Saturday, September 26, 2009

പാഠം ഒന്ന്‌, ഒരു കുടം പൊന്ന്‌...

''എന്റെ പൊന്നേ നിശ്ചേതനമായ ഒരു ലോഹത്തിന്റെ പേരാണല്ലോ''

പവന്റെ വില പന്തീരായിരത്തിലെത്തുന്നു. പഴയ കേരളത്തിലെ ആനയുടെ വില. 'പൊന്നേ' എന്നു വിളിക്കുമ്പോള്‍ പണ്ടത്തേക്കാള്‍ മുഖം തെളിയുന്നു പ്രണയിനികള്‍ക്ക്‌. 'പാഠം ഒന്ന്‌, ഒരു വിലാപം' എന്ന ചിത്രത്തില്‍ രണ്ടാം ഭാര്യയെ മെരുക്കിത്തരാന്‍ ആദ്യഭാര്യയെ 'പൊന്നേ' എന്നു വിളിക്കുന്നു, നായകന്‍. അവള്‍ അവിശ്വാസത്തോടെ നോക്കുന്നു അയാളെ. ''ശരിക്കും ഞാന്‍ പൊന്നാണോ, ശരിക്കും?'' അവളുടെ അവിശ്വാസം ദിവസം ചെല്ലുന്തോറും അധികരിക്കുകയാണ്‌.
സ്വര്‍ണം, ഭംഗിയുള്ള, പ്രിയമുള്ള എന്നെല്ലാമാണ്‌ ശബ്ദതാരാവലിയില്‍ പൊന്നിന്‌ അര്‍ഥം പറഞ്ഞിരിക്കുന്നത്‌. മലയാളിയുടെ സ്‌നേഹപ്രകടനങ്ങളില്‍ ഏറ്റവും മാറ്റുള്ള പദമാണ്‌ പൊന്ന്‌. 'പൊന്നുടയാതെ'പോലെ അഭിമാനത്തെ സ്‌പര്‍ശിച്ച മാടമ്പിപ്പദമില്ല. പൊന്നുങ്കട്ടേ, പൊന്നുംകുടമേ, പൊന്നേ എന്നൊക്കെ വിളിക്കപ്പെടുമ്പോള്‍ സ്വന്തം മൂല്യത്തെത്തന്നെയാണ്‌ വിളിക്കുന്നതെന്ന്‌
വിളിക്കപ്പെടുന്നവര്‍ കരുതുന്നു. തന്റെ പരിഗണനയുടെ മൂര്‍ധന്യത്തെയാണ്‌ വെളിവാക്കുന്നതെന്ന്‌ വിളിക്കുന്നവരും. പൊന്നു വിളയുന്ന പാടമെന്നും പൊന്നും ചിങ്ങമാസമെന്നും പൊന്‍വെയിലെന്നും മലയാളി ആത്മഹര്‍ഷത്തോടെ പറയുന്നു. ''പൊന്നുപോലെ നോക്കാം'' എന്നതില്‍ക്കവിഞ്ഞ ഒരു വാഗ്‌ദാനവും മലയാളിപ്പെണ്‍കുട്ടികള്‍ക്ക്‌ വേണ്ട. കേമം എന്നതിന്റെ പര്യായപദംതന്നെയായി മാറി.

മലയാളത്തില്‍ പൊന്ന്‌. പൊന്നുമായിച്ചേര്‍ന്ന്‌ തിളങ്ങിയ സമസ്‌തപദങ്ങള്‍ അനവധിയുണ്ട്‌, മലയാളത്തില്‍. പൊന്‍കിണ്ടി, പൊന്നാങ്ങള, പൊന്നളിയന്‍, പൊന്നമ്പലം, പൊന്നാട..... ''പൊന്‍പഴം മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവെ'' എന്നെഴുതിയാണ്‌ വൈലോപ്പിള്ളി പഴത്തിന്റെ മൂല്യത കാട്ടിയത്‌. ഹിന്ദുക്കളുടെ ദൈവങ്ങളെല്ലാം കലശലായ പൊന്‍ഭ്രമമുള്ളവര്‍. പൊന്നിന്റെ കൊടിമരം, പൊന്‍തലേക്കെട്ട്‌ കെട്ടിയ ആനകള്‍, പൊന്‍തിടമ്പുകള്‍. പൂവുപോലും പൊന്നില്ലെങ്കില്‍ മാത്രം. ''പൊന്നില്‍ക്കുളിച്ച രാത്രി'' പോലുള്ള പ്രയോഗങ്ങള്‍ക്ക്‌ എന്തൊരു ശ്രുതിസുഖമെന്ന്‌ ആ വരിയുള്ള ചലച്ചിത്രഗാനം. ''പൊന്നരിവാളമ്പിളി'' എന്നായിരുന്നല്ലോ നമ്മുടെ കവിസ്സഖാവുപോലും രോമാഞ്ചംകൊണ്ടത്‌.'പൊന്നു വിളയിക്കുന്ന' എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ആലങ്കാരികം മാത്രമാണ്‌, കേരളത്തില്‍. ലോകത്തില്‍ ഉത്‌പാദിപ്പിക്കുന്ന സ്വര്‍ണത്തിന്റെ 25 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും കൂടിയ സ്വര്‍ണ ഉപഭോഗകേന്ദ്രമാണ്‌ കേരളം.

വര്‍ഷം ഏതാണ്ട്‌ 200 ടണ്‍ സ്വര്‍ണം കേരളം കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇത്‌ അമേരിക്ക പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നതിന്റെ പാതിയോളം വരുമെന്നും 'സ്വര്‍ണകേരളം' എന്ന പുസ്‌തകത്തില്‍ കെ. ജോര്‍ജ്‌ വര്‍ഗീസ്‌ പറയുന്നു. പൊന്ന്‌ ഉത്‌പാദിപ്പിക്കാത്ത, പൊന്ന്‌ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന, കമനീയമായ ജ്വല്ലറികള്‍ നാള്‍തോറും പെരുകുന്ന കേരളക്കരയെ 'ഗോള്‍ഡ്‌സ്‌ ഓണ്‍ കണ്‍ട്രി' എന്നാണ്‌ വിളിക്കുന്നത്‌. സ്‌ത്രീകളെ ഉത്തേജിപ്പിക്കാന്‍ പൊന്നാണ്‌ കേരളത്തില്‍ സാര്‍വത്രികമായി ഉപയോഗിക്കുന്നത്‌. എത്ര പാവങ്ങളാണ്‌ മലയാളികള്‍ എന്ന്‌ പൊന്നേ വിളികൊണ്ട്‌ വികാരഭരിതമായ കേരളീയകിടപ്പറകള്‍ പറഞ്ഞുതരും. പൊന്നിന്റെ അഭാവവും പൊന്നിനോടുള്ള അത്യാര്‍ത്തിയും കേരളത്തിലേതുപോലെ നിലനില്‍ക്കുന്ന ദരിദ്രദേശങ്ങളിലെ ഭാഷകളിലേക്കല്ലാതെ ഇംഗ്ലീഷിലേക്ക്‌ 'പൊന്നിന്‍കുടമേ' പ്രയോഗം (ബഷീര്‍) എങ്ങനെ വിവര്‍ത്തനം ചെയ്യുമെന്ന്‌ വിവര്‍ത്തകന്‍ കുഴങ്ങുന്നു. മറ്റു ജോലികള്‍ ചെയ്യാന്‍ ആത്മാഭിമാനം സമ്മതിക്കാത്തതിനാല്‍ 'പൊന്‍പണിക്കാര്‍' പണിക്കുപോകാതെ പട്ടിണി കിടക്കുന്നുവെന്ന്‌ 'സ്വര്‍ണകേരളം' നിരീക്ഷിക്കുന്നുണ്ട്‌. 'പൊന്നായിത്തീരുക' എന്നതത്രെ മലയാളിയുടെ മോക്ഷം (കടല്‍കടന്നും).

തൊട്ടതൊക്കെ പൊന്നാക്കുന്ന നടന്‍, തൊട്ടതൊക്കെ പൊന്നാക്കുന്ന കര്‍ഷകന്‍, തൊട്ടതൊക്കെ പൊന്നാക്കിയ വ്യവസായി എന്നൊക്കെ വിശേഷിപ്പിക്കുമ്പോള്‍ ഒരു ദുരന്തപരിണാമത്തെക്കൂടി സൂചിപ്പിക്കുകയാണ്‌ നാം എന്നു നാമറിയുന്നുണ്ടോ? ഈ പ്രയോഗം എവിടെനിന്നു വന്നുവെന്നോ, ആ കഥയില്‍ തൊടുന്നതൊക്കെ പൊന്നാവുന്നത്‌ ഒരു ഭാഗ്യമായിട്ടല്ല, കെണിയായിട്ടാണ്‌ ആവിഷ്‌കൃ തമായിരിക്കുന്നത്‌.

തൊടുന്നതൊക്കെ സ്വര്‍ണമാവുന്നൊരു വരം മെഥാസ്‌ നേടുന്നു. മുന്നില്‍ക്കണ്ടതൊക്കെ തൊട്ട്‌ അയാള്‍ സ്വര്‍ണമാക്കി. നാണയങ്ങള്‍, കോപ്പകള്‍, വിളക്കുകള്‍, പാത്രങ്ങള്‍, തൂണുകള്‍, ചുവരുകള്‍, അലങ്കാരവസ്‌തുക്കള്‍... ദാഹം തോന്നിയപ്പോള്‍ അയാള്‍ പോയെടുത്ത പാത്രം സ്വര്‍ണമായി. പക്ഷേ, അതിലെ വെള്ളവും സ്വര്‍ണമായി. ഭക്ഷണത്തില്‍ അയാള്‍ തൊട്ടതും അതു സ്വര്‍ണമായി. ഭാര്യയെ അയാള്‍ തൊട്ടു, അവളൊരു സ്വര്‍ണവിഗ്രഹമായി. അയാളെ നോക്കി പേടിച്ചുനില്‍ക്കുന്ന ഒരു സ്വര്‍ണവിഗ്രഹം. താന്‍ തൊടുന്നതൊക്കെ നിശ്ചേതനമായ ഖരവസ്‌തുക്കളാവുകയാണെന്നു കണ്ട്‌, താന്‍ തൊടുന്നതൊക്കെ നിശ്ചലമാവുകയാണെന്ന്‌ കണ്ട്‌ അയാള്‍ ഭീതിദനായി. എല്ലാം മരിച്ചു സ്വര്‍ണമായിത്തീരുന്ന ഒരു പ്രവര്‍ത്തനത്തിന്റെ മാധ്യമമാവുകയാണ്‌ താനെന്നുകണ്ട്‌ അയാള്‍ നടുങ്ങി. ''തൊട്ടതൊക്കെ പൊന്നായിപ്പോകട്ടെ'' എന്നൊരു ശാപമല്ലേ താന്‍ നേടിയെടുത്തത്‌? (നിങ്ങള്‍ പ്രാര്‍ഥിക്കുന്നത്‌ ഒരു വരത്തിനല്ല, ഒരു ശാപത്തിനാണെന്ന്‌ ആരും പറഞ്ഞുതരാത്തതെന്ത്‌?) ആഗ്രഹിച്ചാല്‍ പൊന്നാവാത്തതിലാണ്‌ അനുഗ്രഹമുള്ളതെന്ന്‌, മഹിമയുള്ളതെന്ന്‌ അയാളറിഞ്ഞു. താന്‍ നഷ്‌ടപ്പെടുത്തിയ ലോകത്തിന്റെ ചൈതന്യം അയാളറിഞ്ഞു. മനുഷ്യന്‌ മാറ്റാനാകാത്ത ചിലതുള്ളതുകൊണ്ടുകൂടിയാണ്‌ ലോകം
ഇത്ര വിസ്‌മയകരം എന്നയാള്‍ അറിഞ്ഞു. തൊട്ടതൊക്കെ ജഡമായി മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍നിന്ന്‌ തന്നെ അനുസരിക്കാത്ത ലോകത്തെ ഓര്‍ത്ത്‌ അയാള്‍ ഖേദിച്ചുകൊണ്ടിരുന്നു. അസാധ്യതയോളം വലിയ സാധ്യതയില്ലെന്നും അയാള്‍ക്കു ബോധ്യപ്പെട്ടു.

ഭാരതീയരുടെ ഭസ്‌മാസുരന്റെ കഥയും ടോള്‍സ്റ്റോയിയുടെ 'ഒരാള്‍ക്കെത്ര ഭൂമി വേണം' എന്ന കഥയും മെഥാസിന്റെ കഥതന്നെ. ആഗ്രഹിച്ചത്‌ നേടാന്‍ കഴിയുന്നവന്റെ ദുരന്തത്തെക്കുറിച്ചുള്ള കഥകളാണിവ. ബഷീറിന്റെ ഒരു കഥയില്‍ 'ഈ മണല്‍ത്തരിയത്രയും സ്വര്‍ണമാവട്ടെ' എന്നു കല്‌പിക്കുന്നുണ്ട്‌ അതിലെ നായകന്‍. ദൈവമേ, അങ്ങയുടെ അനന്തമായ മഹത്വം അതു സ്വര്‍ണമായില്ല എന്ന്‌ അറിയുന്നുണ്ട്‌.

മെഥാസിന്റെ വരം കിട്ടിയാല്‍ തുള്ളിച്ചാടുന്നവരാണ്‌ കേരളത്തിലെ രക്ഷിതാക്കളെല്ലാം. അടുത്തുകൂടി പോകുന്നവരെയൊക്കെ തൊട്ട്‌ സ്വര്‍ണമാക്കി മകള്‍ക്കുള്ള ആഭരണങ്ങള്‍ പണിയും അയാള്‍. ഇനിയും എത്ര കിളച്ചാലാണ്‌, എത്ര കട്ടാലാണ്‌, എത്ര പാഞ്ഞാലാണ്‌, എത്ര ഉന്തിയാലാണ്‌ ആവശ്യമായ പൊന്നാവുക എന്നല്ലേ ദൈനംദിന കേരളീയര്‍? അവികസിത രാജ്യങ്ങളിലെ മനുഷ്യര്‍ ആഭരണത്തിനും ചമയങ്ങള്‍ക്കും ചെലവഴിക്കുന്നതിന്റെ ചെറിയൊരംശമേ വികസിതരാജ്യങ്ങളിലെ മനുഷ്യര്‍ ചെലവഴിക്കുന്നുള്ളൂ. മലയാളിസ്‌ത്രീക്ക്‌ നാണംമാറ്റാന്‍ വസ്‌ത്രങ്ങള്‍ മാത്രം പോരാ. മേലാസകലം സ്വര്‍ണം വേണം. അവള്‍ക്ക്‌ ഒരു 'കനകമയമൃഗം'തന്നെയാവണം. ലോകത്തിലെ ഏറ്റവും വിരൂപയായ സ്‌ത്രീ എടുത്താല്‍പൊന്താത്ത ആഭരണങ്ങളുമായി നില്‍ക്കുന്ന കേരളീയവധുവല്ലേ?

4 comments:

Unknown said...

very nice

Unknown said...

ലോകത്തിലെ ഏറ്റവും വിരൂപയായ സ്‌ത്രീ എടുത്താല്‍പൊന്താത്ത ആഭരണങ്ങളുമായി നില്‍ക്കുന്ന കേരളീയവധുവല്ലേ?

അതെ, തീര്‍ച്ചയായും അതെ എന്ന് ഞാന്‍ പറയും. മനുഷ്യന് യാതൊരു പ്രയോജനവും ഇല്ലാത്ത വെറുമൊരു മഞ്ഞ ലോഹം. ആളുകളുടെ സ്വര്‍ണ്ണത്തോടുള്ള ആര്‍ത്തി കാണുമ്പോള്‍ തമാശ തോന്നുന്നു. വീട്ടില്‍ സൂക്ഷിക്കാന്‍ ഭയപ്പെട്ട് ലോക്കറുകള്‍ തേടി അലയുകയാണ് മധ്യവര്‍ഗ്ഗപ്രജകള്‍. ഒരു വകയുള്ള ബാങ്കുകളിലൊന്നും ലോക്കറുകള്‍ ഒഴിവില്ല. ഇന്ന് കള്ളന്‍ തന്നെ പറഞ്ഞത് പത്രത്തില്‍ വായിച്ചില്ലെ,ഉറപ്പുള്ള ലോക്കറുകള്‍ ഉള്ള ബാങ്കിലേ സ്വര്‍ണ്ണം സൂക്ഷിക്കാവൂ എന്ന്.

എന്തായാലും ലേഖനം വളരെ നന്നായിരിക്കുന്നു.

ആശംസകളോടെ,

ഒരു നുറുങ്ങ് said...

ലക്ഷങ്ങളുടയവന്‍ പ്രഭു,കോടിയുടവന്‍ ഈശ്വരന്‍ എന്നി
ങ്ങനെ’നിര്‍വചനങ്ങള്‍‘പ്രയോഗത്തിലുള്ള നാട്ടില്‍
‘എന്‍റെ പൊന്നേ’എന്ന വിളി അന്വര്‍ത്ഥമാവാനിടയാക്കാതെ നോക്കൂ മാഷേ !
സ്ത്രീയേക്കാള്‍,മഞ്ഞലോഹത്തിനല്ലേ പരിഗണന.
മാന്യമഹാ മങ്കമാര്‍ ജാഗ്രതൈ !എന്‍റെ പൊന്നേയെന്ന്
സ്നേഹത്തോടെ പ്രിയപത്നിമാരെ,അഭിസംബോധന
ചെയ്യുന്നതു ഇനി വളരേ സൂക്ഷിക്കണേ !!!

Typist | എഴുത്തുകാരി said...

ഏതെങ്കിലുംസ്വര്‍ണ്ണക്കടയിലൊന്നു പോയി നോക്കൂ, അവിടെയാണേറ്റവും തിരക്കു്.