
സാക്ഷാല്‍ ഗുരുവായൂരപ്പനും മഴക്കെടുതിയില്‍ പെട്ടോ! ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. കാരണം, കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങിയെത്തി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്, 'ദുരന്തബാധിതപ്രദേശം സന്ദര്‍ശിക്കാന്‍' പോയതാണ് എന്നതാണ്!! കേന്ദ്ര ആഭ്യന്തര സെക്രട്ടറി സഭാകാന്തന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘമാണു ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കേണ്ട സമയത്തു ഭക്‌തിലഹരിയിലായത്.
കഴിഞ്ഞദിവസം തൃശൂരിലെത്തിയ സംഘം ഇന്നലെ രാവിലെ ഉദ്യോഗസ്‌ഥയോഗം വിളിച്ചിരുന്നു. കോരിച്ചൊരിയുന്ന മഴ അവഗണിച്ചു വെളുപ്പിനു വീട്ടില്‍ നിന്നിറങ്ങി യോഗം നടക്കുന്ന രാമനിലയത്തിലെത്തിയ ഉദ്യോഗസ്‌ഥര്‍ കണ്ടതു ശൂന്യമായ ഇരിപ്പിടങ്ങളാണ്. ഏഴരയ്‌ക്കു യോഗം ആരംഭിക്കുമെന്ന അറിയിപ്പുണ്ടായിരുന്നതിനാല്‍ കൃത്യസമയത്തു മാധ്യമപ്രവര്‍ത്തകരും എത്തി. മൂന്നു മണിക്കൂര്‍ കാത്തിരുന്ന ശേഷമാണു സഭാകാന്തനും സംഘാംഗങ്ങളും എത്തിയത്. ഗുരുവായൂരില്‍ പോയതു ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനാണെന്നായിരുന്നു സംഘാംഗങ്ങളുടെ നുണ. എന്നാല്‍ എല്ലാവരുടേയും നെറ്റിയില്‍ കളഭക്കുറിയും കൈകളില്‍ ക്ഷേത്രപ്രവേശനസമയത്തു പുതയ്‌ക്കാനുള്ള ഷാളുകളും കാണാമായിരുന്നു.
No comments:
Post a Comment