Tuesday, April 17, 2012

കുഞ്ഞുണ്ണി മാഷ്‌ ....


ചെറിയ വരികളില്‍ വലിയ ആകാശം തീര്‍ത്ത കവി.

പ്രിയകവി കുഞ്ഞുണ്ണി മാഷ് മരിച്ചിട്ട് മാര്‍ച്ച് 26-ന് ആറു വര്‍ഷം തികഞ്ഞു.

കുഞ്ഞുണ്ണി മാഷിന്റെ ചില വരികള്‍

ഒരു വളപ്പൊട്ടുണ്ടെന്‍ കയ്യില്‍
ഒരു മയില്‍പ്പീലിയുണ്ടെന്നുള്ളില്‍
വിരസനിമിഷങ്ങള്‍ സരസമാക്കാന്‍
ധാരാളമാണെനിക്കെന്നും

പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ
മുന്നോട്ടു പായുന്നിതാളുകള്‍

എനിക്കുണ്ടൊരു ലോകം നിനക്കുണ്ടൊരു ലോകം നമുക്കില്ലൊരു ലോകം

ആയി ഠായി മിഠായി
തിന്നപ്പോഴെന്തിഷ്ടായി
തിന്നുകഴിഞ്ഞാല്‍ കഷ്ടായി

കപടലോകത്തിലെന്റെ കാപട്യങ്ങള്‍
സകലരും കാണ്‍മതാണെന്‍ പരാജയം

ഒരു തുള്ളിയമ്മിഞ്ഞപ്പാലിന്‍ പരപ്പാണീയാകാശം

ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാല്‍

ഉടുത്ത മുണ്ടഴിച്ചിട്ടു
പുതച്ചങ്ങു കിടക്കുകില്‍
മരിച്ചങ്ങു കിടക്കുമ്പോ
ഴുള്ളതാം സുഖമുണ്ടിടാം

കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാന്‍.

സത്യമേ ചൊല്ലാവൂ
ധര്‍മ്മമേ ചെയ്യാവൂ
നല്ലതേ നല്‍കാവൂ
വേണ്ടതേ വാങ്ങാവൂ

ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാല്‍

കഴിഞ്ഞാല്‍ ഞ്ഞു
ഞ്ഞു കഴിഞ്ഞാല്‍ ണ്ണി
കുവും ഞ്ഞുവും ണ്ണിയും കഴിഞ്ഞാല്‍ കുഞ്ഞുണ്ണി
കുഞ്ഞുണ്ണിയും കഴിഞ്ഞാലോ

ഞാനൊരു പൂവിലിരിക്കുന്നു
മറ്റൊരുപൂവിന്‍ തേനുണ്ടീടാന്‍ വെമ്പുന്നു.

ഞാനെനിയ്‌ക്കൊരു ഞാണോ
ആണെങ്കിലമ്പേതാണ്

ഞാനാകും കുരിശിന്മേല്‍
തറഞ്ഞുകിടക്കുകയാണു ഞാന്‍
എന്നിട്ടും ഹാ ക്രിസ്തുവായ് തീരുന്നില്ല

കുന്നിക്കുരുവിലുമുന്നതനാണുഞ്ഞാ
നെന്നൊരു തോന്നലെഴുന്നമൂലം
എള്ളിലുംചെറുതാണു ഞാനെന്ന വാസ്തവം
അറിയുന്നതില്ല ഞാനെള്ളോളവും

എന്‍മുതുകത്തൊരാനക്കൂറ്റന്‍
എന്‍നാക്കത്തൊരാട്ടിന്‍കുട്ടി
ഞാനൊരുറുമ്പിന്‍കുട്ടി

ഞാന്‍
ഞാനെന്നവാക്കിന്റെ
യൊക്കത്തിരിക്കയോ
വക്കത്തിരിക്കയോ
മുന്നിലിരിക്കയോ
പിന്നിലിരിക്കയോ
മേലെയിരിക്കയോ
താഴെയിരിക്കയോ
എള്ളിലെയെണ്ണപോ
ലാകെയിരിക്കയോ
അതോ
ഞാനെന്ന വാക്കായിരിക്കയോ

എനിക്കു ഞാന്‍ തെല്ലുമുപകരിക്കില്ലെ
ന്നതിനൊരു തെളിവുരച്ചീടുന്നു ഞാന്‍
ഒരുകരത്തിന്മേല്‍ ചൊറിയണമെന്നാ
ലതേ കരത്തിനു കഴിയില്ലല്ലോ

ഞാനൊരു ദുഃഖം മാത്രം

ഞാനാം പൂവിലെ
ഞാനാം തേനും തേടിനടക്കും
ഞാനാം വണ്ടിനെ മാടിവിളിച്ചീടുന്ന
വിളക്കായ് കത്തുകയാകുന്നൂ ഞാന്‍

ഇഞ്ഞാനിങ്ങനെയല്ലാതായാല്‍
ഇബ്രഹ്മാണ്ഡമിങ്ങനെയല്ലാതായീടും
അമ്പട ഞാനേ

എനിക്കു പൊക്കം കുറവാ
ണെന്നെപ്പൊക്കാതിരിക്കുവിന്‍
എനിക്കൂക്കു കുറവാ
ണെന്നെത്താങ്ങാതിരിക്കുവിന്‍

എനിക്കു വിശക്കുമ്പോളുണ്ണും ഞാന്‍
ദാഹിക്കുമ്പോള്‍ കുടിക്കും
ക്ഷീണിക്കുമ്പോളുറങ്ങും
ഉറങ്ങുമ്പോളെഴുതും കവിതകള്‍

ഞാനെന്റെ മീശ ചുമന്നതിന്റെ
കൂലിചോദിക്കാന്‍
ഞാനെന്നോടു ചെന്നപ്പോള്‍
ഞാനെന്നെ തല്ലുവാന്‍ വന്നു.

എത്രമേലകലാം
ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം
ഇനിയകലാനിടമില്ലെന്നതുവരെ.

മഴ മേലോട്ട് പെയ്താലേ
വിണ്ണു മണ്ണുള്ളതായ് വരു
മണ്ണുള്ള ദിക്കിലുള്ളോര്‍ക്കേ
കണ്ണു കീഴോട്ടു കണ്ടിടൂ

കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോള്‍
ഞാനുമില്ലാതാകുന്നു

മഴയും വേണം കുടയും വേണം കുടിയും വേണം
കുടിയിലൊരിത്തിരി തീയും വേണം
കരളിലൊരിത്തിരി കനിവും വേണം
കൈയിലൊരിത്തിരി കാശും വേണം
ജീവിതം എന്നാല്‍ പരമാനന്ദം

ആശകൊണ്ടേ മൂസ തെങ്ങുമേ കേറി
മടലടര്‍ന്നു വീണു
മൂസ മലര്‍ന്നു വീണു
മടലടുപ്പിലായി
മൂസ കിടപ്പിലായി!

മുട്ടായിക്ക് ബുദ്ധിവച്ചാല്‍ ബുദ്ധിമുട്ടായി

ഒരുമയുണ്ടെങ്കില്‍ ഉലക്കേലും കിടക്കാല്ലോ
ഒരുമയില്ലെങ്കില്‍ കിടക്കേയും ഉലയ്ക്കാലോ

Saturday, March 3, 2012

ദേവിയുടെ മംഗലം കുഞ്ഞുങ്ങള്‍


മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉയരുന്നതിന് തലേദിവസമാണ് മംഗലം കുഞ്ഞുങ്ങളെയും തോളിലേറ്റി കഠിന നോയന്പെടുത്ത വാല്യക്കാര്‍ ആചാരക്കാരുടേയും കോമരത്തിന്റെയും സാന്നിധ്യത്തില്‍ ക്ഷേത്രത്തിനു വലം വെക്കുന്നത്. 'പന്തല്‍ കല്യാണം' ആയി അറിയപ്പെടുന്നു.



മുച്ചിലോട്ട് ഭഗവതിയെപ്പോലെ ലാവണ്യമുള്ള തെയ്യം വേറെയില്ല. ഭഗവതിയുടെ മുഖമെഴുത്തിന് കുറ്റിശംഖും പ്രാക്കും എന്നാണ് പറയുന്നത്. സ്വാത്വിക ആയതിനാൽ ചടുലമായ ചലനവും വാക്കും ഈ തെയ്യത്തിനില്ല. സർവാലങ്കാര ഭൂഷിതയായി, സുന്ദരിയായി നവവധു പൊലെയാണ് ഈ തെയ്യം. നിത്യ കന്യകയായ ദേവിയുടെ താലികെട്ടാണ് പെരുങ്കളിയാട്ടം. 12 വർഷം കൂടുമ്പോഴാണ് പെരുംകളിയാട്ടം നടത്തുന്നത്. അറിവുകൊണ്ട് വിജയം നേടിയപ്പോൾ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കൽപ്പിച്ചതിനാൽ, അപമാനഭാരത്താൽ അഗ്നിയിൽ ജീവൻ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രാഹ്മണ കന്യകയാണ് മുച്ചിലോട്ടു ഭഗവതി.



ഐതീഹ്യമായി പറഞ്ഞു വരുന്നത് ഇപ്രകാരമാണ്,
മുച്ചിലോട്ടു ഭഗവതിയെക്കുറിച്ച് ഏറ്റവും പ്രചാരത്തിലുള്ള ഐതിഹ്യം ഭഗവതി തളിപ്പറമ്പിലെ രയരമംഗലം ഇല്ലത്തു പിറന്ന ഒരു പെണ്‍കുട്ടിയായിരുന്നു എന്നാണ്. കന്യകയെ അവളുടെ അച്ഛന്‍ മണിയാട്ട് മഠത്തിലേക്ക് പഠിക്കാനയച്ചു. അവള്‍ (ദേവയാനിയെന്നും ഉച്ചിലിയെന്നും ദേശഭേദങ്ങള്‍ അനുസരിച്ച് പെണ്‍കുട്ടിക്ക് പേരുണ്ട്) വേദശാസ്ത്രാദികളില്‍ പന്ത്രണ്ടു വയസ്സിനു മുമ്പെ അഗാധമായ പാണ്ഡിത്യം നേടി. വിദുഷികളായ പെണ്‍കുട്ടികള്‍ വളര്‍ന്നാല്‍ അപകടമാണെന്ന് ബ്രാഹ്മണപുരുഷന്മാര്‍ കരുതിയിരിക്കണം. അതു കൊണ്ടായിരിക്കാം അവളെക്കുറിച്ച് ഒരു കഥ പരന്നു തുടങ്ങിയത്.

പെരിഞ്ചെല്ലൂര്‍ (ഇപ്പോഴത്തെ തളിപ്പറമ്പ് ) ഗ്രാമത്തിലെ ഒരു ബ്രാഹ്മണകന്യക എഴുത്തു പള്ളിക്കൂടത്തിൽ വച്ച് നടന്ന വാദപ്രതിവാദത്തിൽ പ്രഗല്ഭരെ തോൽപ്പിച്ചു. രസങ്ങളിൽ വെച്ച് കാമരസവും, വേദനകളിൽ പ്രസവവേദനയുമാണ് അനുഭവങ്ങളിൽ മികച്ചതെന്നു സമർത്ഥിച്ചു. ഒരു കന്യകയുടെ ഇത്തരം അറിവിൽ സംശയിച്ചവർ അവൾ‍ക്കെതിരെ അപവാദപ്രചരണം നടത്തി ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കി. അപമാനിതയായ ആ കന്യക വടക്കോട്ട് നടന്ന് കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും, ദയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം അറിയിച്ച് മനമുരികി പ്രാർത്ഥിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വയം അഗ്നികുണ്ട്മൊരുക്കി ആത്മത്യാഗം ചെയ്യാൻ തീരുമാനിച്ചു. എണ്ണയുമായി ആ വഴി പോയ മുച്ചിലോടനോട് (വാണിയ സമുദായത്തിൽ പെട്ടയാൾ) തീയിലേക്ക് എണ്ണ ഒഴിക്കുവാൻ ആവശ്യപ്പെട്ടു. ആവളുടെ വാക്കുകൾ കേട്ട് അമ്പരന്ന മുച്ചിലോടൻ എണ്ണ മുഴുവൻ തീയിലേക്കൊഴിച്ചു. അങ്ങനെ അഗ്നിപ്രവേശം ചെയ്ത് ആ സതീരത്നം തന്റെ ആത്മപരിശുദ്ധി തെളിയിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടിൽ വന്ന മുച്ചിലോടൻ കണ്ടത് പാത്രം നിറയെ എണ്ണ നിറഞ്ഞതായാണ്. ആത്മാഹുതി ചെയ്ത കന്യക കരിവെള്ളൂരപ്പന്റെയും, ദയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താൽ ഭഗവതിയായി മാറിയെന്നും മുച്ചിലോടന് മനസ്സിലാവുകയും തന്റെ കുലപരദേവയായി കണ്ട് ആരാധിക്കുവാൻ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് ബ്രഹ്മണകന്യക മുച്ചിലോട്ടു ഭഗവതിയായി മാറിയത്. വിവിധ സ്ഥലങ്ങളിൽ മുച്ചിലോട്ടു ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാവുകയും, തന്റെ ശക്തി തെളിയിക്കുകയും ചെയ്യുകയുണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു.


ദേവി ഭൂമിയില്‍ എത്തുന്നത് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലാണ്. അവിടെ നിന്നു പ്രതാപിയായ മുച്ചിലോട്ടു പടനായന്മാരുടെ വയല്‍പ്പാടങ്ങളിലൂടെ നടക്കുമ്പോള്‍ ദേവിക്ക്് ദാഹം തോന്നി. വെള്ളം കുടിക്കുവാന്‍ ഭഗവതി പടനായരുടെ മണിക്കിണറില്‍ ഇറങ്ങിയ സമയത്താണ് വെള്ളം കോരുവാന്‍ പടനായരുടെ പത്‌നി അവിടെ എത്തുന്നത്. കിണറ്റില്‍ ദേവിയുടെ 'അരുണരുചി തളതള തിളങ്ങുമത്യദ്ഭുതം ആനന്ദവിഗ്രഹം' കണ്ട അവര്‍ ഓടിച്ചെന്നു പടനായരോട് വിവരം അറിയിച്ചു. പടനായര്‍ ഭഗവതിയോടു ചോദിച്ചു. 'ഏതു ഭഗവതിയാണ്?' 'ആദ്യം നീ ആരാണെന്നു പറയുക' -ഭഗവതിയുടെ മറുപടി. 'അടിയന്‍ മുച്ചിലോടന്‍ പടനായര്‍. ഭവതിയുടെ ഭക്തന്‍' കാരണവര്‍ പറഞ്ഞു. 'എന്നാല്‍ ഞാന്‍ മുച്ചിലോട്ട് ദേവി'.

ദൈവവത്കരിച്ചതോടെ മനുഷ്യസ്ത്രീയായി ജീവിച്ചിരിക്കുമ്പോള്‍ ബ്രാഹ്മണ കന്യകയുടെ ലൈംഗികബോധം പുരുഷന്മാരില്‍ ഉളവാക്കിയിരുന്ന അരക്ഷിതത്വം അവസാനിക്കുന്നു.

Saturday, February 11, 2012

ഫ്രം യുവർ വാലൻന്റൈൻ ...




എല്ലാ വർഷവും ഫെബ്രുവരി 14 നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത്.
പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം ആണ് വാലൻന്റൈ‍ൻ ദിനം.

ഈ സംഭവവും എന്നും മനസ്സില്‍ സൂക്ഷിക്കാവുന്നതുമാണ്. സ്നേഹിക്കുന്നവര്‍ക്കും സ്നേഹിക്കപ്പെടുന്നവര്‍ക്കും ... ആര്‍ക്കും മറക്കാന്‍ കഴിയില്ല താനും.

ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്.

വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. ഇതില്‍ അതൃപ്തി തോന്നിയ ചക്രവർത്തി ഒരുപായം കണ്ടുപിടിച്ചു . ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ ഒരു നല്ല മനസ്സിന്നുടമയായിരുന്നു, അയാള്‍ എല്ലാവരോടും സ്നേഹത്തോടുകൂടി മാത്രമേ പെരുമാറിയിരുന്നുള്ളൂ,

പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ഈ സമയം ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളെകാണുകയും, മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി.

തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അനശ്വര പ്രണയം അല്ലേ....

അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയത്.

ലോകമെമ്പാടുമുള്ള , ആൾക്കാർ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുന്നു, ഇഷ്ടം അറിയിക്കുന്നു. ഈ ലോകത്തില്‍ ഏറ്റവും ശ്രേഷ്ടമായതും സ്നേഹം തന്നെയല്ലേ...

നമ്മുടെ മഹാകവി ഉള്ളൂര്‍ പാടിയപോലെ പ്രേമമാണഖിലസാരമൂഴിയില്‍.....
നമുക്കും സ്നേഹിക്കാം പരസ്പരം ....
ലോകത്തിലെ എല്ലാ ജീവജാലങ്ങളെയും.....

Wednesday, February 1, 2012

വല്യമ്മ ടീച്ചറുടെ നേരമ്പോക്കുകള്‍

കുറച്ചു കാലത്തിനു ശേഷമാണ് വല്യമ്മയുടെ വീട്ടിലോട്ടു ചെല്ലുന്നത് .
വല്യമ്മ സ്കൂള്‍ ടീച്ചറായിരുന്നു ഇപ്പോള്‍ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നു. ചെറിയ ഒരു അസുഖം മുന്‍പുണ്ടായിരുന്നു അന്നാരും ചെന്നില്ല പരിഭവമും മുഖത്തുണ്ടാകും ഉറപ്പാ... അവിടെ ചെല്ലുമ്പോള്‍ മൂന്നു നാല് മണിക്കൂര്‍ നീക്കി വയ്ക്കേണം, സംസാരിച്ചു ക്ഷീണിക്കും നാലഞ്ചു ക്ലാസ്സ് വെള്ളം കുടിച്ചാലേ എഴുന്നേല്‍ക്കാന്‍ പറ്റൂ. സുഖാന്വേഷണത്തിന് ശേഷം പതിയെ പഠിപ്പിച്ച കുട്ടികളുടെ കാര്യം തുടങ്ങി. പിള്ളേരുടെ ലീലാവിലാസങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങി.

വര്‍ഷാവസാന പരീക്ഷയുടെ ഉത്തരകടലാസുകള്‍ തിരിച്ചു പിള്ളേര്‍ക്ക് കിട്ടില്ലല്ലോ.. പല മിടുക്കന്മാരുടെയും ഉത്തരപേപ്പറുകളുടെ ഇത്തരം തമാശകളുടെ ഒരു കെട്ടുതന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ വെറുതെയിരിക്കുമ്പോള്‍ വായിച്ചു സ്വയംചിരിക്കാലോ ? ..

പഴയ കാലം ഓര്‍ക്കുകയും ചെയ്യാം. അതില്‍ ഒരു കുട്ടിയുടെ ഉത്തര പേപ്പറില്‍ ഇതായിരുന്നു. ചോദ്യം ആദ്യം പറയാം അല്ലേ.. " ഗാന്ധിജിയെ ക്കുറിച്ച് ഒരു ഖണ്‌ഠിക " എഴുതുക? എന്നതായിരുന്നു. വല്യമ്മ പേപ്പര്‍ തന്നില്ല.ഗാന്ധിജിക്ക് മുടിയില്ല, ഷര്‍ട്ട്‌ ഇടൂലാ വടീം കുത്തിയാണ് നടക്കുന്നത് എപ്പോഴും മുണ്ട് ഉടുക്കും.... ഇതുപോലെ കുറെ ക്ഷമിക്കണം കേട്ടോ... രാഷ്ട്രപിതാവിനെ പറയരുതല്ലോ, പിള്ളേരുടെ പ്രായവും അതല്ലേ ...

വേറൊരു കുട്ടി സുഖിപ്പിച്ചു എഴുതിയിരുന്നു. ടീച്ചറെ ചോദ്യത്തിന് ഉത്തരം ഞാന്‍ പഠിച്ചതാ ടീച്ചറെ മറന്നുപോയി. പിന്നെ ടീച്ചറുടെ കണ്ണുകള്‍ നല്ല ഭംഗിയാ ഇന്നുടുത്ത പച്ചസാരി നന്നായി ചേരുന്നുണ്ട് ടീച്ചര്‍ക്ക്, നടത്തം എനിക്കിഷ്ടാ ഞാനും അതുപോലെ നടക്കാറുണ്ട്, ടീച്ചറെ ക്ലാസ്സും എനിക്കിഷ്ടാ ... ഇങ്ങിനെ പോകുന്നു. അവസാനം ഇങ്ങിനെ എനിക്ക് ജയിക്കാനുള്ള മാര്‍ക്ക് തരണേ ടീച്ചര്‍.

വായിച്ചു തീര്‍ന്നപ്പോള്‍ വല്യമ്മയുടെ കണ്ണില്‍ നിന്നും വെള്ളം വന്നുപോയി. ഞാന്‍ വല്യമ്മയോട് പറഞ്ഞു എന്നാല്‍ പിന്നെ ഇത്തരം ഡയലോഗ് പഠിച്ചാപോരെ...

ങാ.. ഇന്നല്ലേ ഞാന്‍ കരഞ്ഞത് അന്ന് എല്ലാവര്ക്കും എന്നെ ഭയായിരുന്നു.ഞാന്‍ നല്ല പെടയും നല്‍കുമായിരുന്നു. വര്‍ഷാവസാനം മാത്രമേ ഇത്തരം സൃഷ്ടികള്‍ കിട്ടാറുള്ളൂ. പിള്ളേരുടെ ഓരോ തമാശകള്‍. രണ്ടുമാസം കഴിഞ്ഞാല്‍ തിരിച്ചു സ്ക്കൂളിലെത്തിയാല്‍ മറ്റു ടീച്ചറുമാരുമായി ഇതായിരിക്കും ചര്‍ച്ച. വിരുതന്മാരെ കണ്ടാല്‍ തനിയെ ചിരിയും വരും. പിന്നെ എന്താ ചെയ്കാ അല്ലേ...

" അപ്പോഴാണ്‌ പണ്ട് നമ്മുടെ ഇത്തരം കാര്യങ്ങള്‍ കണ്ടുപിടിച്ചു കാണില്ലേ എന്ന് തോന്നിയത്. ഇംഗ്ലിഷ് സെക്കണ്ട് പേപ്പറില്‍ പാരഗ്രാഫിനെ മൂന്നിലൊന്നായി ചുരുക്കാന്‍ ഉള്ളതും ഉണ്ടല്ലോ. അതൊക്കെ അവസാനത്തെക്ക് മാറ്റിവെക്കാറാണ് പതിവ് അവസാനം സമയവും കിട്ടില്ല. അപ്പോള്‍ ആദ്യത്തെ വരിയും അവസാനത്തെ വരിയും എഴുതി ഇടയ്ക്കു പ്രധാനപ്പെട്ടതു നടുക്ക് നിന്നെടുത്തെഴുതും ഒരുതരം കുലുക്കിക്കുത്ത്‌. ആയല്ലോ മൂന്നുവാചകം. ഇത് പറയുംബോളാണ് നാലിലോ അഞ്ചിലോ ആണെന്ന് തോന്നുന്നു. ഒരു മലയാളം മാഷ്‌ ഉണ്ടായിരുന്നു അന്ന്. എപ്പോഴും ചോദ്യം ചോദിക്കും ഇതു സമയത്തും. പദ്യം എടുത്തു കഴിഞ്ഞാല്‍ അടുത്ത ദിനം ക്ലാസ്സില്‍ പൂരപ്പറമ്പ് പോലെ ആയിരിക്കും.

ക്ലാസ്സിലെ പുറകിലെ ബഞ്ചിലെ ഒന്ന് രണ്ടുപേരുമായി നമ്മള്‍ രണ്ടുമൂന്നു പേര്‍ക്ക് അത്രനല്ല രസത്തിലല്ല കൊച്ചു കൊച്ചു വഴക്കുകള്‍. അന്ന് ടീച്ചര്‍ ചോദ്യം ചോദിച്ചപ്പോള്‍ കിട്ടിയില്ല. കാരണം മറ്റൊന്നുമല്ല പദ്യം പകുതിയേ പഠിച്ചിരുന്നുള്ളൂ. ടീച്ചര്‍ അടിച്ചപ്പോള്‍ ടീച്ചറെ ചീത്ത പറഞ്ഞു. അത് പുറകിലെ പിള്ളേര്‍ കേട്ട് ടീച്ചറോട് പറഞ്ഞു. അത് പിന്നീട് പൊല്ലാപ്പായി. ഇത് വല്യമ്മയോട് പറഞ്ഞു."

അപ്പോള്‍ വല്യമ്മ പറഞ്ഞു. അത് കൊള്ളാം. ടീച്ചറെ ചീത്ത പറയുകയാ. കഷ്ടം. അതൊക്കെ നോക്കുമ്പോള്‍ ഇവന്മാര്‍ വെറും പാവങ്ങള്‍.


കടപ്പാട് : ചിത്രം ഗൂഗിള്‍

Wednesday, January 18, 2012

നിങ്ങളിപ്പോള്‍ പരിധിക്കു പുറത്താണ് !!

നിങ്ങളിപ്പോള്‍ പരിധിക്കു പുറത്താണ്
മോബൈലില്‍നിന്നും ഉയര്‍ന്ന ശബ്ദം കേട്ട് ചുറ്റും
നോക്കിയപ്പോളറിഞ്ഞു പണ്ട് കണ്ടതും കേട്ടതും
അറിഞ്ഞതും നുണഞ്ഞതും
എല്ലാം പരിധിക്കു പുറത്താണ്

ചെറുപ്പത്തില്‍ കണ്ട സ്വപ്നങ്ങളും
നീന്തി തിമിര്‍ത്താടിയ കുളങ്ങളും
ഈണങ്ങളും നുണകളും പാട്ടുകളും
പാട്ടുകാരും രുചിയൂര്‍ന്ന കറികളും
എല്ലാമിപ്പോള്‍ പരിധിക്കു പുറത്താണ്

പഴയൊരു സഹപാഠിയെ നാളുകള്‍
ഏറെയായി പലവട്ടം വിളിക്കുന്നു
എന്നും പരിധിക്കു പുറത്താണ്
നാളുകള്‍ക്കൊടുവില്‍ ഒരുനാള്‍
ഒരു മറുമൊഴി സുഹൃത്തേ
നീ എപ്പോഴും പരിധിക്കു പുറത്താണല്ലോ

സുഹൃത്തും ഞാനും പരിധിക്കു പുറത്താണോ
എല്ലാമൊരുനാള്‍ പരിധിക്കു പുറത്താകും
ഞാനും നിങ്ങളും ഭൂമിയും ഈ പ്രപഞ്ചവും...

Wednesday, December 21, 2011

ക്രിസ്മസ് അപ്പൂപ്പനും ബ്ലോഗര്‍മാരും


ഓര്‍മ്മയിലെ ഒരു ക്രിസ്മസ്

അയാള്‍ തന്‍റെ വാച്ചില്‍ നോക്കി, മണി അഞ്ചാകുന്നു. രാവിലെ എത്തിയത് മുതല്‍ ഇരുന്നു തിരിയാന്‍ പറ്റാത്തത്ര ജോലിയായിരുന്നു. അവയൊക്കെ ഒരുവിധം തീര്‍ത്തു പേന പോക്കറ്റിലിറുക്കി വയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് സിനിമാടിക്കറ്റിന്‍റെ ഒരു ഭാഗം ശ്രദ്ധയില്‍ പെട്ടത്. അന്ന് രാവിലെ ഇറങ്ങാന്‍ നേരം ഭാര്യ പ്രത്യേകം പറഞ്ഞത് അയാള്‍ ഓര്‍ത്തു "

എന്നത്തേതും പോലെ ഇന്നും വൈകരുത് നാളെ ക്രിസ്തുമസാണ് ...ട്ടോ !!!" കഴിഞ്ഞ മൂന്ന് പ്രാവശ്യവും കുട്ടികളേയുമൊരുക്കി ഞാനുമൊരുങ്ങി കാത്തുകെട്ടി നിര്‍ത്തി, പിന്നെ പലതും പറഞ്ഞു അവര്‍ ഉറങ്ങുകയും ചെയ്യും, ഇന്നെങ്കിലും അവരെ നിരാശപ്പെടുത്തരുത്‌ കേട്ടോ...

ഓരോന്നോര്‍ത്തു കൊണ്ടു ഒരു സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നപോലെ ഒരു നിമിഷം. അയാള്‍ ധൃതിയില്‍ ഓഫീസില്‍ നിന്നിറങ്ങി സ്കൂട്ടര്‍ വീടിനെ ലകഷ്യമാക്കി വിട്ടു. ചിന്ത മുഴുവന്‍ ഭാര്യയേയും കുട്ടികളേയും കുറിച്ചായിരുന്നു. പെട്ടന്നായിരുന്നു അത് സംഭവിച്ചത് തന്‍റെ മുന്നിലൂടെ പോകുകയായിരുന്ന കാറും മുന്നില്‍ നിന്നും വരുന്ന ജീപ്പും ഭയാനക ശബ്ദത്തോടെ കൂട്ടിയിടിച്ചത്, അയാള്‍ സ്കൂട്ടര്‍ നിര്‍ത്തി. ഒരു നിമിഷം അയാള്‍ തരിച്ചു നിന്നുപോയി. മുന്നിലും പിറകിലും നോക്കി ആരേയും കാണാനില്ല സ്കൂട്ടര്‍ റോഡിനു ഒരുവശത്തൂടെ ചേര്‍ന്ന് ഓടിച്ചുപോയി. ആ സമയം അയാള്‍ക്ക്‌ എന്തെന്നില്ലാത്ത പരിഭ്രമവും വിറയലും അനുഭവപ്പെട്ടു. സ്വന്തം മനസ്സാക്ഷിയോട്‌ തെറ്റുചെയ്യുന്നപോലെ കൈയ്യൊക്കെ വിറയ്ക്കുന്നപോലെ തോന്നി.

ഭാര്യയേയും കുട്ടികളേയും കൂട്ടി തിരിച്ചുവരുമ്പോള്‍ അവിടെ ഒരു വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു. ഒരു ആംബുലന്‍സ് സംഭവ സ്ഥലത്ത് നിന്നും ചീറിപ്പാഞ്ഞു. അപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ പറയുന്നത് അയാള്‍ക്ക്‌ കേള്‍ക്കാമായിരുന്നു " ആ സമയത്ത് ആരെങ്കിലും കണ്ടിരുന്നെങ്കില്‍ മൂന്നു നാല് പേരുടെയെങ്കിലും ജീവന്‍ രക്ഷപെട്ടേനെ... വിധിയുടെ കോപ്രായം അല്ലാതെന്തു പറയാന്‍ "....

സ്ക്രീനില്‍ നായികാനായകന്മാരുടെ പലതരം ഗോഷ്ടികളും ചേഷ്ടകളും കണ്ടു കാണികളും കൂടെ ഭാര്യയും കുട്ടികളും ചിരിച്ചാസ്വദിക്കുമ്പോഴും അയാളുടെ മനസ്സില്‍ നേരില്‍ കണ്ട ആ ദാരുണമായ കാഴ്ചയുടെ ദൃശ്യങ്ങള്‍ മാറിമാറി വന്നു കൊണ്ടിരുന്നു. കൂടെ കുറ്റബോധവും. ഒരു വിധം സിനിമ കണ്ടു തീര്‍ത്തു തിരിച്ചുവരുമ്പോള്‍ കണ്ടാസ്വദിച്ച തമാശകളേയും രംഗങ്ങളെയും കുറിച്ചായിരുന്നു ഭാര്യയും, കുട്ടികളും അവരുടെ ചോദ്യങ്ങളെ ഓരോ മൂളലിലൂടെ അവസാനിപ്പിച്ചു.

പിറ്റേന്നു രാവിലെ പെട്ടെന്ന് എത്താമെന്ന് പറഞ്ഞ് അടുത്ത ആശുപത്രീലേക്ക് സ്കൂട്ടറില്‍ വിട്ടു . അന്വേഷകൌണ്ടറില്‍ ചെന്ന് തിരക്കിയപ്പോള്‍ അവരെ അവിടെ തന്നെയാണ് അഡ്മിറ്റ്‌ ചെയ്തിരിക്കുന്നത്. അവര്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരം വാര്‍ഡില്‍ ചെന്ന് അപകടം സംഭാവിച്ചവരേയും ബന്ധുക്കളെയും ആശ്വസിപ്പിക്കുകയും അവരുടെ കൂടെ നിന്ന് കൊണ്ട് അവരുടെ കാര്യങ്ങളില്‍ വ്യാപൃതനായി. സമയം തീരെ വൈകി. മൊബൈലില്‍ നോക്കിയപ്പോഴാണ് ഭാര്യയുടെ പത്തുപന്ത്രണ്ടു മിസ്സ്ഡ് കോള്‍സ് ഉണ്ടായിരുന്നു . തിരക്കിനിടെ അറിഞ്ഞതേയില്ല അയാള്‍ ....

തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും വളരെ വൈകിയിരുന്നു. ഭാര്യയും മക്കളും അച്ഛനെ കാത്തു വഴിയേ നോക്കിയിരിക്കുന്നു. ഭാര്യയുടെ മുഖം ചുകന്നു തക്കാളി പോലിരിക്കുന്നു. അയാള്‍ ഭാര്യയെ വിളിച്ചു വീട്ടിനുള്ളില്‍ കയറി കഴിഞ്ഞ സംഭവങ്ങള്‍ എല്ലാം പറഞ്ഞു. അത് കേട്ടപ്പോള്‍ ഭാര്യയുടെ അതുവരെയുള്ള ദേഷ്യം പറന്നകന്നു. കൂടെ ഭര്‍ത്താവിനോട്‌ എന്തെന്നില്ലാത്ത ഭാഹുമാനവും തോന്നി. അയാള്‍ക്ക്‌ അതുവരെ കൊണ്ട് നടന്നിരുന്ന സങ്കടങ്ങളും, വിഷമങ്ങളും ഒരു നിമിഷം കൊണ്ട് ഇല്ലാതായ, കൂടെ തനിക്കു ഇത്ര യൊക്കെ ചെയ്യാന്‍ സാധിച്ചല്ലോ എന്ന മനസ്സന്തോഷവും.

ഭാര്യയോടും കുട്ടികളോടുമൊപ്പം ഉണ്ണിയേശുവിന്‍റെ പുല്‍ക്കൂടാരവും ഒരുകൂട്ടം നക്ഷത്രങ്ങളും ഒരുക്കി. ക്രിസ്തുമസ് ട്രീയില്‍ വൈദ്യുത അലങ്കാരങ്ങള്‍ പല വര്‍ണ്ണങ്ങളുള്ള പ്രഭാപൂര്‍ണ്ണമായ വെളിച്ചങ്ങളും കൊണ്ട് അലങ്കരിച്ചു. ക്രിസ്തുമസ് അപ്പൂപ്പനെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.

സന്തോഷത്തോടെ... അപ്പോഴേക്കും ദൂരെ നിന്നും ആര്‍പ്പുവിളികള്‍ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു കൂടെ സംഗീതവും ....

കുരിശിന്‍ പിന്നാലെ ഈശ്വരാ ...രാജാധി രാജനു കര്‍ത്താവേ നീ പരിശുദ്ധന്‍
അല്ലെല്ലുയാ ...... അല്ലെല്ലുയാ ..... അല്ലെല്ലുയാ

.... ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു ....