മിളയുടെ ഈ സമരം വിജയിക്കട്ടെ !!

സമരം നാള്‍ക്കുനാള്‍ നീളുമ്പോള്‍ അനിശ്ചിതത്വവും ഭീതിയും നിഴലാടുന്നു. ജനങ്ങളില്‍ നിരാശയും, മനുഷ്യാവകാശലംഘനങ്ങളുടെ അതിക്രൂരമായ വാര്‍ത്തകള്‍ നിറഞ്ഞുനില്‍ക്കുന്നു. വെടിയേറ്റു മരിച്ചവര്‍, മാനഭംഗത്തിനിരയായ സ്ത്രീകള്‍, മുപ്പതോളം സ്ത്രീകള്‍ വിവസ്ത്രരായി പ്രകടനം നടത്തിയും എല്ലാം നഷ്ടപ്പെടുന്നവരുടെ വിലാപങ്ങള്‍, തകര്‍ക്കപ്പെടുന്ന വീടുകളും കെട്ടിടങ്ങളും ... പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ജാസ്‌റ്റിസ് ജീവന്‍റെഡി കമ്മറ്റിയുടെ റിപ്പോര്‍ട്ട്‌ എങ്ങുമെത്താതെ കിടക്കുന്നു.



**************** **************** ****************

സമാധാനവും, സന്തോഷവും നിറഞ്ഞ ഒരു പുതുപുലരിയിലേക്ക് അധിവേഗം തിരിച്ചെത്തുവാന്‍ മണിപ്പൂരിലെ ജനതയെപ്പോലെ നമുക്കും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാം.


കടപ്പാട്: ചിത്രങ്ങള്‍ ഗൂഗിള്‍ ഇമേജസ്